കൊടും തണുപ്പിന്റെ പിടിയിൽ നീലഗിരി; താപനില പൂജ്യം ഡിഗ്രിയിൽ
കൊടും തണുപ്പിന്റെ പിടിയിൽ അകപ്പെട്ട നീലഗിരിയിൽ ഞായറാഴ്ച താപനില പൂജ്യം ഡിഗ്രി രേഖപ്പെടുത്തി. നീലഗിരി ജില്ലയിലെ തലൈ കുന്ദ ഗ്രാമത്തിലാണ് താപനില പൂജ്യം ഡിഗ്രിയിൽ എത്തിയത്. തലൈ കുന്ദ ഗ്രാമത്തിൽ താപനില പൂജ്യം ഡിഗ്രിയിൽ എത്തിയതോടെ ജനജീവിതം ദുസഹമായി. കഠിനമായ തണുപ്പിനെ തുടർന്ന് ആളുകൾ വീടിനുള്ളിൽ തന്നെ കഴിയുകയാണ്.
ഊട്ടി നഗർ, താളിക്കുണ്ട, എച്ച്‌പിഎഫ്, കന്തൽ, ഫിംഗർപോസ്റ്റ് എന്നിവയുൾപ്പെടെ പ്രധാന ഹിൽ സ്റ്റേഷന്റെ വിവിധ പ്രദേശങ്ങളിലും മഞ്ഞ് വീഴ്ചയുണ്ട്. വാഹനങ്ങളിൽ മഞ്ഞ് വീഴ്ച ഉണ്ടായതിനാൽ വാഹനം സ്റ്റാർട്ട് ചെയ്യാൻ പോലും ആളുകൾക്ക് ബുദ്ധിമുട്ടുണ്ടായി. അവിടുത്തെ പ്രാദേശിക കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ച് കഴിഞ്ഞ ഒരാഴ്ചയായി പകലും രാത്രിയും താപനിലയിൽ ശ്രദ്ധേയമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുന്നുണ്ട്.
അതേസമയം ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന ഹിൽ സ്റ്റേഷനുകളിൽ ഒന്നായ ഊട്ടിയിൽ ഏറ്റവും കുറഞ്ഞ താപനില ഞായറാഴ്ച രേഖപ്പെടുത്തിയത് 7.5 ഡിഗ്രി സെൽഷ്യസ് ആണ്.മഞ്ഞ് വീണ് വെള്ളപുതച്ച് കിടക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കുതിരപന്തയ മൈതാനം, റെയില്‍വേ സ്റ്റേഷന്‍, തലകുന്താ, ഷൂട്ടിങ് പോയിന്റ് എന്നിവിടങ്ങളിലെ പുല്‍മൈതാനങ്ങളിലെ കാഴ്ച അതിമനോഹരമാണ്. അവധിക്കാലം ആയതിനാൽ തന്നെ മഞ്ഞുവീഴ്ച ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.