വിക്ഷേപിച്ച് മിനിറ്റുകൾക്കകം സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു ; ഒരുപാട് പഠിച്ചെന്ന് മസ്ക്

ഏറ്റവും കരുത്തൻ റോക്കറ്റ് എന്ന വിശേഷണവുമായി കുതിച്ച് പൊങ്ങിയ സ്പേസ്എക്സിന്റെ സ്റ്റാർഷിപ്പ് വിക്ഷേപിച്ച് മൂന്നാം മിനിറ്റിൽ പൊട്ടിത്തെറിച്ചു. ടെക്സസിലെ ബോക്ക ചിക്കയിലുള്ള സ്പേസ് എക്സ് ആസ്ഥാനത്തെ സ്റ്റാർഷിപ് റോക്കറ്റുകൾക്കായുള്ള സ്റ്റാർബേസിൽനിന്ന് വിക്ഷേപിച്ച് മൂന്ന് മിനിറ്റിനു ശേഷം ആയിരുന്നു സ്റ്റാർഷിപ്പിന്റെ പൊട്ടിത്തെറി. വിക്ഷേപണം വിജയിച്ചാൽ ബഹിരാകാശ ചരിത്രത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിക്കാൻ സ്റ്റാർഷിപ്പിന് കഴിയുമെന്ന വിശ്വാസം ശക്തമാവുകയായിരുന്നു.

എന്നാൽ റോക്കറ്റ് പരാജയപ്പെട്ടതോടെ താൽക്കാലികമായിട്ടെങ്കിലും മസ്കും സ്പേസ്എക്സും തിരിച്ചടി നേരിട്ടിരിക്കുകയാണ്. സ്റ്റാർഷിപ്പ് പേടകവും സൂപ്പർഹെവി എന്ന റോക്കറ്റും അടങ്ങുന്നതാണ് സ്റ്റാർഷിപ്പ്. ഈ രണ്ട് ഘടകങ്ങളും വെവ്വേറെ പരീക്ഷിച്ചിട്ടുണ്ടെങ്കിലും രണ്ടും ചേർന്നുള്ള സമ്പൂർണ്ണ സ്റ്റാർഷിപ്പിന്റെ ആദ്യ പരീക്ഷണമായിരുന്നു ഇത്. ഓർബിറ്റൽ ലോഞ്ച് പാഡിൽ നിന്ന് സ്റ്റാർഷിപ്പ് വിജയകരമായി ഉയർത്തി, മെക്സിക്കോ ഉൾക്കടലിന് മുകളിലൂടെ 39 കിലോമീറ്റർ ഉയരത്തിൽ കയറുകയും ചെയ്തു.

കുതിച്ചുയർന്നശേഷം സ്റ്റാർഷിപ്പ് പേടകം മൂന്നാം മിനിറ്റിൽ റോക്കറ്റിൽനിന്ന് വേർപ്പെടുകയും സൂപ്പർ ഹെവി റോക്കറ്റ് മെക്‌സിക്കൻ തീരത്ത് കടലിൽ പതിക്കുകയും പേടകം ഭ്രമണപഥത്തിലെത്തി, രണ്ട് മണിക്കൂറിന് ശേഷം പസഫിക് സമുദ്രത്തിൽ പതിക്കുകയും ചെയ്യുന്ന വിധത്തിലാണ് പരീക്ഷണം നിശ്ചയിച്ചിരുന്നത്. എന്നാൽ വിക്ഷേപിച്ച് മൂന്നാം മിനിറ്റിൽ പേടകം റോക്കറ്റിൽനിന്ന് വേർപ്പെട്ടില്ല.
തുടർന്ന് ലക്ഷ്യംതെറ്റിയ റോക്കറ്റ് ഒന്നാകെ കത്തിയമരുകയായിരുന്നു. ആദ്യ പരീക്ഷണ വിക്ഷേപണമായതിനാൽ ബഹിരാകാശ സഞ്ചാരികൾ ഉണ്ടായിരുന്നില്ല. നേരത്തെ സ്റ്റാർഷിപ്പ് വിക്ഷേപണം ഈ മാസം 17 ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക തടസം മൂലം അ‌വസാന നിമിഷം വിക്ഷേപണം 20 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

Liftoff of Starship! pic.twitter.com/4t8mRP37Gp — SpaceX (@SpaceX) April 20, 2023

വിക്ഷേപണത്തിൽ എവിടെയാണ് പിഴവ് സംഭവിച്ചത് എന്ന് സ്പേസ്എക്സ് വിലയിരുത്തി വരികയാണ്. ഈ പിഴവുകൾ അ‌ടുത്ത വിക്ഷേപണത്തിൽ പരിഹരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. ഇത്തരം പിഴവുകളിൽനിന്ന് ലഭിക്കുന്ന പാഠങ്ങളാണ് ഭാവിയിൽ വിജയത്തിലേക്ക് നയിക്കുന്നതെന്നും അ‌തിനാൽത്തന്നെ ഡാറ്റ അ‌വലോകനം ചെയ്ത് അ‌ടുത്ത ലോഞ്ചിനായി തയാറെടുക്കുമെന്നും സ്പേസ്എക്സ് അ‌റിയിച്ചു. വിക്ഷേപണം പരാജയപ്പെട്ടെങ്കിലും സ്റ്റാർഷിപ്പിന്റെ ആവേശകരമായ പരീക്ഷണ വിക്ഷേപണത്തിന് പിന്നിൽ പ്രവർത്തിച്ച സ്പേസ്എക്സ് ടീമിനെ അഭിനന്ദിക്കുന്നതായി ഇലോൺ മസ്ക് ട്വിറ്ററിലൂടെ അ‌റിയിച്ചു.

ഏതാനും മാസങ്ങൾക്കുള്ളിൽ സ്റ്റാർഷിപ്പിന്റെ അ‌ടുത്ത വിക്ഷേപണം ഉണ്ടാകുമെന്നും ഈ പരീക്ഷണത്തിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചതായും ഇലോൺ മസ്ക് ട്വീറ്റിലൂടെ വ്യക്തമാക്കി. സ്റ്റാർഷിപ്പിന്റെ ആദ്യ വിക്ഷേപണം പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മസ്ക് വ്യക്തമാക്കിയിരുന്നു. ദൗത്യം പരാജയപ്പെട്ടെങ്കിലും അ‌തിശക്തമായൊരു റോക്കറ്റിനായുള്ള പരീക്ഷണങ്ങൾ തുടരാൻ തന്നെയാണ് സ്പേസ്എക്സിന്റെ തീരുമാനം. സ്റ്റാർഷിപ്പ് പരീക്ഷണം വിജയകരമായിരുന്നു എങ്കിൽ അ‌ത് ബഹിരാകാശ ഗവേഷണരംഗത്ത് വൻ വിപ്ലവം തന്നെ സൃഷ്ടിക്കുമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

Share this post

Leave a Comment