തീരം വിട്ട് മത്തി; കാരണമെന്ത് അറിയാം
തീരം വിട്ട മത്തി റെക്കോർഡിൽ മുത്തമിടാനുള്ള ഓട്ടത്തിലാണ്. കിലോയ്‌ക്ക് 100 രൂപ ഉണ്ടായിരുന്ന മത്തി ഇപ്പോൾ 400 ൽ എത്തി നിൽക്കുന്നു. എന്താണ് മത്തിയുടെ ലഭ്യത കുറയാൻ കാരണം? മത്തിക്ക് ജീവിക്കാൻ പറ്റുന്ന ചൂട് 26-27 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ കേരളത്തിന്റെ തീരക്കടലിലെ ചൂട് കഴിഞ്ഞ വേനൽ കാലത്ത് പലപ്പോഴും 28-32 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. ചൂടു പലപ്പോഴും മുപ്പത്തിരണ്ട് വരെ എത്തുന്നതിനാൽ മത്തികൾ തീരക്കടലിൽ മുട്ടയിട്ട ശേഷം ആഴക്കടലിലേക്ക് തിരികെ പോവുന്നു.
ഇവിടെ തുടരുന്ന മത്തികൾ ഭക്ഷണം കിട്ടാതെ വലുപ്പം കുറഞ്ഞു ചെറുതാകുന്നു. 2015ൽ 58 തരം മീനുകളുടെ മിനിമം ലീഗൽ സൈസ് നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് മത്തിക്ക് വേണ്ടത് 10 സെന്റിമീറ്ററും അയലയ്ക്ക് 15 സെന്റിമീറ്ററും ആണ്. ട്രോളിങ് നിരോധനത്തിനു ശേഷം കടലിൽ പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാഴികൾക്ക് ലഭിക്കുന്ന മത്തികൾ ഏഴും എട്ടും സെന്റിമീറ്റർ വലുപ്പമേ ഉണ്ടാകാറുള്ളൂ. ഇത്തരത്തിൽ ലഭിക്കുന്ന ചെറിയ മത്തികൾ ഭൂരിഭാഗവും തമിഴ്നാട്ടിലേക്കടക്കം കോഴിത്തീറ്റയ്ക്കും മറ്റുമായി കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്.
വൈപ്പിൻ ഹാർബറിൽ ചെറിയ അയല -280, വലിയ അയല -400, മത്തി -(പൊന്നാനി -350), മത്തി (തമിഴ്നാട് -290,300) എന്ന വിലയിലാണ് ശനിയാഴ്ചത്തെ കച്ചവടം നടന്നിരുന്നത്. ഒരുമാസത്തിനിടെ കിലോയിൽ 150 രൂപയുടെ വരെ വർദ്ധനയാണ് മീൻ വിലയിൽ ഉണ്ടായിട്ടുള്ളത്.
തീരം വിട്ട് മത്തി
മീനുകളുടെ ലഭ്യതക്കുറവ് ഏറെക്കാലമായി കേരളത്തിലെ തീരക്കടലിൽ സംഭവിക്കുന്നു. 2012ൽ ആകെ 8.32 ലക്ഷം ടൺ മത്സ്യമാണ് കേരളത്തിൽ ലഭിച്ചിട്ടുള്ളത്. ഇതിൽ 3.92 ലക്ഷം ടൺ ആയിരുന്നു മത്തിയുടെ അളവ്. 2021ൽ ലഭിച്ച മത്തി 3297 ടൺ. 2022ൽ കാര്യങ്ങൾ കുറച്ചു മെച്ചപ്പെട്ട് 1.10 ലക്ഷം ടൺ മത്തി ആ വർഷം കേരളത്തിൽ ലഭിച്ചിരുന്നു. 2023ൽ കുറച്ചു മെച്ചപ്പെട്ട് 1.38 ലക്ഷം ടൺ ലഭിച്ചു. 2024 നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് മത്തി, അയല പോലുള്ള മീനുകളുടെ ലഭ്യതയിൽ വലിയ കുറവ് വരും. മത്തിയുടെ ലഭ്യതയെ പ്രധാനമായി സ്വാധീനിക്കുന്നത് എൽനിനോ-ലാനിനാ പ്രതിഭാസമാണെന്ന് സിഎംഎഫ്ആർഐ അടുത്തിടെ കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം മത്തിയുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും സിഎംഎഫ്ആർഐ മുന്നറിയിപ്പ് നൽകി. ഇപ്പോൾ നിലനിൽക്കുന്ന മത്തിക്ഷാമം സിഎംഎഫ്ആർഐയുടെ കണ്ടെത്തലുകളെ ശരിവെക്കുന്നതാണ്.
ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങൾ പോലും മത്തിയുടെ വളർച്ചയെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഗവേഷകർ . സിഎംഎഫ്ആർഐയുടെ കണക്ക് പ്രകാരം മത്തിയുടെ ലഭ്യതയിൽ കഴിഞ്ഞ വർഷം കേരളത്തിൽ 39 ശതമാനമാണ് കുറവുണ്ടായത്.
മത്സ്യബന്ധന മേഖലയിലെ ഭൂരിഭാഗം മനുഷ്യരും ഉപജീവനത്തിന് ആശ്രയിക്കുന്ന പ്രധാന മത്സ്യങ്ങളിൽ ഒന്നാണ് മത്തി. ഇതിന്റെ ലഭ്യത കുറയുന്നത് വലിയ തോതിലുള്ള പ്രത്യാഘാതങ്ങളാണ് അവരുടെ ജീവിതത്തിൽ ഉണ്ടാക്കുക. ട്രോളിങ് നിരോധന കാലം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വലിയ അളവിൽ മത്സ്യം ലഭിക്കുന്ന കാലയളവാണ്. ഇത്തവണ കാര്യങ്ങൾ അങ്ങനെയല്ല. ഇതിന് പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനവും തീരക്കടൽ അമിതമായി ചൂടാകുന്നതും ആണ് . മത്തി അഥവാ ചാള, അയല, നത്തോലി, വറ്റ ഇവ കേരള തീരത്തു നിന്ന് അപ്രത്യക്ഷമായെന്ന് മുനമ്പത്തെയും വൈപ്പിനിലേയും മത്സ്യത്തൊഴിലാളികൾ.
ഒരു തവണ കടലിൽ പോയി വരണമെങ്കിൽ കുറഞ്ഞത് 30,000 രൂപയാണ് ചെലവ് വരുക. മണ്ണെണ്ണെ കിട്ടാക്കനിയാണ്. കാര്യമായ സബ്സിഡിയും ഇല്ല. കൂടാതെ ഈ മേഖലയിലെ വിദഗ്ധർ പറയുന്നത് മീനുകൾക്ക് വളരാൻ ആവശ്യമായ സാഹചര്യമില്ല എന്നതാണ്.
അറിയാം മത്തിയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാം എന്ന്
ചുരുക്കം ചില സസ്യങ്ങളിലും സമുദ്ര ജീവികളിലും മാത്രം കാണപ്പെടുന്ന എണ്ണമറ്റ ആരോഗ്യഗുണങ്ങൾ നൽകുന്ന ഒരു ഭക്ഷ്യ പോഷക സ്രോതസാണ് ഒമേഗ-3 ഫാറ്റി ആസിഡുകൾ ഇവ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള മത്സ്യങ്ങളിൽ ഒന്നാണ് മത്തി. ഒമേഗ കൂടാതെ പ്രോട്ടീൻ, വിറ്റാമിനുകൾ, സെലിനിയം, കാൽസ്യം എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഇവ.
ഒമേഗ -3 ഫാറ്റി ആസിഡുകൾ ശാരീരിക കോശ സ്തരങ്ങളുടെ നിർമ്മാണത്തിന് അവശ്യ ഘടകമാണ്. ഒരു വ്യക്തിക്ക് ഈ ഫാറ്റി ആസിഡുകൾ ഭക്ഷണത്തിൽ നിന്ന് കൃത്യമായ അളവിൽ ലഭിക്കേണ്ടത് ആവശ്യമാണ് . കാരണം മനുഷ്യ ശരീരത്തിന് അവ സ്വയം നിർമ്മിക്കാൻ കഴിയില്ല. പ്രധാനമായും മൂന്ന് തരം ഒമേഗ -3 ഫാറ്റി ആസിഡുകൾ ആണ് ഉള്ളത്. അവയിൽ രണ്ടെണ്ണം മത്തി ഉൾപ്പെടെയുള്ള മത്സ്യത്തിൽ കാണപ്പെടുന്നു. ഇത് ശരീരത്തിന് നൽകുന്ന ഐക്കോസപെന്റേനോയിക് ആസിഡ് എന്നറിയപ്പെടുന്ന EPI കണ്ണുകൾ, തലച്ചോറ്, ഹൃദയം എന്നിവയുൾപ്പെടെ മനുഷ്യ ശരീരത്തിന്റെ പല ശരീരഭാഗങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) പറയുന്നത് അനുസരിച്ച് ഒമേഗ-3 ഫാറ്റി ആസിഡുകൾ ശരീരത്തിന് കൃത്യമായി ലഭിക്കുന്നത് വഴി ക്യാൻസർ അടക്കമുള്ള രോഗങ്ങളുടെ സാധ്യതകൾ ഒരു പരിധിവരെ ലഘൂകരിക്കുന്നതിന് ഗുണം ചെയ്യും. അൽഷിമേഴ്‌സ് രോഗം, ഡിമെൻഷ്യ, പ്രായാധിക്യവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ എല്ലാം തടയുന്നതിന് ഇത് വഴിയൊരുക്കും. ഇതിൻറെ സപ്ലിമെന്റുകൾ കഴിക്കുന്നതുവഴി വിഷാദത്തിന്റെ ലക്ഷണങ്ങളെ വരെ നിയന്ത്രിച്ചുനിർത്താൻ ഫലപ്രദമാണെന്ന് പറയുന്നു.
photo credit ; mathrubhoomi online
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.