വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കാൻ പുരപ്പുറത്ത് വീഴുന്ന മഴവെള്ളം സംഭരിക്കാം
ഡോ. സുഭാഷ് ചന്ദ്രബോസ്
ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ജലക്ഷാമം അനുഭവിക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് കേരളം. വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കാൻ നാം വിചാരിച്ചാൽ സാധിക്കും. കേരളത്തിലെ ഏറ്റവും ജലസ്രോതസ്സ് മഴയാണ്. ഒരു ഹെക്ടര്‍ ഭൂമിയില്‍ ഒരുകോടി അറുപതുലക്ഷം ലിറ്റര്‍ മഴ വര്‍ഷംതോറും പെയ്തുവീഴുന്നു. പത്ത് സെന്റ് വയൽ ഒരു ലക്ഷത്തി അറുപതിനായിരം ലിറ്റര്‍ മഴയെ ഉള്‍ക്കൊള്ളുന്നതാണ് . അതുപോലെതന്നെ ആയിരം ചതുരശ്രടി വിസ്തീര്‍ണ്ണമുള്ള ഒരു പുരപ്പുറത്തുനിന്നും മൂന്നു ലക്ഷം മുതല്‍ അഞ്ച് ലക്ഷം ലിറ്റര്‍വരെ മഴ വെള്ളം വര്‍ഷംതോറും ശേഖരിക്കാവുന്നതാണ്.
ഇങ്ങനെ മഴവെള്ളം ശേഖരിക്കുന്നതിന് ‘മഴക്കൊഴുത്ത്’ എന്നൊരു ഒരു പ്രയോഗം കൂടെയുണ്ട്. കാടും കാവും വയലും കുളവും കിണറും നദിയുമെല്ലാം ധാരാളം മഴവെള്ളത്തെ ദീര്‍ഘകാലം കരുതിവയ്ക്കും.
മഴവെള്ള സംഭരണത്തെ പ്രധാനമായി രണ്ടു വിഭാഗങ്ങളിലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേല്‍ക്കൂര മഴവെള്ള സംഭരണവും, ഭൂതല മഴവെള്ള സംഭരണവും
എന്താണ് മേൽക്കൂര മഴവെള്ള സംഭരണം
പൂരപ്പുറങ്ങളില്‍ പതിക്കുന്ന മഴവെള്ളത്തെ പൈപ്പുകള്‍, ഓടിട്ട കെട്ടിടങ്ങളില്‍ ഉപയോഗിക്കുന്ന പാത്തികള്‍ എന്നിവയുടെ സഹായത്താല്‍ നേരിട്ട് സംഭരിക്കുന്ന രീതിയെ മേല്‍ക്കൂര മഴവെള്ള സംഭരണം എന്നാണ് പറയുക. കേരളത്തിൽ ഈ മേൽക്കൂര മഴവെള്ള സംഭരണത്തിന് സാധ്യതകൾ ഏറെയാണ്. കേരളത്തിൽ സാമാന്യം മഴ ലഭിക്കും എന്നുള്ളതും നിരവധി കെട്ടിടങ്ങൾ ഉള്ളതും മേൽക്കൂര മഴവെള്ള സംഭരണത്തിന് കൂടുതൽ സാധ്യതകൾ നൽകുന്നു.
എങ്ങനെ മഴവെള്ളം സംഭരിക്കും
ടെറസു വീടുകളിലെ പുരപ്പുറങ്ങളില്‍ നിന്നും താഴേക്ക് മഴവെള്ളം എത്തിക്കുവാന്‍ പൈപ്പുകള്‍ ഉണ്ടാകും. ഓടിട്ടതും ചരിഞ്ഞതുമായ മേല്‍ക്കൂരയുള്ള കെട്ടിടങ്ങളില്‍ പാത്തികള്‍ ആണ് ഘടിപ്പിക്കേണ്ടത്. പി.വി.സി. മഴപാത്തികള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. അതോടൊപ്പം മുള, തകിട്, സ്റ്റീല്‍ എന്നിവയും പാത്തികളായി ഉപയോഗിക്കാവുന്നതാണ്. പൈപ്പുകള്‍, പാത്തികള്‍ എന്നിവയിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളത്തെ ഫില്‍റ്റര്‍ സംവിധാനത്തിലൂടെ ശുദ്ധീകരിക്കാവുന്നതാണ്. മുക്കാല്‍ ഇഞ്ച് മെറ്റല്‍, ചിരട്ടക്കരി, മണല്‍ എന്നിവയാണ് ഫില്‍ട്ടര്‍ മീഡിയയായി ഉപയോഗിക്കുന്നത്. നൂറു മുതല്‍ അഞ്ഞൂറു ലിറ്റര്‍ വരെ വെള്ളം ഉള്‍ക്കൊള്ളുന്ന ഫൈബര്‍ ടാങ്കുകള്‍, വലിയ തൊട്ടികള്‍, ബക്കറ്റുകള്‍, സിമന്റ് ടാങ്കുകള്‍, റിംഗുകള്‍ തുടങ്ങി ഏത് രീതിയില്‍ വേണമെങ്കിലും ഫില്‍റ്റര്‍ സംവിധാനം തയ്യാറാക്കുന്ന ടാങ്കുകളില്‍ ശേഖരിക്കാവുന്നതാണ്.
മഴടാങ്കുകള്‍ പൂര്‍ണ്ണമായും ഭൂമിയിലെ തറനിരപ്പിന് മുകളിലോ, ഭൂമിക്കടിയിലോ നിര്‍മ്മിക്കാവുന്നതാണ്. അതുപോലെ ഭാഗികമായി തറനിരപ്പിന് താഴെയും മുകളിലുമായും ടാങ്കുകള്‍ നിര്‍മ്മിക്കാറുണ്ട്.
ടാങ്ക് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്
തറനിരപ്പിനുമുകളിലുള്ളവയില്‍ നിന്നും വെള്ളം എടുക്കുവാന്‍ ടാങ്കിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് എടുക്കാവുന്നതാണ്. ടെറസു കെട്ടിടങ്ങളില്‍ വേണമെങ്കില്‍ ശേഖരിക്കപ്പെടുന്ന മഴവെള്ളത്തെ വീണ്ടും ടെറസില്‍ വയ്ക്കുന്ന ഫൈബര്‍ ടാങ്കുകളില്‍ പമ്പ് ചെയ്ത് നിറക്കുവാനും കഴിയും. തുടര്‍ന്ന് കെട്ടിടങ്ങളില്‍ മഴവെള്ളം ഉപയോഗിക്കാവുന്നതാണ്. ചിത്തന്‍മെഷ്, വെല്‍ഡ് മെഷ്, സിമന്റ്, മണല്‍ എന്നിവ ഉപയോഗിച്ചുള്ള ഫെറോസിമന്റ് സാങ്കേതിക രീതിയില്‍ മഴവെള്ള ടാങ്കുകള്‍ നിര്‍മ്മിച്ചാല്‍ ചിലവും കുറവായിരിക്കും. അഞ്ചംഗ കുടുംബത്തിന് ഒരു ദിവസം ഒരാളിന് ഇരുപത് ലിറ്റര്‍ എന്ന കണക്കില്‍ നൂറുലിറ്റര്‍ മഴവെള്ളമാണ്. കുടിവെള്ളമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി കണക്കാക്കിയിട്ടുള്ളത്. നൂറുദിവസം വേനല്‍ക്കാലമുണ്ടാകാം എന്ന് കണക്കാക്കി ഒരു ദിവസത്തേക്ക് നൂറുലിറ്റര്‍ വെള്ളം ക്രമത്തില്‍ പതിനായിരം ലിറ്റര്‍ മഴവെള്ളമുള്‍ക്കൊള്ളുന്ന ടാങ്കാണ് സാധാരണ വേണ്ടത്.
കൂടുതല്‍ ജലം ആവശ്യമുണ്ടെങ്കില്‍ ടാങ്കിന്റെ ശേഷി കൂടിയതായിരിക്കണം. ഒരു ലിറ്ററിന് അഞ്ചുമുതല്‍ ആറു രൂപവരെയാണ് നിര്‍മ്മാണ ചെലവായി കണക്കാക്കിയിട്ടുള്ളത്. ഫെറോസിമന്റ് സാങ്കേതിക രിതിയിലാണ് ഈ തുക കണക്കാക്കിയിട്ടുള്ളത്. നിര്‍മ്മാണ ചിലവ് ഒരു പ്രാവശ്യം എടുക്കേണ്ടി വന്നാലും മഴക്കാലങ്ങളിലുള്‍പ്പെടെ ധാരാളം വെള്ളം മഴടാങ്കുകളിലൂടെ ശേഖരിക്കാവുന്നതാണ്. ദീര്‍ഘകാലത്തില്‍ ലിറ്ററിന്റെ കണക്ക് നോക്കുമ്പോള്‍ നല്ല ലാഭമാണ്. സ്ഥലപരിമിതി ഒരു പ്രശ്‌നമല്ല.
കാര്‍ഷെഡിന്റെ അടിവശം, പൂന്തോട്ടത്തിന്റെ ഉള്‍ഭാഗം, വീടുകളിലെ റൂമുകള്‍ക്ക് ഉള്‍വശം എന്നിവിടങ്ങളില്‍ മഴവെള്ളം സംഭരിച്ചുപയോഗിക്കുന്നുണ്ട്. പള്ളിയുടെ പ്രാര്‍ത്ഥനാ ഹാള്‍,സ്‌കൂള്‍ അസംബ്ലി ഗ്രൗണ്ട് എന്നിവയിലൂടെ അടിവശത്തും മഴടാങ്കുകള്‍ പണിതിട്ടുള്ള സ്ഥലങ്ങളുണ്ട്. ടാങ്കുകളിലെ ഓവര്‍ഫ്‌ളോ പൈപ്പിലൂടെ പുറത്തേക്ക് വരുന്ന മഴവെള്ളത്തെ കിണറുകളിലും മണ്ണിലും കടത്തിവിടാവുന്നതാണ്. മേല്‍ക്കൂര പൈപ്പുകള്‍, പാത്തികള്‍, ഫില്‍റ്റര്‍ യൂണിറ്റ്, മഴടാങ്ക്, ഫസ്റ്റ് ഫ്‌ളഷ് പൈപ്പ് ഓവര്‍ഫ്‌ളോ പൈപ്പ് എന്നിവയാണ് പ്രധാന ഘടകങ്ങള്‍.
മഴവെള്ളത്തെ മണ്ണിലും വിവിധ ജലസ്രോതസുകളിലും ശേഖരിക്കുന്നതാണ് രണ്ടാമത്തെ രീതി. കേരളത്തില്‍ ഒരു കോടിയോളം തുറന്ന കിണറുകളുണ്ട്. കെട്ടിടങ്ങളും കിണറുകളും ധാരാളമുള്ളതുകൊണ്ട് മഴവെള്ളമുപയോഗിച്ചുള്ള കിണര്‍ നിറ മറ്റൊരു വലിയ സാധ്യതയാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണമായും കിണര്‍ നിറ ചെയ്യാവുന്നതാണ്. ശരാശരി പതിനായിരം രൂപകൊണ്ട് കിണര്‍ നിറക്കാവശ്യമായ ഘടകങ്ങള്‍ ചെയ്യാവുന്നതാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ സബ്‌സിഡി ലഭ്യമാണ്. കിണറുകള്‍ക്കു സമീപം അഞ്ചു മുതല്‍ പത്ത് മീറ്റര്‍ വരെ മാറി ഒരു മീറ്റര്‍ വിസ്തൃതിയില്‍ കുഴിയെടുത്തശേഷം മഴവെള്ളത്തെ പുരപ്പുറങ്ങളില്‍ നിന്നും കുഴിയില്‍ നിറക്കാവുന്നതാണ്. മഴവെള്ളം മണ്ണിലൂടെ ഊര്‍ന്നിറങ്ങി കിണറുകളിലെ ജലനിരപ്പ് വര്‍ദ്ധിപ്പിക്കുന്നതാണ്.
പറമ്പുകളില്‍ വീഴുന്ന മഴ വെള്ളത്തെ വിവിധ രൂപത്തില്‍ മണ്ണില്‍ താഴ്ത്തുന്നതിലൂടെ ഭൂജലശേഷി വര്‍ദ്ധിക്കുന്നതാണ്. മഴക്കുഴികള്‍, കല്ലുകയ്യാലകള്‍, മണ്‍കയ്യാലകള്‍, തിരണകള്‍, വലിയ ട്രഞ്ചുകള്‍, തടയണകള്‍, അടിയണകള്‍, വി.സി.ബികള്‍ തുടങ്ങിയ വിവിധ രീതികള്‍ മുന്നിലുണ്ട്. കെട്ടിടങ്ങളുടെ മുറ്റവും വശങ്ങളും സിമന്റിട്ടിട്ടുണ്ടെങ്കില്‍ ഒരു മീറ്റര്‍ വിസ്തൃതിയില്‍ ഒരു ചെറിയ കുഴിയെടുത്ത് മഴവെള്ളത്തെ ഭൂജലമാക്കി മാറ്റാവുന്നതാണ്. കുഴിയുടെ മുകള്‍ഭാഗം ഗ്രില്ലുകളുള്ള സ്ലാബ്‌കൊമ്ട് അടക്കുന്നതും നല്ലതാണ് ഗ്രില്ലറകളിലൂടെ തറയില്‍ വീഴുന്ന മഴവെള്ളം ഭൂമിക്കടിയിലേക്ക് പോകുന്നതാണ് വെള്ളക്കെട്ട്. വെള്ളപ്പൊക്കം എന്നിവ ഒഴിവാക്കാനും ഈ രീതി പ്രയോജനകരമാണ്.
രാമച്ചം, സുബാബുകള്‍, പയര്‍ ചെടികള്‍, ചെമ്പരത്തി, ശീമകൊന്ന എന്നിവ ഉപയോഗിച്ച് മണ്ണിനെ പുതപ്പിക്കുന്നതും നല്ലതാണ്. ധാരാളം മഴവെള്ളത്തെ മണ്ണില്‍ കരുതുവാന്‍ ഈ രീതി നല്ലതാണ്.
പുതിയ കെട്ടിടങ്ങൾക്ക് മഴവെള്ള സംഭരണി നിർബന്ധം
രണ്ടായിരത്തി നാലുമുതല്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങളുടെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ക്ക് മഴവെള്ള സംഭരണം നിയമംമൂലം ബാധകമാണ്. ഇരുപതു വര്‍ഷം കഴിയുമ്പോള്‍ എത്ര പുതിയ കെട്ടിടങ്ങള്‍ക്ക് ഈ സംവിധാനമുണ്ടെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ പ്ലാനില്‍ കാണും പ്രവര്‍ത്തിയില്‍ കാണുന്നില്ല. അടിയന്തിരമായി സര്‍ക്കാരിന്റെ ശ്രദ്ധ ഇതിലുണ്ടാവണം. ഇതിനുവേണ്ടി ഒരു മൊബൈല്‍ ആപ്പ് സജ്ജമാക്കി മഴവെള്ള സംഭരണമാര്‍ഗ്ഗം ടാഗ് ചെയ്യുന്ന സംവിധാനമാവശ്യമാണ്. അതുപോലെ ഫോട്ടോ കൂടി അപ്‌ലോഡ് ചെയ്താലെ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുവാന്‍ പാടുള്ളൂ. വര്‍ദ്ധിച്ചുവരുന്ന ജലക്ഷാമത്തിന്റെ സാഹചര്യത്തില്‍ സാധ്യമാകുന്ന എല്ലാ കെട്ടിടങ്ങളും മഴവെള്ള സംഭരണ ഭൂജല പരിപാലനമാര്‍ഗ്ഗങ്ങള്‍ ആവശ്യമാണ്.
മേല്‍ക്കൂര ജലവിളവെടുപ്പ് അഥവാ റൂഫ് വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്
മേല്‍ക്കൂരകളില്‍ വീഴുന്ന മഴവെള്ളത്തെ സംഭരിക്കുന്നതിനെ മേല്‍ക്കൂര ജലവിളവെടുപ്പ് അഥവാ റൂഫ് വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് എന്നാണ് പറയപ്പെടുന്നത്. മേല്‍ക്കൂരകളിലെ വെള്ളം വിവിധ സംഭരണകളിലും കിണറുകളിലും വിളവെടുപ്പ് അഥവാ റൂഫ് വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് എന്നാണ് പറയപ്പെടുന്നത്. മേല്‍ക്കൂരകളിലെ വെള്ളം വിവിധ സംഭരണകളിലും കിണറുകളിലും മണ്ണിലും ശേഖരിക്കാവുന്നതാണ് മണ്ണില്‍ വീഴുന്ന മഴയെ വിവിധ രൂപത്തില്‍ ഭൂമിയില്‍ കടത്തി വിടുന്നതിനെ ആര്‍ട്ടിഫിഷ്യല്‍ ഗ്രൗണ്ട് വാട്ടര്‍ റീചാര്‍ജ് അഥവാ ക്രിത്രിമ ഭൂജല പരിപോഷണം എന്നാണ് അറിയപ്പെടുന്നത്.
യാതൊരു സാഹചര്യത്തിലും ജല സ്രോതസ്സുകളിലേക്ക് മാലിന്യം വലിച്ചെറിയരുത്. വയല്‍ നികത്തല്‍, മരം മുറിക്കല്‍, പുഴ കൈയ്യേറ്റം തുടങ്ങിയവ നടക്കുന്നത് പരമാവധി നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഫാം കുളങ്ങളുടെ നിര്‍മ്മാണം, നിലവിലുള്ള കുളങ്ങളുടെ സംരക്ഷണം എന്നിവയും പ്രധാനമാണ്. മഴക്കുഴികളുടെ നിര്‍മ്മാണം, കിണര്‍നിറ, വിവിധ മണ്ണ്, ജല, ജൈവ സംരക്ഷണ പരിപാടികള്‍ എന്നിവ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ഏറ്റെടുക്കുവാന്‍ നിലവില്‍ ഉത്തരവ് ഉണ്ട്. ഗ്രാമസഭകള്‍ വഴിയും നേരിട്ടും ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ വ്യാപകമാക്കപ്പെടണം.
പെയ്‌തൊഴിയുന്ന ഓരോ തുള്ളിയും വലുതാണ്. നമുക്കു മാത്രമല്ല വരും തലമുറകൾക്കും പ്രയോജനപ്പെടട്ടെ.
മഴവെള്ള സംഭരണം, ജലസംരക്ഷണം, ഭൂജല പരിപോഷണം തുടങ്ങിയ വിഷയങ്ങളില്‍ സൗജന്യ സാങ്കേതിക സഹായത്തിനായി 9847547881 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
ജലവിഭവ വകുപ്പ് ഡയറക്ടറും, ഭൗമ ശാസ്ത്രജ്ഞനും ആണ് ലേഖകൻ