ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ (El NINO) എത്തിയതായി അമേരിക്കയുടെ സമുദ്ര ഗവേഷണ ഏജൻസിയായ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) സ്ഥിരീകരിച്ചു. പസഫിക് സമുദ്രത്തിലെ താപനില കൂടുന്ന പ്രതിഭാസമാണിത്. ഇന്ത്യയിൽ മഴക്കുറവിനും വരൾച്ചക്കും ഇത് കാരണമാകാറുണ്ട്.
ഇനി എൽനിനോക്കാലം
വരുന്ന ഏഴെട്ട് മാസം എൽ നിനോ സ്വാധീനം ഉണ്ടാകും. ജൂൺ ആദ്യത്തിൽ എൽനിനോ രൂപപ്പെടുമെന്ന് നേരത്തെ കാലാവസ്ഥാ ഏജൻസികൾ പ്രവചിച്ചിരുന്നു. എൽനിനോ സ്വാധീനം കേരളത്തിൽ മൺസൂൺ മഴയെ ബാധിക്കില്ലെങ്കിലും അടുത്ത വേനലിൽ വരച്ചയ്ക്കുള്ള സാധ്യത കൂടുതലാണ് എന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്. അടുത്തവർഷവും എൽനീനോ തന്നെ തുടരാനാണ് സാധ്യത. ഇന്ത്യയുടെ ഭാഗങ്ങളിൽ എൽനിനോ സ്വാധീന ഫലമായി വരുന്ന വേനൽ മഴയിൽ കുറവനുഭവപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ എൽ നിനോ ഫലമായി ഏറ്റവും കൂടുതൽ വരൾച്ച നേരിടുന്നത് ആസ്ട്രേലിയ ആയിരിക്കും.
കേരളത്തിൽ മൺസൂണിന്റെ രണ്ടാം പകുതിയിൽ മഴ കുറയാനും എൽ നിനോ കാരണമായേക്കാമെന്ന് നിരീക്ഷണമുണ്ട്.
എന്താണ് എൽ നിനോ ?
കിഴക്കൻ പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖ പ്രദേശത്തെ സമുദ്രോപരിതലത്തിലെ ജലത്തിന്റെ താപനില വർദ്ധിക്കുന്ന ഒരു കാലാവസ്ഥാ പ്രതിഭാസമാണ് എൽനിനോ. ലോകമെമ്പാടുമുള്ള വർധിച്ച ചൂട്, വരൾച്ച, കനത്ത മഴ എന്നിവയുമായി ബന്ധപ്പെട്ട പ്രകൃതിദത്തമായ കാലാവസ്ഥാ മാതൃകയാണ് എൽ നിനോ. അതായത് താപനില വര്‍ധിക്കാനും കാലവര്‍ഷം ദുര്‍ബലമാകാനും എല്‍നിനോ കാരണമാകാം. 2018-19ലാണ് ഇത് അവസാനമായി സംഭവിച്ചത്. എൽ നിനോ പ്രതിഭാസം ശക്തമായിരുന്ന 2016 ആണ് നിലവിൽ ഏറ്റവും ചൂടുകൂടിയ വർഷമായി അറിയപ്പെടുന്നത്.
പിന്നീടുള്ള വർഷങ്ങളിൽ എൽ നിനോയുടെ അഭാവത്തിലും കാലാവസ്ഥാവ്യതിയാനം ആഗോളതാപനിലയിൽ വർധനയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ശാന്തസമുദ്രത്തിൽ തുടർ ന്ന ലാ നിന പ്രതിഭാസത്തെ തുടർന്ന് ആഗോളതലത്തിൽ താപനില ചെറിയതോതിൽ കുറഞ്ഞിരുന്നു. എൽ നിനോയുടെ വിപരീത പ്രതിഭാസമാണിത്. അതായത് കിഴക്കൻ പസഫിക് സമുദ്രത്തിൽ ഭൂമധ്യ രേഖാ പ്രദേശത്ത് സമുദ്രോപരി താപനില (SST) കുറയൽ ആണിത്.
തെക്കേ ആഫ്രിക്കയുടെ തെക്കു ഭാഗങ്ങൾ, തെക്കേ അമേരിക്ക, മധേഷ്യ എന്നിവയുടെ ചില ഭാഗങ്ങളിൽ വർധിച്ച മഴയ്ക്കും, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, തെക്കൻ ഏഷ്യ ഭാഗങ്ങളിൽ എൽ നിനോ കടുത്ത വരൾച്ചയ്ക്കും കരണമായേക്കാമെന്നാണ് മുന്നറിയിപ്പ്.
ലോകത്തിന്റെ പല ഭാഗങ്ങളിലായി നീണ്ടു നിന്നിരുന്ന ലാ നിന എന്ന പ്രതിഭാസം ഈ വർഷം ആരംഭത്തോടെ അവസാനിച്ചിരുന്നു. നിലവിലെ കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങൾക്ക് വഴിയൊരുക്കാൻ ഇതൊരു പ്രധാന കാരണമായി മാറി. ‘ലാ നിനയുടെ ശീതീകരണ സ്വഭാവം നീണ്ടുനിന്നിട്ടും കഴിഞ്ഞ എട്ടു വർഷങ്ങളാണ് ഏറ്റവും ചൂടേറിയ വർഷങ്ങളായി രേഖപ്പെടുത്തിയത്. ലാ നിന പോലെയൊരു കാലാവസ്ഥാ പ്രതിഭാസം കൂടിയില്ലായിരുന്നു എങ്കിൽ ചൂടിന്റെ സ്ഥിതി ഏറ്റവും മോശമായി മാറുമായിരുന്നു.
കാലാവസ്ഥാ പ്രാതിഭാസമായ എൽനിനോ (El Nino) ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും കടുത്ത ഉഷ്ണ തരംഗങ്ങൾക്കും വരൾച്ചയ്ക്കും കാരണമാകും എന്നും ആഗോള സമ്പദ് വ്യവസ്ഥയെ വലിയ രീതിയിൽ (3 ട്രില്യൻ ഡോളർ ) ബാധിക്കുമെന്നും സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണം മുന്നറിയിപ്പു നൽകിയിരുന്നു.