ഈ വർഷത്തെ അവസാന പൂർണ ചന്ദ്രഗ്രഹണത്തിനും രക്ത ചന്ദ്രനും ലോകം സാക്ഷിയായി. ഇന്ന് വൈകിട്ട് 6.20 മുതൽ കേരളത്തിലും രക്തചന്ദ്രൻ ഭാഗികമായി ദൃശ്യമായി. പലയിടത്തും മേഘങ്ങളുള്ള ആകാശം രക്തചന്ദ്രനെ മറച്ചു. കോഴിക്കോട്ടും കണ്ണൂരും കാസർകോട്ടും ബ്ലഡ് മൂൺ ദൃശ്യമായി. കേരളത്തിൽ രാത്രി 7.26 വരെ ഗ്രഹണമുണ്ടായിരുന്നു.
ഇന്ത്യയിൽ വൈകിട്ട് 3.46 മുതലാണ് പൂർണ ചന്ദ്രഗ്രഹണം തുടങ്ങിയതെന്ന് ഭൗമശാസ്ത്ര മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ കൂടുതൽ വ്യക്തമായി ഗ്രഹണവും രക്തചന്ദ്രനെയും കാണാനായി. അടുത്ത ചന്ദ്രഗ്രഹണം 2023 ഒക്ടോബർ 28 നാണ് ഇന്ത്യയിൽ ദൃശ്യമാകുക. പൂർണ ചന്ദ്രഗ്രഹണവും ബ്ലഡ്മൂണും ഇനി 2025 ലാണുണ്ടാകുക.
ചന്ദ്രനോടൊപ്പം ഇന്ന് ആകാശത്ത് യൂറാനസിനെയും ദൃശ്യമായിരുന്നു. തിളങ്ങുന്ന നക്ഷത്രംപോലെ ചന്ദ്രനു തൊട്ടടുത്താണ് യുറാനസിനെ കണ്ടത്. സൂര്യാസ്തമയത്തിനു ശേഷമാണ് കേരളത്തിൽ ഉൾപ്പെടെ രക്തചന്ദ്രനെ ദൃശ്യമായത്. കേരളത്തിൽ ഭാഗികമായതിനാൽ മഞ്ഞയോ ഇളം ഓറഞ്ചോ നിറത്തിലാണ് രക്തചന്ദ്രൻ ദൃശ്യമായത്. ഇന്ത്യയിൽ നിന്ന് കിഴക്കോട്ടുള്ള കിഴക്കനേഷ്യൻ മേഖലയിലാണ് പൂർണമായ തോതിൽ ചന്ദ്രഗ്രഹണവും രക്ത ചന്ദ്രനെയും കണ്ടത്.
വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ, ആസ്‌ത്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ 85 മിനുട്ടോളം ബ്ലഡ് മൂൺ ദൃശ്യമായിരുന്നു. ചന്ദ്രഗ്രഹണത്തോടൊപ്പം ചന്ദ്രൻ ചുവന്ന നിറത്തിൽ കാണപ്പെടുന്നതാണ് ബ്ലഡ് മൂൺ പ്രതിഭാസം. മൂന്നു വർഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ പൂർണ ചന്ദ്രഗ്രഹണം കൂടിയാണിതെന്ന് നാസ പറഞ്ഞു
എന്താണ് ബ്ലഡ് മൂൺ
ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. സൂര്യനിൽ നിന്നുള്ള പ്രകാശം വളഞ്ഞ് ചന്ദ്രനിൽ പതിക്കുമ്പോഴാണ് ചുവന്ന നിറത്തിൽ ചന്ദ്രനെ കാണാനാകുക. പൂർണ ചന്ദ്രഗ്രഹണം നടക്കുമ്പോഴാണ് രക്തചന്ദ്രൻ എന്ന ബ്ലഡ് മൂൺ ഉണ്ടാകുന്നത്. ഭൂമിയുടെ ഇരുണ്ട നിഴൽ ഭാഗത്തുകൂടി (Umbra ) എന്ന പ്രച്ഛായ ഭാഗത്തുകൂടെ ചന്ദ്രൻ കടന്നുപോകുമ്പോഴാണ് രക്തചന്ദ്രനെ കാണാനാകുക. ചന്ദ്രന്റെ കുറച്ച് ഭാഗം മാത്രമാണ് ഭൂമിയുടെ പ്രച്ഛായയിലൂടെ കടന്നു പോകുന്നതെങ്കിൽ ചന്ദ്രൻ ഭാഗികമായി മറയുകയും ഭാഗിക ചന്ദ്രഗ്രഹണം അനുഭവപ്പെടുകയും ചെയ്യും. കടുത്ത നിഴൽ ഭാഗത്തിനു പുറത്തായി കാണപ്പെടുന്ന മങ്ങിയ നിഴൽ പ്രദേശമാണ് ഉപച്ഛായ (Penumbra) . ചന്ദ്രൻ ഈ ഭാഗത്തുകൂടി കടന്നുപോകുമ്പോൾ അൽപം ഇരുണ്ട് നിറത്തിൽ കാണപ്പെടും. ഇതിനെ ഉപച്ഛായ ഗ്രഹണം എന്നുവിളിക്കും. വാനനിരീക്ഷകർക്കേ ഉപച്ഛായ ഗ്രഹണം തിരിച്ചറിയാൻ കഴിയാറുള്ളൂ.