ചൂട് വില്ലൻ ആകുന്നു ; കേരളത്തിൽ വൈദ്യുത ഉപഭോഗം സർവ്വകാല റെക്കോർഡിൽ
കേരളത്തിൽ ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർദ്ധിച്ചുവരുന്നു. വേനൽ മഴ ലഭിച്ചില്ലെങ്കിൽ മാർച്ചിൽ തന്നെ വൈദ്യുത ഉപയോഗം ഇനിയും കൂടുമെന്നാണ് കരുതുന്നത്. ഓരോ ദിവസവും വർദ്ധിച്ചുവരുന്ന ചൂടിനെ പ്രതിരോധിക്കാൻ ആളുകൾ ഫാനും എസിയും കൂടുതലായി ഉപയോഗിക്കുന്നത് വൈദ്യുത ഉപഭോഗം കൂടുന്നതിന് കാരണമാണ്. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്.
ഇന്നലെ വൈകീട്ട് ആറുമണി മുതല്‍ പത്തുമണി വരെയുള്ള പീക്ക് അവറില്‍ ഉപയോഗിച്ചത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. 2023 ഏപ്രില്‍ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ട് ആണ് മറികടന്നത്. 100ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്തം വൈദ്യുതി ഉപഭോഗം.വൈദ്യുതി ഉപയോഗം ഈ രീതിയിൽ തുടർന്നാൽ വൈദ്യുത ക്ഷാമം രൂക്ഷമാകാൻ സാധ്യതയുണ്ട്. വൈദ്യുത കരാറുകൾ റദ്ദാക്കിയതിനെ തുടർന്ന് ഉയർന്ന വില കൊടുത്താണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്. നിലവിൽ കേരളത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 30% ത്തിൽ താഴെ മാത്രമാണ് ജലവൈദ്യുത പദ്ധതികളിൽ നിന്ന് ഉല്പാദിപ്പിക്കാൻ കഴിയുന്നത്.
80 ശതമാനത്തോളം ഉത്തരേന്ത്യയിലെ കല്‍ക്കരി ഇന്ധനമാക്കിയ താപവൈദ്യുതി നിലയങ്ങളില്‍ നിന്നുമാണ് കെഎസ്ഇബി എത്തിക്കുന്നത്. അതിനാൽ തന്നെ അനാവശ്യമായി വൈദ്യുതി പാഴാക്കാതിരിക്കാൻ കെഎസ്ഇബി ജനങ്ങളോട് നിർദ്ദേശിക്കുന്നു. അത്യാവശ്യമല്ലാത്ത വൈദ്യുതോപകരണവും, പ്രത്യേകിച്ച് പീക്ക് മണിക്കൂറുകളില്‍ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതി ലാഭിക്കാൻ കെഎസ്ഇബി മുന്നറിയിപ്പിൽ പറയുന്നു.