ചുട്ടുപൊള്ളി ലോകം; മുന്നറിയിപ്പുമായി ലോക കാലാവസ്ഥ സംഘടന

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഗോള താപനില റെക്കോർഡുകൾ തകർക്കാൻ ഒരുങ്ങുകയാണെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ (WMO) മുന്നറിയിപ്പ്. കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ കാലാവസ്ഥാ വ്യതിയാനവുമായി കൂടിച്ചേർന്ന് ആഗോളതാപനില വർധിക്കാൻ സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2023- 2027 വരെയുള്ള കാലയളവിൽ ലോകം 1.5 ഡിഗ്രി സെൽഷ്യസ് ആഗോള താപന പരിധി മറികടക്കാൻ 66 ശതമാനം സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
അടുത്തയാഴ്ച സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടക്കുന്ന ലോക കാലാവസ്ഥാ കോൺഗ്രസിന് മുന്നോടിയായാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2015 ലെ പാരീസ് ഉടമ്പടി പ്രകാരം ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളും പ്രതിജ്ഞ ചെയ്തിരുന്നു.

COP21 കാലാവസ്ഥാ സമ്മേളനത്തിലാണ് ചരിത്രപരമായ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ ഒപ്പുവച്ചത്. ഇതോടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടകരമായ ആഘാതങ്ങളായ വെള്ളപ്പൊക്കം, ഉയരുന്ന സമുദ്രനിരപ്പ്, വരൾച്ച എന്നിവയെ കൂടുതൽ നിയന്ത്രിക്കാൻ കഴിയുമെന്നായിരുന്നു വിശ്വാസം.
ഒന്നോ രണ്ടോ പതിറ്റാണ്ടുകളായി എല്ലാ വർഷവും 1.5C യിൽ കൂടുതൽ താപനില ഉയരുന്നത് നീണ്ട ഉഷ്ണതരംഗങ്ങൾ, കൂടുതൽ തീവ്രമായ കൊടുങ്കാറ്റുകൾ, കാട്ടുതീ എന്നിവയ്ക്ക് കാരണമാകുന്നു. എന്നാൽ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ പരിധി ഉയരുന്നത് പാരീസ് ഉടമ്പടി ലംഘിച്ചുവെന്ന് അർഥമാക്കുന്നില്ലെന്നും മലിനീകരണം കുത്തനെ വെട്ടിക്കുറച്ച് ആഗോളതാപനം നിയന്ത്രിക്കാൻ ഇനിയും സമയമുണ്ടെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്.

2015നും 2022നും ഇടയിലായിരുന്നു ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷങ്ങൾ. അതിനേക്കാൾ ഉയർന്ന താപനിലയായിരിക്കും അടുത്ത അഞ്ച് വർഷക്കാലയളവിൽ ഉണ്ടാകുകയെന്നാണ് മുന്നറിയിപ്പ്. അടുത്ത അഞ്ച് വർഷം താപനില 1.1C മുതൽ 1.8C വരെ ഉയർന്നേക്കും. വരാനിരിക്കുന്ന എൽനിനോ കാലാവസ്ഥാ പ്രതിഭാസവും മനുഷ്യ പ്രേരിത കാലാവസ്ഥാ വ്യതിയാനവുമായി സംയോജിച്ച് ആഗോളതാപനില ഇതുവരെ കാണാനാകാത്ത അത്യുഷ്ണത്തിലേക്ക് എത്തിക്കുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

2020 മുതൽ താപനിലപരിധി ലംഘിക്കപ്പെടുമെന്ന് ലോക കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത അഞ്ച് വർഷങ്ങളിൽ 1.5 ഡിഗ്രി സെൽഷ്യസ് കടക്കാൻ 20 ശതമാനത്തിൽ താഴെ സാധ്യതയുണ്ടെന്നായിരുന്നു ആദ്യ മുന്നറിയിപ്പ്. എന്നാൽ കഴിഞ്ഞ വർഷം ഇത് 50 ശതമാനമായും ഇപ്പോൾ 66 ശമാനമായുമാണ് വർധച്ചിരിക്കുന്നത്. വരും നാളുകളിൽ ഇതിലും കൂടാൻ സാധ്യതയുണ്ടെന്നും ശാസത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment