മഞ്ഞ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ബാലുശ്ശേരി മഞ്ഞ പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഐടിഐ വിദ്യാര്‍ത്ഥി മിഥിലാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം മഞ്ഞപ്പുഴയില്‍ കുളിക്കുന്നതിനിടെയാണ് മിഥിലാജ് ഒഴുക്കില്‍പ്പെട്ടത്.
കുളിക്കാനിറങ്ങിയ സ്ഥലത്തു നിന്നും 200 മീറ്റർ മാറി കൈതക്കുണ്ടിനടുത്ത് വേരിൽ കുടുങ്ങിയ നിലയിലായിരുന്നു. കൂരാച്ചുണ്ട് അമീൻ റസ്ക്യൂ ടീമിന്റെ ക്യാമറ ഉപയോഗിച്ച് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടത്.

പോസ്റ്റ്മോർട്ട നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെയാണ് ഹൈസ്കൂളിനടുത്ത് ഉണ്ണൂൽമ്മൽ കണ്ടി നസീറിന്റെ മകൻ മിഥുലാജിനെ കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായത്. വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപെടുകയായിരുന്നു. കനത്ത മഴയെ തുടർന്നു പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു.

ഇന്നലെ നാട്ടുകാരും നരിക്കുനിയിൽ നിന്നെത്തിയ അഗ്നിശമനസേനാ സംഘവും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രാവിലെ തിരച്ചിൽ ആരംഭിച്ചത്.മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Leave a Comment