ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം വീണ്ടും ശക്തിപ്പെട്ടു

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന് മധ്യപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് വീണ്ടും ശക്തിപ്പെട്ട് Well Marked Low Pressure (WML) ആയി.വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും തെക്കൻ ഒഡിഷ തീരത്തിനും ഇടയിലാണ് നിലവിൽ ന്യൂനമർദമുള്ളത്.നാളെ ഈ സിസ്റ്റം വീണ്ടും ശക്തിപ്പെടുകയും തീവ്ര ന്യൂനമർദം (Depression) ആകാനും സാധ്യതയുണ്ട്. ഈ സിസ്റ്റം കേരളത്തിലെ മഴയെയും സ്വാധീനിക്കും.വടക്കൻ കേരളം മുതൽ തെക്കൻ കൊങ്കൺ വരെയുള്ള ന്യൂനമർദപാത്തിയുമാണ് മഴക്ക് പ്രധാന കാരണം. ന്യൂനമർദം കരകയറുന്നതോടെ തെക്കൻ കേരളത്തിലും മഴ ലഭിക്കുമെന്നാണ് ഞങ്ങളുടെ നിരീക്ഷണം.എന്നാൽ മഴ കനക്കില്ല. വടക്കൻ ജില്ലകളിൽ രണ്ടു ദിവസം കൂടി മഴ തുടരും.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കൂടുതൽ മഴക്ക് സാധ്യത.
പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ സൂപ്പർ ടൈഫൂണും കേരളത്തിലെ മഴക്ക് മറ്റൊരു കാരണമാണ്. ഈ ടൈഫൂൺ ചൈനയിൽ കരകയറുന്നതോടെ കേരളത്തിലെ സ്വാധീനം കുറയും. വടക്കൻ കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം.പ്രത്യേകിച്ച് സ്കൂളുകൾക്ക് അവധി കൊടുക്കുന്ന സാഹചര്യത്തിൽ കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം.

നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകുന്നത് പൂർണ്ണമായും ഒഴിവാക്കുക.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment