52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം തിങ്കളാഴ്ച രാത്രിയോടെ അവസാനിക്കും

കേരളത്തിൽ 52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം തിങ്കളാഴ്ച അർദ്ധരാത്രിയോടെ അവസാനിക്കും. ഇതോടെ വലിയ മത്സ്യബന്ധന ബോട്ടുകൾക്ക് ആഴക്കടലിൽ പോകാനുള്ള വിലക്ക് നീങ്ങും. ഇതോടെ തുറമുഖങ്ങൾ സജീവമായി, മുന്നൊരുക്ക പ്രവർത്തനങ്ങളും തുടങ്ങി. ബോട്ടുകളുടെയും, വലകളുടെയും അറ്റകുറ്റപ്പണികൾ തീർത്ത് അവസാനഘട്ട ഒരുക്കത്തിലാണ് മത്സ്യത്തൊഴിലാളികൾ. ബോട്ടുകളിൽ ഡീസലും, ഐസും സ്റ്റോക്ക് ചെയ്യുന്ന നടപടികൾ പൂർത്തിയായി . പഴയ വലകളുടെ കേടുപാടുകൾ തീർത്തു, പുതിയ വലകൾ വാങ്ങി, ബോട്ടുകളുടെ അറ്റപ്പണികൾക്ക് ചെലവ് രണ്ടു മുതൽ 5 ലക്ഷം രൂപ വരെയാണ്. മഴ കുറഞ്ഞത് ട്രോളിംഗ് നിരോധനത്തിനു ശേഷമുള്ള മത്സ്യ ലഭ്യതയിൽ പ്രതിഫലിക്കുമോ എന്ന ആശങ്കയും മത്സ്യത്തൊഴിലാളികൾക്കുണ്ട്. മഴ കുറഞ്ഞതും ആഴക്കടൽ തണുക്കാതിരിക്കുന്നതും മത്സ്യ ലഭ്യതയെ ബാധിച്ചേക്കാം.

ട്രോളിംഗ് നിരോധനത്തിനു ശേഷമുള്ള ആദ്യ കൊയ്ത്തിൽ ചാകര ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. കണവ, ചെമ്മീന്‍ തുടങ്ങിയവയാണ് ട്രോളിംഗ് നിരോധം കഴിഞ്ഞാല്‍ ആദ്യം ലഭിക്കുന്ന മത്സ്യങ്ങള്‍. ഇവയ്ക്കായി പ്രത്യേക വലകളാണ് ഒരുക്കുന്നത്. ആദ്യദിനം രാത്രി കടലിൽ പോകുന്ന 36 അടി വരെ നീളമുള്ള നാടൻ ബോട്ടുകൾ ചൊവ്വാഴ്ച ഉച്ചയോടെ മടങ്ങിയെത്തും. കൂടുതൽ ആഴക്കടലിലേക്ക് പോയി ദിവസങ്ങളോളം തങ്ങി മത്സ്യബന്ധനം നടത്തുന്നതാണ് വലിയ ബോട്ടുകളുടെ രീതി.

Leave a Comment