വിനോദയാത്രാ ബാട്ടുമുങ്ങി 11 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്ന് ഉയർന്ന തിരമാല മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ അപകടമുണ്ടായ താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കുണ്ടായിരുന്നില്ല. എന്നാൽ ഉയർന്ന തിരമാല മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പും, സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രവും നൽകിയിരുന്നു. നാളെ വരെ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്കില്ല. എന്നാൽ ഉയർന്ന തിരമാല മുന്നറിയിപ്പ് നിലവിലുണ്ട്. ഉയർന്ന തിരമാലയുടെ സാഹചര്യത്തിൽ ബീച്ചിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പും നൽകിയിരുന്നു.
കേരള തീരത്ത് ഉയർന്ന തിരമാല മുന്നറിയിപ്പ്
കേരള തീരത്ത് ഇന്ന് വൈകിട്ട് അഞ്ചര മുതൽ നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം (ഇൻകോയിസ് ) നൽകുന്ന മുന്നറിയിപ്പ്. സെക്കന്റിൽ തിരമാലകൾക്ക് 20-50 സെ.മി വ്യതിയാനം സംഭവിക്കുന്നുണ്ട്.
താനൂരിലെ കടലിന്റെ സ്ഥിതി ഇങ്ങനെ
താനൂരിൽ ഇന്ന് രാത്രി തിരമാലകൾ തെക്കു 180 ഡിഗ്രിയിലാണ് ദിശ. 0.9 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ രേഖപ്പെടുത്തി. 6.7 സെക്കന്റാണ് വേവ് പീരിയഡ്. തീരദേശത്ത് കാറ്റിന് മണിക്കൂറിൽ 8 കി.മി വേഗതയുണ്ട്. വടക്കുപടിഞ്ഞാറ് ദിശയിലാണ് കാറ്റിന്റെ വേഗത. ഉൾക്കടലിൽ കാറ്റിന് ശക്തി കൂടുതലാണ്. 24 കി.മി ആണ് മണിക്കൂറിൽ വേഗത. ദിശ വടക്കുപടിഞ്ഞാറ് ദിശയിൽ തന്നെ. കഴിഞ്ഞ 24 മണിക്കൂറിൽ മൂന്നു തവണ തിരമാലകളുടെ ഉയരം 1.8 മീറ്റർ വരെ എത്തിയെന്നാണ് ടൈഡ് ഫോർ ഫിഷിങ് വെബ്‌സൈറ്റ് പറയുന്നത്.