Menu

palakkad news

പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തകർന്നു ; പുഴകളിൽ ജലനിരപ്പ് ഉയർന്നു , ജാഗ്രതാ നിർദേശം

പാലക്കാട് • പറമ്പിക്കുളം ഡാമിന്റെ മൂന്നു ഷട്ടറുകളിൽ ഒന്നിനു തകരാർ സംഭവിച്ചതോടെ ചാലക്കുടിപ്പുഴയിൽ ശക്തമായ ഒഴുക്ക്. ഇന്നു പുലർച്ചെ രണ്ടോടെയാണു സംഭവം. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണു ഷട്ടറിൽനിന്നു വലിയ ശബ്ദം കേട്ടതായി അറിയിച്ചത്. പരിശോധിച്ചപ്പോൾ പുഴയിലേക്ക് അപകടകരമായ രീതിയിൽ വെള്ളം കുത്തിയൊലിക്കുന്നതു ശ്രദ്ധയിൽപെട്ടു.
ആദിവാസി മേഖലയിൽ നിന്നുള്ളവരെ മാറ്റിപാർപ്പിക്കുന്നുണ്ടെന്ന് പാലക്കാട് ജില്ലാ കലക്ടർ ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് അറിയിച്ചു. തുടർച്ചയായി 20,000 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. ഇതിനെത്തുടർന്നു തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിലെ വെള്ളം പരമാവധി ജലനിരപ്പിലെത്തി.
തൃശൂർ വൈൽഡ് ലൈഫ് വാർഡനും ചിറ്റൂർ തഹസിൽദാർക്കും അറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദേശിച്ചു. ഷട്ടർ തകരാർ പെട്ടെന്ന് പരിഹരിക്കാൻ തമിഴ്നാട് ശ്രമിക്കുന്നുണ്ടെന്നും കലക്ടർ അറിയിച്ചു.
മുതലമടയിലാണു ഡാം സ്ഥിതി ചെയ്യുന്നതെങ്കിലും ഡാമിന്റെ പ്രവർത്തനവും നിയന്ത്രണവും തമിഴ്നാടിനാണ്. ഡാമിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഒരു മാസം മുൻപു മൂന്നു ഷട്ടറുകളും 10 സെന്റി മീറ്റർ തുറന്നിരുന്നു. 1825 അടിയാണ് ഡാമിന്റെ സംഭരണശേഷി.
പറമ്പിക്കുളം ഡാമിലെ ഷട്ടര്‍ തകര്‍ന്നതില്‍ പരിഭ്രാന്തി വേണ്ടെന്ന് റവന്യുമന്ത്രി കെ.രാജന്‍. എന്നാല്‍ ജാഗ്രത വേണം. സര്‍ക്കാര്‍ അറിയിപ്പുകള്‍ മാത്രം പിന്തുടരണം. രാവിലെ പരിശോധനകള്‍ക്ക് ശേഷമേ തകരാര്‍ പരിഹാരശ്രമങ്ങള്‍ തുടങ്ങൂ. റൂള്‍കര്‍വ് കമ്മിറ്റി ചേരുമെന്നും മന്ത്രി ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.

മുറിച്ചു മാറ്റിയില്ല; പറിച്ചു നട്ടു സംരക്ഷിക്കും

By 24 News
റോഡ് വികസനത്തിന്റെ പേരില്‍ തണല്‍മരങ്ങള്‍ മുറിച്ചുമാറ്റുന്ന കാഴ്ച നമ്മുടെ നാട്ടില്‍ സുലഭമാണ്. പടുകൂറ്റന്‍ മരങ്ങള്‍ മുറിക്കുകയും ഓരോ പരിസ്ഥിതി ദിനത്തിലും പുതിയ തൈകള്‍ നട്ട് വിടവ് നികത്തുന്നവരുമുണ്ട്. എന്നാല്‍ ഈ പരിസ്ഥിതി ദിനത്തില്‍ ഏറെ ആശ്വാസം പകരുന്ന കാഴ്ചയാണ് പാലക്കാട് നിന്നുള്ളത്.
വികസനത്തിന്റെ പേരില്‍ മുറിച്ച് മാറ്റേണ്ടി വന്ന ആല്‍മരം വേരോടെ പിഴുതുമാറ്റി സംരക്ഷിച്ചിരിക്കുകയാണ് പാലക്കാട് വനംവകുപ്പ്. പാലക്കാട് മുണ്ടൂര്‍ തൂത റോഡ് വികസനത്തിനായി മുറിച്ചുമാറ്റാന്‍ തീരുമാനിച്ച കാറല്‍മണ്ണ ഭാഗത്തെ ആല്‍മരമാണ് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പിഴുതുമാറ്റി വിദ്യാലയമുറ്റത്ത് സ്ഥാപിച്ചത്.
വര്‍ഷങ്ങള്‍ ആയിരങ്ങള്‍ക്ക് തണലേകിയ ആല്‍മരം പെട്ടൊന്നൊരുനാള്‍ ഇല്ലാതാകുമെന്നറിഞ്ഞതോടെ എല്ലാവര്‍ക്കും ആശങ്ക, നിമിഷനേരം കൊണ്ട് ഇല്ലാതാകുന്നത് ഒരു ജീവന്‍ തന്നെയെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സാമൂഹിക വനവത്കരണ വിഭാഗം ആല്‍മരത്തെ പിഴുത് മാറ്റി അടയ്ക്കാപ്പുത്തൂര്‍ ശബരി പി.ടി.ബി. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചത്..

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മരത്തിന് ചുറ്റും കുഴിയെടുത്താണ് ആല്‍മരത്തിനെ വേരോടെ പിഴുതുമാറ്റിയെടുത്തത്. ശേഷം ആഘോഷപൂര്‍വ്വം സ്‌കൂളിലേക്കെത്തിച്ചു. അടയ്ക്കാപ്പുത്തൂര്‍ ശബരി പി.ടി.ബി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് അനേകായിരം കുരുന്നുകള്‍ക്ക് ഇനി ഈ ആല്‍മരം തണലേകും.
സ്‌കൂളില്‍ പ്രത്യേക കുഴിയെടുത്ത് വലിയ മരങ്ങള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എല്ലാം കൃത്യമായി പാലിച്ചാണ് നടീല്‍ നടന്നത്. സ്ഥലം എംഎല്‍എയും, സബ് കളക്ടറും, നാട്ടുകാരുമെല്ലാം വഴിയരികിലെ മരത്തിന് പുതുജീവന്‍ ഏകാന്‍ ഒരുപോലെ കൈകോര്‍ത്തു. കഴിഞ്ഞ കാലമത്രയും വെയിലിലും മഴയിലും വഴിയാത്രക്കാര്‍ക്ക് തണലേകിയ മരം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പക്ഷിമൃഗാദികള്‍ക്കും ഇനി തണലാകും