Menu

കാലാവസ്ഥ വ്യതിയാനം

കാലാവസ്ഥ വ്യതിയാനം: കോളറ പടരുമെന്ന് WHO

കാലാവസ്ഥാ വ്യതിയാനം മൂലം പല രാജ്യങ്ങളിലും കോളറ കേസുകളുടെ എണ്ണം ഗണ്യമായി വർധിക്കാനിടയുണ്ടെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ വർഷം മുപ്പതോളം രാജ്യങ്ങളിൽ കോളറ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളത്തിലോ ഭക്ഷണത്തിലോ വിബ്രിയോ കോളറെ എന്ന ബാക്ടീരിയ കലരുന്നത് വഴി പകരുന്ന അണുബാധയാണ് കോളറ. ബാക്ടീരിയ ഉള്ളിൽ ചെന്ന് 12 മണിക്കൂർ മുതൽ അഞ്ച് നാളുകൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷമാകും. അതിസാരം ഉൾപ്പെടെ നിരവധി ലക്ഷണങ്ങൾ കോളറ മൂലം ഉണ്ടാകുന്നു.

കഴിഞ്ഞ വർഷം ലോകത്ത് പ്രകൃതി ദുരന്തങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായിരുന്നു. ദക്ഷിണേന്ത്യയിൽ മാത്രം രണ്ട് മഹാപ്രളയങ്ങൾ ഉണ്ടായി. പാക്കിസ്ഥാനിൽ ഉണ്ടായ പ്രളയവും കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രകടമായ ഫലമാണ്. പ്രളയത്തിനു ശേഷം കോളറ പോലുള്ള ജലജന്യ രോഗങ്ങൾ ഇവിടെ പരക്കെ റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ച് ലക്ഷത്തോളം കോളറ കേസുകൾ പാക്കിസ്ഥാനിൽ പ്രളയത്തെ തുടർന്നുണ്ടായി. പ്രളയ സമയത്ത് വൻതോതിൽ ജലം മലിനമാക്കപ്പെടുന്നതാണ് കോളറ പോലുള്ള പകർച്ച വ്യാധികളിലേക്ക് നയിക്കുന്നത്. സുനാമി, പെരുമഴ, ചുഴലിക്കാറ്റ് തുടങ്ങിയ കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് പ്രതിഭാസങ്ങളും കോളറ വ്യാപനത്തിന് കാരണമാകാം.

2023 ലും കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ ലോകത്തെ വേട്ടയാടുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. ചുഴലിക്കാറ്റ്, പ്രളയം, വരൾച്ച എന്നിവയ്ക്കെല്ലാം കാരണമാകാവുന്ന ലാ നിന പ്രഭാവം ഈ വർഷവും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ രംഗം. ഇത് മുന്നിൽ കണ്ടുള്ള പ്രതിരോധ നടപടികൾ ലോകരാജ്യങ്ങൾ സ്വീകരിക്കണമെന്ന് ലോകാരോഗ്യസംഘടന ഉൾപ്പെടെയുള്ള ഏജന്‍സികൾ നിർദേശിക്കുന്നു.

മധ്യ കേരളത്തിൽ തീവ്ര മഴ കൂടുന്നു: റോക്സി മാത്യു കോൾ

കേരളത്തിൽ അതിതീവ്രമഴ കൂടുന്നുവെന്ന് നിരീക്ഷണം. കാലാവസ്ഥാ ശാസ്ത്രജ്ഞൻ റോക്സി മാത്യു കോൾ ആണ് ഇക്കാര്യം അറിയിച്ചത്. 1950 മുതൽ 2021 വരെയുള്ള കണക്ക് പ്രകാരമാണിത്. മധ്യ കേരളത്തിലാണ് അതിതീവ്ര മഴ പ്രധാനമായും കൂടുന്നത്. കാലാവസ്ഥ വ്യതിയാനമാണ് ഇതിന് പ്രധാന കാരണം. വരും വർഷങ്ങളിൽ അതിതീവ്രമഴയുടെ എണ്ണവും ശക്തിയും വ്യാപ്തിയും വർദ്ധിക്കുമെന്നും അദ്ദേഹം പറയുന്നു.
ഇതുവരെയുള്ള കണക്ക് അനുസരിച്ച് അതിതീവ്രമഴ ഏറ്റവും കൂടിയിരിക്കുന്നത് മദ ധ്യ കേരളത്തിലാണ്. ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇത്തരം എക്സ്ട്രീം ഇവന്റുകൾ വർധിച്ചതായി കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പറയുന്നു.
തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്കിടയിലുള്ള പ്രദേശങ്ങളിലും കണ്ണൂർ ജില്ലയിലും അതിതീവ്ര മഴ കൂടിയിട്ടുണ്ടെന്നും കണക്ക് സൂചിപ്പിക്കുന്നു. കൂടുതൽ അറിയാനും പരിഹാരമാർഗങ്ങൾ തേടുവാനും ഈ വീഡിയോ കാണുക.

ഉരുകിത്തീരാൻ വിടരുത് ഉറഞ്ഞ മണ്ണിടങ്ങളെ

ഡോ.ഗോപകുമാർ ചോലയിൽ

കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. മനുഷ്യനടക്കമുള്ള ജൈവസമൂഹം ഇടപെടുന്ന വിവിധ മണ്ഡലങ്ങൾ, ആഗോള കാലാവസ്ഥ, പരിസ്ഥിതി എന്നിങ്ങനെ എല്ലാ മേഖലകളിലേക്കും കാലാവസ്ഥാവ്യതിയാന പ്രഭാവം പിടിമുറുക്കുന്നു. വിവിധ മണ്ഡലങ്ങളിൽ കാലാവസ്ഥാമാറ്റത്തിന്റെ പ്രഭാവവും ഋണാത്മക (negative) പ്രത്യാഘാതങ്ങളും എന്തെല്ലാമെന്നും അവ എങ്ങനെ പരിമിതപ്പെടുത്താമെന്നും ലോകം തല പുകയ്ക്കുന്നു. ഭൂമിയിൽ മഞ്ഞുറഞ്ഞു കിടക്കുന്ന പ്രദേശങ്ങളുടെ ഭൂതാവസ്ഥയും, താപനസാഹചര്യങ്ങളിൽ ഭാവിയിൽ അവിടങ്ങളിൽ സംഭവിക്കാനിടയുള്ള വ്യതിയാനങ്ങളും പഠനവിധേയമാക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ ഉരുത്തിരിയപ്പെട്ട നിഗമനങ്ങൾ എല്ലാം വിരൽ ചൂണ്ടുന്നത്, താപനകാരികളായ ഹരിതഗൃഹവാതകങ്ങളുടെ ഉത്സർജനത്തിൽ അടിയന്തിരമായി ഗണ്യമായ വെട്ടിക്കുറച്ചിൽ വരുത്തുകയെന്ന ഒരേയൊരു പരിഹാരമാർഗ്ഗത്തിലേക്കാണ്.
ഭൂമിയുടെ ആകെ ഉപരിതല വിസ്തീർണത്തിന്റെ ഏകദേശം 10 ശതമാനത്തോളം വരും ഉറഞ്ഞ മണ്ണിടങ്ങൾ (permafrost). ഉത്തരാർദ്ധഗോളത്തിലാണ് ഹിമവും മണലും സമ്മിശ്രമായി നിലകൊള്ളുന്ന ഉറഞ്ഞ മണ്ണ് കൂടുതൽ തോതിൽ കാണപ്പെടുന്നത്. വേനൽ മാസങ്ങളിൽ ഉപരിഭാഗത്തുള്ള മണ്ണിലെ ഹിമാംശം ഏതാനും സെന്റിമീറ്റർ താഴ്ച വരെ ഉരുകുന്നു. അതിനും താഴെയുള്ള ഭാഗങ്ങളിൽ ഹിമം ഉരുകാതെ നിലകൊള്ളുന്നു. താപനം ഏറുമ്പോൾ, ഇപ്രകാരം ഹിമാംശം കലർന്ന ഉറഞ്ഞ മണ്ണ് കടുത്ത ഭീഷണിയാണ് നേരിടുന്നത്. ആഗോള ശരാശരി താപനിലയിലുണ്ടാകുന്ന വർദ്ധനവിനെക്കാൾ ഇരട്ടി വേഗത്തിലാണ് ഭൂമിയുടെ ഉപരിതലതാപനില ഉയരുന്നത്. തന്മൂലം കരഭാഗത്തേയും കരഭാഗത്തേയും സമുദ്രമേഖലയിലെയും സ്ഥിതിഗതികൾ അപ്രതീക്ഷിത വേഗത്തിൽ വ്യതിയാന വിധേയമാവുകയും ചെയ്യുന്നു. വളരെ വിപുലമായ പ്രത്യാഘാത പരമ്പരകൾക്കാണ് ഈ പ്രക്രിയ വഴിവയ്ക്കുന്നത്. കാലാവസ്ഥ, മനുഷ്യജീവിതം ജൈവവൈവിധ്യം തുടങ്ങി ഒരു വിധം എല്ലാ മേഖലകളും തന്നെ ഇത്തരം പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്നു. ഭൂമിയുടെ ഉത്തരാര്‍ധ ഗോളത്തിലെ നാലിലൊന്നോളം ഭാഗം തണുത്തുറഞ്ഞ അവസ്ഥയിലാണ് – ഏതാണ്ട് 23 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍. അന്തരീക്ഷത്തില്‍ വര്‍ധിച്ചു വരുന്ന ഫോസില്‍ ഇന്ധന ഉത്സര്‍ജനങ്ങള്‍, വ്യവസായശാലകളില്‍ നിന്നുള്ള മാലിന്യനിക്ഷേപങ്ങള്‍, വാഹനങ്ങളില്‍നിന്നുള്ള മലിനീകരണം തുടങ്ങിയവ വഴി പൊതുവെ അന്തരീക്ഷത്തിന് ചൂടേറുമ്പോള്‍ അതിന്റെ ചുവട് പിടിച്ച് ആര്‍ട്ടിക്‌ മേഖലയിലെ കാലാവസ്ഥയിലും ചൂടേറിവരികയാണ്. തണുത്തുമരവിച്ച ഉത്തരധ്രുവത്തില്‍ ഇപ്പോള്‍ കുറ്റിച്ചെടികളും ചെറിയ മരങ്ങളും വളരാന്‍ തുടങ്ങിയിരിക്കുന്നു എന്നത് ഇതിന്റെ സൂചനയാണ്. ഹരിതസസ്യങ്ങള്‍ നൈട്രജന്‍ ആഗിരണം ചെയ്യുമെന്നതിനാല്‍ ഇവയുടെ സാന്നിധ്യം മൂലം ആര്‍ട്ടിക് മേഖലയിലെ നൈട്രസ്ഓക്സൈഡ് സാന്ദ്രതയില്‍ കുറവ് ഉണ്ടാകുമെന്നത് മറ്റൊരു വശം. (തുടരും)
(കാലാവസ്ഥ ശാസ്ത്രജ്ഞനും കോളമിസ്റ്റും കാർഷിക സർവകലാശാലയിലെ സൈന്റിഫിക് ഓഫീസറും ആണ് ലേഖകൻ)

കാലാവസ്ഥ വ്യതിയാനം: നേരിടാൻ ബിൽ പാസാക്കി യു.എസ് സെനറ്റ്

കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കാനുള്ള ചരിത്രപരമായ ബിൽ യു.എസ് സെനറ്റിൽ പാസായി. ലോകത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണക്കാരാണ് യു.എസ് ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങൾ. 430 ബില്യൺ ഡോളറിന്റെ ബില്ലിനാണ് അംഗീകാരമായത്. ഇതിൽ മരുന്നു വില കുറയ്ക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടും. എന്നാലും പ്രധാന ഊന്നൽ കാലാവസ്ഥാ വ്യതിയാനത്തിനു തന്നെയാണ്. 375 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ഉപയോഗിക്കുക. പുനരുപയോഗ ഊർജത്തിനും ക്ലീൻ എനർജിക്കും നികുതി ഇളവ് ഉൾപ്പെടെ നൽകും. ഇലക്ട്രിക് വാഹനങ്ങൾ പുതിയത് വാങ്ങാൻ നികുതി ഇളവുണ്ടാകും. ഊർജത്തിന് ഇപ്പോഴത്തേക്കാൾ വില കുറയുമെന്ന സവിശേഷതയുമുണ്ട്. 60 ബില്യൺ ഡോളർ മരുന്നു വില കുറയ്ക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും ഉപയോഗിക്കും. കോർപറേറ്റ് നികുതികൾ ഒഴിവാക്കി മരുന്നു വില കുറയ്ക്കാനാണ് നീക്കം. പ്രസിഡന്റ് ജോ ബൈഡന്റെ വലിയ വിജയമായാണ് ബില്ലിന് അംഗീകാരമായതിനെ യു.എസ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.

സെനറ്റിൽ പാസായത് വൻ നേട്ടം
റിപ്പബ്ലിക്കർക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ബിൽ പാസായത്. സെനറ്റിൽ 50 നെതിരേ 51 വോട്ടുകൾക്കാണ് ബിൽ പാസായത്. വോട്ടിങ് സമനിലയിൽ എത്തിയതോടെ യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും വോട്ടു ചെയ്തു. ബില്ലിന് അനുകൂലമായുള്ള കമലയുടെ വോട്ടാണ് ബിൽ പാസാകുന്നതിലേക്ക് നയിച്ചത്. ഇത് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ വലിയ നേട്ടമായി യു.എസ് മാധ്യമങ്ങൾ പറയുന്നു. നേരത്തെ ബരാക് ഒബാമ പ്രസിഡന്റായപ്പോൾ ആഗോളതലത്തിൽ തുടങ്ങിവച്ച കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതികൾക്കാണ് ജോ ബൈഡനും ഊർജം നൽകുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം മൂലം ലോകം ഏറ്റവും പ്രതിസന്ധി അനുഭവിക്കുന്നത്. ഇതിൽ വലിയ പങ്ക് യു.എസിനുണ്ടെന്ന് പാരിസ് കാലാവസ്ഥാ ഉച്ചകോടിയിൽ വ്യക്തമായിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പുനരുപയോഗ ഊർജത്തിന് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും വികസിത രാജ്യങ്ങൾ മനസുവയ്ക്കാതെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനാകില്ല. പുതിയ ബില്ലിൽ 30 ബില്യൺ ഡോളർ കാറ്റിൽ നിന്നുള്ള ഊർജ ഉത്പാദനത്തിനും സോളാർ സിസ്റ്റങ്ങൾക്കും വേണ്ടിയുള്ളതാണ്. ന്യൂക്ലിയാർ ഊർജ ഉത്പാദനത്തിനും ബില്ലിൽ ഇടം നൽകിയിട്ടുണ്ട്. എണ്ണക്കമ്പനികളുടെ കാർബൺ കാപ്ചർ സാങ്കേതിക വിദ്യയും നടപ്പാക്കും. ഏറ്റവും കുറവ് മലിനീകരണം നിയന്ത്രിക്കാനാണിത്. പുതിയ ഇലക്ട്രിക് വാഹനം വാങ്ങാൻ 7,500 യു.എസ് ഡോളറും പഴയത് വാങ്ങാൻ 4,000 ഡോളറും സഹായം ലഭിക്കും. 2030 ഓടെ ഹരിതഗൃഹ വാതത്തിന്റെ ഉത്സർജനം 40 ശതമാനം കുറയ്ക്കാനാണ് പദ്ധതി. യു.എസ് ചരിത്രം സൃഷ്ടിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കി.

ചരിത്രപരമായ വിജയം
സെനറ്റ് ചരിത്രം സൃഷ്ടിച്ചുവെന്ന് സെനറ്റിലെ ഭരണകക്ഷി നേതാവ് ഷക് ഷുമെർ പറഞ്ഞു. ബിൽ അമേരിക്കയിൽ വരുന്ന പതിറ്റാണ്ടുകളിൽ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ക്ലീൻ എനർജി പാക്കേജ് അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. ഊർജ ഉപയോഗത്തിന്റെ ചെലവ് ചുരുക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും മരുന്നുകളുടെ വില കുറച്ച് വിലക്കയറ്റം തടയാനും ബില്ലിന് കഴിയും. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ കൂടി ബിൽ പാസാക്കേണ്ടതുണ്ട്. വെള്ളിയാഴ്ച സഭയിൽ ബിൽ അവതരിപ്പിക്കും. തുടർന്ന് പ്രസിഡന്റ് ബൈഡനും ബില്ലിൽ ഒപ്പുവയ്ക്കുന്നതോടെ നിയമമാകും. 2030 ന് മുൻപ് യു.എസ് കാലാവസ്ഥാ വ്യതിയാനം നേരിടുന്നതുള്ള ലക്ഷ്യം കൈവരിക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറയുന്നത്. ബില്ലിനെ കാലാവസ്ഥാ ശാസ്ത്രജ്ഞരും സ്വാഗതം ചെയ്തു.

കാലാവസ്ഥാ വ്യതിയാനം: ലോകം പട്ടിണിയിലേക്കോ?

കെ.ജംഷാദ്
കേരളം ഉൾപ്പെടെ ലോകത്തെ എല്ലാ പ്രദേശങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ പതിറ്റാണ്ടിൽ കാലാവസ്ഥാ വ്യതിയാനം യാഥാർഥ്യമാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിലും അതിത്ര വേഗം നമ്മെ തേടിയെത്തുമെന്ന് ശാസ്ത്രജ്ഞർ പോലും ചിന്തിച്ചിരുന്നില്ല. ക്ലൈമറ്റ് മോഡൽ (കാലാവസ്ഥാ പ്രവചന കംപ്യൂട്ടർ മാതൃക) കളിലെ പ്രവചനം പോലും തെറ്റിച്ചാണ് ലോകത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികൾ തലപൊക്കുന്നത്. ഡാറ്റയുടെ ഇൻപുട് മാറുന്നതിന് അനുസരിച്ച് ക്ലൈമറ്റ് മോഡലുകൾ നൽകുന്ന റിസൽട്ടുകളും ഭയപ്പെടുത്തുന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ശക്തവും സുസ്ഥിരവുമായ നടപടികൾ ഇല്ലെങ്കിൽ മനുഷ്യരാശിയുടെ അതിജീവനം ഈ ഭൂമുഖത്ത് സങ്കീർണമാകുമെന്ന തിരിച്ചറിവിലാണ് ലോകം. നേരത്തെ കാലാവസ്ഥാ വ്യതിയാനം മനുഷ്യരെ പ്രതികൂലമായി ബാധിക്കും എന്നതിൽ നിന്ന് മനുഷ്യരാശിയുടെ നിലനിൽപ് എന്നതിലേക്ക് അതിവേഗം മുന്നോട്ടു പോയിരിക്കുന്നു എന്നതാണ് നാം നേരിടുന്ന വെല്ലുവിളി. കാലാവസ്ഥാ പരമായി ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കപ്പെട്ടിരുന്ന കേരളവും വലിയ പ്രകൃതിക്ഷോഭങ്ങൾ പതിവായ നാടായി മാറി. ഈ വർഷവും കാലാവസ്ഥാ വ്യതിയാനം നമുക്ക് ദൃശ്യമാണ്. നമ്മുടെ കാർഷിക വിളകളെയും പ്രകൃതിയെയും കുറച്ചൊന്നുമല്ല ഈ വെല്ലുവിളി ബാധിക്കുന്നത്. ആഗോള പ്രതിഭാസമായതിനാൽ ലോകത്തെ എല്ലാ രാജ്യങ്ങളും ഒന്നിച്ചു പ്രവർത്തിച്ചാലേ ഈ ദുരന്തത്തിൽ നിന്ന് നാടിന് രക്ഷയുണ്ടാകൂ. അതിന് ഓരോ നാട്ടിലെയും ജനങ്ങളും ഇക്കാര്യത്തിൽ അവബോധരാകേണ്ടതുണ്ട്.

കൃഷിയും കാലാവസ്ഥയും
മനുഷ്യന്റെ നിലനിൽപ് ഭക്ഷണത്തിലാണ്. ഭക്ഷ്യ വസ്തുക്കളുടെ ക്ഷാമം, പട്ടിണി എന്നിവ മൂലം പതിനായിരങ്ങൾ മരിച്ച ചരിത്രമുള്ള നാടാണ് ഇന്ത്യ. ലേകത്ത് സൊമാലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ വർഷമുണ്ടായ കടുത്ത വരൾച്ചയെ തുടർന്ന് പട്ടിണിയിലാണ്. കൃഷിക്ക് ഏറ്റവും അനുയോജ്യം വിളകൾക്ക് ആവശ്യമായ കാലാവസ്ഥയാണ്. അതില്ലാതെ മറ്റെന്തുണ്ടായിട്ടും കാര്യമില്ല. കാലാവസ്ഥ മോശമായാൽ വിളകൾ പ്രതീക്ഷിച്ച വിളവെടുപ്പ് നൽകില്ല. ഇത് നമ്മുടെ ഭക്ഷ്യ,ധാന്യ ശേഖരത്തിന്റെ തോത് കുറയ്ക്കും. അങ്ങനെ വിലക്കയറ്റമുണ്ടാകും. ആ വിലക്കയറ്റം നമ്മുടെ സാമ്പത്തിക രംഗത്തെ ബാധിക്കും. ഓരോ പൗരനെയും ബാധിക്കും. ഉദാഹരണത്തിന് ഇപ്പോഴത്തെ തക്കാളി വില തന്നെ. കാലാവസ്ഥ മോശമായപ്പോൾ ചെടികൾ നശിച്ചു. ക്ഷാമമുണ്ടായി. കൃഷിക്ക് ഏറ്റവും നല്ല കാലാവസ്ഥയുള്ളപ്പോഴാണ് ഭക്ഷ്യ ഉത്പാദനം പര്യാപ്തമായ തോതിലെത്തുകയുള്ളൂ. നല്ല കാലാവസ്ഥ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ശരിയായ താപനില, സൂര്യപ്രകാശം, കാറ്റ്, മഴ തുടങ്ങിയവയാണ്. കാറ്റ് ശരിയല്ലെങ്കിൽ പരാഗണത്തെ ബാധിക്കും. മഴ വെള്ളത്തിന്റെ ലഭ്യതയെ ഉറപ്പുവരുത്തുന്നു, വെയിൽ വിളവിന് പ്രധാനവുമാണ്. 2050 ൽ ആഗോള ഭക്ഷ്യ ഉത്പാദനം 17 ശതമാനം കാലാവസ്ഥാ വ്യതിയാനം മൂലം കുറയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക രംഗം പ്രധാനമായും കൃഷിയെ ആശ്രയിക്കുന്നതിനാൽ ഈ പ്രശ്‌നം ബാധിക്കുന്നവരിൽ നമ്മളും ഉൾപ്പെടും. ബ്രസീൽ സൊയാബീൻ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ്. അവരുടെ പ്രധാന വരുമാനം ആ മേഖലയിൽ നിന്നാണ്. വേൾഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഗവേഷണ ഫലങ്ങൾ പറയുന്നത് മഴയുടെ പാറ്റേണിലും താപനിലയിലെ വ്യതിയാനവും മൂലം ബ്രസീലിലെ സൊയാബീൻ, കാപ്പി ഉത്പാദനം 95 ശതമാനം വരെ കുറയുന്നു എന്നാണ്. ഈ ഒരു കണക്ക് പരിശോധിച്ചാൽ എത്രവേഗത്തിലാണ് കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യപ്രതിസന്ധി സൃഷ്ടിക്കുന്നത് എന്ന് മനസിലാക്കാം. ഇന്ത്യയിലേക്ക് വന്നാൽ 2019 ൽ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് പരാഗണ കാലത്തിനു ശേഷം താപനിലയിൽ വലിയ വർധനവുണ്ടാകുന്നത് വിളവ് ഇന്ത്യയിൽ കുറയ്ക്കുന്നു എന്നു ചൂണ്ടിക്കാട്ടുന്നു. ചൂട് കൂടുന്നതും ജലക്ഷാമവും ഉത്തരേന്ത്യയിലെ പാടങ്ങൾ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്. ഇതു നേരിടാൻ കേന്ദ്ര സർക്കാരിന് മുന്നിൽ നാഷനൽ ഇന്നൊവേഷൻ ഇൻ ക്ലൈമറ്റ് റെസിലിയന്റ് ്അഗ്രികൾച്ചർ (നിക്ര) നിരവധി പദ്ധതികൾ വച്ചിട്ടുണ്ടെങ്കിലും അതിന്റെ ഫലപ്രാപ്തി പ്രായോഗിക തലത്തിൽ കുറവാണ്. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ചിന്റെ നേതൃത്വത്തിൽ ജില്ലാ അഗ്രികൾച്ചറൽ കണ്ടിൻജൻസി പദ്ധതി മുന്നോട്ടുവച്ചിരുന്നുവെന്ന് 2019 ൽ കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമർ രാജ്യസഭയെ അറിയിച്ചിരുന്നു. ഇത്തരം പദ്ധതികൾക്ക് ലക്ഷ്യം കാണാനായിട്ടില്ല. അതിനു പ്രധാന കാരണങ്ങളിലൊന്ന് താളം തെറ്റിയ കാലാവസ്ഥയാണ്.

കാലം തെറ്റുന്ന കാലവർഷം
കാലിക വാതമായ കാലവർഷം കാലം തെറ്റുന്നുവെന്നതാണ് ഇന്ത്യയിലെ കാർഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഒപ്പം തീവ്രകാലാവസ്ഥാ സംഭവങ്ങൾ കൃഷിയെ മാത്രമല്ല ജനജീവിതത്തെയും മണ്ണിനെയും പ്രകൃതിയെയും എല്ലാം പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യയിലെ കാർഷിക മേഖലയിലെ പ്രധാന സീസണാണ് മൺസൂൺ കാലം. ജൂൺ മുതൽ സെപ്റ്റംബർ വരെ തുടരുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തെ ആശ്രയിച്ചാണ് ഇന്ത്യയിലെ കൃഷി. മൺസൂൺ പാറ്റേണിൽ പ്രകടമായ മാറ്റം കഴിഞ്ഞ പത്തുവർഷത്തെ കണക്ക് പരിശോധിച്ചാൽ കാണാം. കേരളത്തിലെ കാര്യം തന്നെ നോക്കിയാൽ 2015 ന് ശേഷം ആഗോള പ്രതിഭാസങ്ങളായ ലാനിനയും എൽനിനോയും കാരണം വരൾച്ചയും പ്രളയവും ഉണ്ടായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമാണ് പ്രളയം, വരൾച്ച പോലുള്ള തീവ്ര കാലാവസ്ഥാ സാഹചര്യങ്ങൾ. കൂടാതെ മൺസൂൺ മഴയുടെ പാറ്റേണിലെ മാറ്റം പ്രളയം പോലുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ഏതാനും മണിക്കൂറുകളിൽ ഒരു ദിവസം മുഴുവൻ പെയ്യേണ്ട മഴ, തീവ്ര മഴകളുടെ ( 24 മണിക്കൂറിൽ 20 സെ.മിൽ കൂടുതൽ മഴ) എണ്ണം കൂടുന്നത് എന്നിവ കൃഷിയെ നശിപ്പിക്കുന്നു. പ്രളയം മണ്ണിന്റെ ഘടനയിലും സ്വഭാവത്തിലും മാറ്റം വരുത്തുന്നു. തൽഫലമായി കൃഷിയും കന്നുകാലികളും മനുഷ്യരും തുല്യമായി പ്രയാസം നേരിടുന്നു. കാലവർഷം നേരത്തെ എത്തുന്നത്. വേനൽ മഴ കുറയുകയോ, കൂടുകയോ ചെയ്യുന്നത് എല്ലാം കൃഷിയെ ബാധിക്കുന്നു. ഈ വർഷം മെയ് മാസത്തിൽ അപ്രതീക്ഷിതമായുണ്ടായ മഴ കേരളത്തിൽ വിളവെടുപ്പിന് പാകമായ ഹെക്ടർ കണക്കിന് നെൽ കൃഷിയെ ബാധിച്ചു. ശക്തമായ കാറ്റ് വാഴകൃഷിയുടെ നട്ടെല്ല് തകർത്തു. മൺസൂണിന്റെ തുടക്കത്തിലെ രണ്ടു മാസം മഴ കുറയുകയും ഓഗസ്റ്റിനു ശേഷം മഴ കൂടുകയും ചെയ്യുന്ന പാറ്റേൺ കുറേ വർഷങ്ങളായി കേരളത്തിൽ കണ്ടുവരുന്നു. നമ്മുടെ കാർഷിക കലണ്ടറും പഴഞ്ചൊല്ലുകളും തിരുത്തുകയാണ് കാലാവസ്ഥ വ്യതിയാനം. ചിങ്ങത്തിൽ ചിങ്ങി ചിങ്ങി പെയ്യേണ്ട മഴ തകർത്തു പെയ്ത് പ്രളയമുണ്ടാക്കുന്നു. മഴ തകർത്തു പെയ്യേണ്ട ഇടവപ്പാതിയും കർക്കിടകവും വെളുക്കെ ചിരിക്കുന്നു. കാർഷിക വിളകളെ നശിപ്പിക്കാൻ ഇതിൽപരം എന്തുവേണം. കാലാവസ്ഥക്ക് അനുയോജ്യമായ കാർഷിക വിളകൾ തെരഞ്ഞെടുക്കാമെന്നുവച്ചാൽ അസ്ഥിരമായ കാലാവസ്ഥ ഒരു എത്തുംപിടിയും നൽകുന്നുമില്ല. ഇക്കാലമത്രയും കേരളത്തിന് അനുഗ്രഹമായ ഭൂപ്രകൃതിയാണ് ഇപ്പോൾ കേരളത്തിൽ കാലാവസ്ഥാ വ്യതിയാന കാലത്ത് നമുക്ക് വില്ലനാകുന്നത്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പശ്ചിമഘട്ടവും കാലവസ്ഥയിൽ നേരിയ മാറ്റം ഉണ്ടാക്കുമ്പോൾ തന്നെ തീവ്രകാലാവസ്ഥാ സാഹചര്യം ഉണ്ടാക്കുന്നു. പ്രളയത്തിന് പ്രധാന കാരണം ഈ ഭൂപ്രകൃതിയാണ്. കേരളത്തിൽ റിപ്പോർട്ട് ചെയ്ത തീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ പകുതി പോലും തമിഴ്‌നാട്ടിൽ ഇല്ലെന്നുള്ളതിന് കാരണം ഭൂപ്രകൃതിയുടെ സ്വാധീനമാണ്. കൂടിയ ചൂടും രൂക്ഷമായ തണുപ്പും ശക്തമായ മഴയും എല്ലാം കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടല്ലാതാക്കി മാറ്റിയിരിക്കുന്നു. ഈത്തപ്പഴത്തിന്റെ കുരു മുളയ്ക്കാത്ത കേരളത്തിൽ റോഡരികിലും മറ്റും കുരു മുളച്ചുണ്ടായ ഈത്തപ്പന കാണാം. പഴുക്കാത്ത അത്തിമരം ചൂടിൽ പഴുക്കുന്നത് കാണാം. മുന്തിരിക്കുലകൾ പലയിടത്തും കാണാം. കാലാവസ്ഥ മാറുകയാണ്. തിരികെ ലഭിക്കുമോ നമ്മുടെ പഴയ കാലാവസ്ഥയും സംസ്‌കൃതിയും എന്ന ചോദ്യത്തിന് ഉത്തരമില്ല. എത്രാനാൾ ഭൂമിയിൽ മനുഷ്യരുണ്ടാകും എന്നാണ് ഇപ്പോൾ കാലാവസ്ഥാ ശാസ്ത്രജ്ഞരും ആലോചിക്കുന്നത്.
(Metbeat Weather സ്ഥാപകനും MDയുമാണ് ലേഖകൻ)

കനത്ത മഴ തുടരുന്നു , മഴക്കെടുതികളും

കാലവർഷം തുടങ്ങിയെന്ന് സ്ഥിരീകരണമില്ലെങ്കിലും കേരളത്തിൽ ഭീതി വിതച്ച് മഴ തകർത്ത് പെയ്യുകയാണ്. കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കൊച്ചി -കളമശേരി- വി.ആർ തങ്കപ്പൻ റോഡിൽ 60 ലധികം വീടുകളിൽ വെള്ളം കയറി. ഫയർഫോഴ്‌സ് സ്‌കൂബ ഉപയോഗിച്ച് ആളുകളെ മാറ്റുകയാണ്.
അതിനിടെ, പൊരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിലേക്ക് ഉയർന്നിട്ടുള്ളതിനാൽ ഇന്ന് രാവിലെ ഒമ്പത് മണിക്ക് ശേഷം ഏതുസമയവും ഡാം തുറക്കാൻ സാധ്യതയുള്ളതാണെന്ന് കളക്ടറേറ്റ് കൺട്രോൾ റൂം അറിയിച്ചു.

കോഴിക്കോട് കൊയിലാണ്ടി പൊയിൽക്കാവ് ദേശീയപാതയിൽ മരം കടപുഴകി വീണു. പുലർച്ചെ നാലുമണിയോടെയാണ് ലോറിക്ക് മുകളിലേക്ക് മരം വീണത്. അപകടത്തിൽ ആർക്കും പരുക്കില്ല. ഏഴു മണിയോടെ മരം മുറിച്ച് ക്രെയിൻ സഹായത്തോടെ എടുത്ത് മാറ്റി. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതകുരുക്കുണ്ടായി.
മഴ ശക്തമാകുമ്പോൾ കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി കടുത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ താലൂക്കുകളിലായി 10 ഇടങ്ങളിൽ ഉരുൾപൊട്ടലിനും 60 ഇടങ്ങളിൽ വെള്ളപ്പൊക്കത്തിനും 11 ഇടങ്ങളിൽ മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

കാലാവസ്ഥ വ്യതിയാനം: കേന്ദ്രത്തിന് നോട്ടിസ് അയച്ച് ഹൈക്കോടതി

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ കൺവൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (യു.എൻ.എഫ്.സി.സി.സി)യിൽ നൽകിയ വാഗ്ദാനം പാലിക്കാൻ എന്തെല്ലാം നടപടി സ്വീകരിച്ചെന്ന് കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതി നോട്ടിസ്. ഇന്ത്യയിൽ കാലാവസ്ഥാ വ്യതിയാനം നേരിടാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ നിലപാടും കോടതി ആരാഞ്ഞു. ഇന്ത്യ ഉൾപ്പെടെ വിവിധ അംഗരാജ്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് യു.എനിന്ന് ഉറപ്പു നൽകിയിരുന്നു.
ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിൻ സംഗി, ജസ്റ്റിസ് നവീൻ ചൗള എന്നിവരാണ് പൊതുതാൽപര്യ ഹരജി പരിഗണിച്ചത്. അന്താരാഷ്ട്ര തലത്തിൽ നൽകുന്ന ഉറപ്പുകൾ പാലിക്കാൻ കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ടെന്ന് ഹരജിക്കാരൻ പറഞ്ഞു. കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ ഹാജരായി. ഇതുമായി ബന്ധപ്പെട്ട് നിരവധി കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം മറുപടി നൽകി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രൈംമിനിസ്‌റ്റേഴ്‌സ് കൗൺസിൽ ഓൺ ക്ലൈമറ്റ് ചേഞ്ച് സമിതിയും അന്താരാഷ്ട്ര ഉറപ്പുകൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. രോഹിത് മഥൻ ആണ് ഹരജിക്കാരനായ അഡ്വ. ആർ. അക്ക്ഷയ്ക്ക് വേണ്ടി ഹാജരായത്. കോപ്-26 എന്നറിയപ്പെടുന്ന ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ ഇന്ത്യ നിരവധി ഉറപ്പുകൾ നൽകിയിരുന്നുവെന്ന് ഹരജിയിൽ പറയുന്നു. നോൺ ഫോസിൽ കപ്പാസിറ്റി 500 GW ആക്കുക, 2030 ഓടെ 50 ശതമാനം ഊർജവും പുനരുപയോഗ സോഴ്‌സിൽ നിന്നാക്കും തുടങ്ങിയവയായിരുന്നു ഇത്.