Menu

ഉഷ്ണ തരംഗം

ഇന്ത്യയിൽ മനുഷ്യർക്ക് താങ്ങാവുന്നതിലും കൂടുതൽ ചൂട് വരുന്നു

ഇന്ത്യയിൽ മനുഷ്യർക്ക് താങ്ങാനാവുന്നതിലും കൂടുതൽ ഉഷ്ണതരംഗം വരുന്നുവെന്ന് ലോക ബാങ്ക് റിപ്പോർട്ട്. തിരുവനന്തപുരത്ത് കേരള സർക്കാരുമായി സഹകരിച്ച് നടത്തിയ ഇന്ത്യ ക്ലൈമറ്റ് ആന്റ് ഡെവലപ്‌മെന്റ് പാർട്‌ണേഴ്‌സ് മീറ്റിലാണ് ലോകബാങ്കിന്റെ നിരീക്ഷണം. 2022 ഏപ്രിലിൽ ഡൽഹിയിൽ താപനില 46 ഡിഗ്രിയിലെത്തിയിരുന്നു. മാർച്ചിൽ തന്നെ അസാധാരണമായ ചൂടാണ് അനുഭവപ്പെട്ടത്. ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ മാർച്ച് എന്ന റെക്കോർഡും രേഖപ്പെടുത്തിയിരുന്നു. ഉഷ്ണതരംഗം നേരത്തെ സജീവമാകുന്നു എന്നാണ് ഇതിലൂടെ മനസിലാക്കേണ്ടത്.
ദക്ഷിണേഷ്യയിൽ ചൂട് വർധിക്കുന്നുവെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്. 2021 ഓഗസ്റ്റിലെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ആറാമത് ഇന്റർ ഗവൺമെന്റൽ പാനൽ റിപ്പോർട്ടിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഉഷ്ണതരംഗ സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. 2036-65 വരെയുള്ള കാലഘട്ടത്തിൽ കാർബൺ പുറംതള്ളൽ 25 മടങ്ങ് കൂടുമെന്നാണ് ജി20 കാലാവസ്ഥാ റിസ്‌ക് അറ്റ്‌ലസ് പറയുന്നത്.
ഇന്ത്യയിലെ തൊഴിൽ രംഗത്തെ 380 ദശലക്ഷം പേരിൽ 75 ശതമാനം പേരും ചൂടേറ്റ് ജോലി ചെയ്യുന്നവരാണ്. ഇവർക്ക് ജീവന് ഭീഷണിയാകുന്ന വിധത്തിൽ ചൂട് മാറും. 2030 ഓടെ 34 ദശലക്ഷം പേരുടെ തൊഴിൽ ചൂടുകൂടുന്നതു മൂലം പ്രതിസന്ധിയിലാകും.

ഉഷ്ണ തരംഗം: പ്രധാനമന്ത്രിയുടെ ഓഫിസ് യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി
ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം രൂക്ഷമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ മിശ്രയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ഉഷ്ണ തരംഗം തുടരുന്നത് സംസ്ഥാനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ കുറിച്ചാണ് യോഗം ചര്‍ച്ച ചെയ്തത്. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് മുന്നറിയിപ്പ് അയച്ചിരുന്നു. ഉഷ്ണ തരംഗം ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ദേശീയ ആക്ഷന്‍ പ്ലാന്‍ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാനും ആരോഗ്യ പ്രവര്‍ത്തകരെ ആവശ്യാനുസരണം വിന്യസിക്കാനുമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. ഐ.വി ഫ്ളൂയിഡ്, ഐസ് പായ്ക്കുകള്‍, ഒ.ആര്‍.എസ് ലായിനി തുടങ്ങിയവയുടെ ലഭ്യതയും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഉറപ്പുവരുത്തണമെന്ന് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഡല്‍ഹി, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയത്. ചൂടു കൂടിയെങ്കിലും ഇടിയോടുകൂടെ മഴ ഉത്തരേന്ത്യയില്‍ ലഭിക്കുമെന്നും ചൂടിന് ചിലയിടങ്ങളില്‍ നേരിയ ശമനം ലഭിക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ചൂട് 47 ഡിഗ്രി, വൈദ്യുതിയില്ല, ഉത്തരേന്ത്യ നരക തുല്യം

ഉത്തരേന്ത്യ വേനൽച്ചൂടിൽ ഉരുകുകയാണ്. 45 ഡിഗ്രിക്ക് മുകളിലാണ് പലയിടത്തും താപനില. ഉഷ്ണതരംഗം ഉത്തർപ്രദേശിൽ തീവ്ര ഉഷ്ണ തരംഗമായി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പകൽ ചൂട് 47 ഡിഗ്രി സെൽഷ്യസിലെത്തി. 20 വർഷത്തെ ഏപ്രിലിൽ നഗരത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ചൂടാണിത്. നേരത്തെ 1999 ഏപ്രിൽ 30 നായിരുന്നു റെക്കോർഡ് ചൂട് രേഖപ്പെടുത്തിയത്. 46.3 ഡിഗ്രിയായിരുന്നു ഇത്. കഴിഞ്ഞ വർഷം 44.3 ഡിഗ്രിയും 2020 ൽ 43.7 ഡിഗ്രിയുമാണ് നഗരത്തിൽ രേഖപ്പെടുത്തിയിരുന്നത്. അടുത്ത ഒരാഴ്ചത്തെ കാലാവസ്ഥാ പ്രവചനത്തിൽ 40 ഡിഗ്രിക്ക് മുകളിൽ ചൂട് തുടരാനാണ് സാധ്യത. നാളെ മുതൽ ചൂടിന് നേരിയ ആശ്വാസം ഉണ്ടാകും. 45 ഡിഗ്രിക്ക് മുകളിൽ താപനില പോകുമ്പോഴാണ് സാധാരണ ഉഷ്ണ തരംഗം സ്ഥിരീകരിക്കുന്നത്. 47 ഡിഗ്രി കടക്കുമ്പോൾ തീവ്ര ഉഷ്ണ തരംഗമായി കണക്കാക്കും. ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും വെള്ളിയാഴ്ച കടുത്ത ചൂട് രേഖപ്പെടുത്തി. രാജസ്ഥാൻ, ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ മെയ് 2 നും നാലിനും ഇടയിൽ ഇടിയോടു കൂടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നും താപനില 36 നും 39 നും ഇടയിൽ തുടരുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.

ഡൽഹിയിൽ 12 വർഷത്തെ കൂടിയ ചൂട്
ഡൽഹിയിൽ 72 വർഷത്തിനിടെ ഏറ്റവും ചൂട് രേഖപ്പെടുത്തിയ രണ്ടാമത്തെ ഏപ്രിലാണ് ഇത്തവണത്തേത്. ഇന്ന് രേഖപ്പെടുത്തിയത് 43.4 ഡിഗ്രി സെൽഷ്യസ്. ഏപ്രിൽ 28 ന് 43.5 ഡിഗ്രിയായിരുന്നു താപനില. ഡൽഹിയിൽ കഴിഞ്ഞ 12 വർഷത്തിനിടെയുള്ള ഏറ്റവും വലിയ താപനിലയാണിത്. കാലാവസ്ഥാ വകുപ്പ് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.

കൽക്കരിക്ഷാമം വൈദ്യുതിയില്ല

കൽക്കരി പ്രതിസന്ധിയെ തുടർന്ന് ഉത്തരേന്ത്യയിൽ വൈദ്യുതി മുടക്കം പതിവായി. താപ വൈദ്യുതി നിലയമാണ് കൂടുതലായും പ്രവർത്തിക്കുന്നത്. വൈദ്യുതി മുടങ്ങിയതോടെ കുടിവെള്ള പമ്പിങ്ങും തടസ്സപ്പെട്ടു. വരൾച്ചയും രൂക്ഷമാണ്. അടുത്ത ഒരാഴ്ചയും ഉഷ്ണ തരംഗം തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഉഷ്ണ തരംഗം മരിച്ചത് 6,500 പേർ
2010 മുതൽ ഇന്ത്യയിൽ ഇതുവരെ 6,500 പേർ ഉഷ്ണ തരംഗത്തിൽ മരിച്ചിട്ടുണ്ട്. ദക്ഷിണേഷ്യിൽ കാലാവസ്ഥാ വ്യതിയാനം ഭാവിയിൽ രൂക്ഷമാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ആരോഗ്യ പ്രശ്‌നങ്ങൾ
കൊവിഡിനു പിന്നാലെ ഉഷ്ണ തരംഗ ആരോഗ്യ പ്രശ്‌നങ്ങളും സജീവമാകുന്നു. നിരവധി പേരാണ് ചികിത്സ തേടുന്നത്. സൂര്യാഘാതവും പതിവാണ്. ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് നിരവധി പേർ ചികിത്സ തേടിയെത്തുന്നുവെന്ന് അഹമ്മദാബാദ് മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റ് മോന ദേശായ് പറഞ്ഞു. നേരിട്ട് വെയിൽ കൊള്ളരുതെന്നും അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണമെന്നും ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങൾ പാടില്ലെന്നും പരമാവധി കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്. തൊപ്പി, കുട എന്നിവ ചൂടുന്നതും തല മറയ്ക്കുന്നതും ഉഷ്ണ തരംഗത്തിൽ നിന്ന് രക്ഷനേടാൻ സഹായകമാകും.

ചൂടിൽ ഉരുകി ഏഷ്യ ; കേരളത്തിന് ഇന്ന് അൽപം ആശ്വാസം

Metbeat Weather Desk

UN നേതൃത്വത്തിലുള്ള ലോക കാലാവസ്ഥ സംഘടന (WMO ) ഇന്നലെ രാത്രി പുറത്തുവിട്ട ഏഷ്യയിലെ ഉഷ്ണ തരംഗ ഭൂപടമാണിത്. ഇന്ത്യക്കൊപ്പം പാകിസ്താനും അഫ്ഗാനിസ്ഥാനും ഗൾഫ് രാജ്യങ്ങളും വടക്കു പടിഞ്ഞാറൻ ആഫ്രിക്കയും തീവ്ര ഉഷ്ണ തരംഗത്തിന്റെ പിടിയിലാണ്. ഈ സാഹചര്യം തുടരുന്നത് ആശാവഹമല്ല എന്നാണ് wmo നൽകുന്ന സൂചനകൾ. ധ്രുവത്തോട് ചേർന്നാണ് ഉഷ്ണ തരംഗം എന്നതിനാൽ തന്നെ മഞ്ഞുമലകൾ ഉരുകുന്നത് ഗുരുതരമായ പരിസ്ഥിതി ആഘാതത്തിന് കാരണമാകും.

ഉത്തരേന്ത്യയേക്കാൾ ചൂടിൽ പാകിസ്താൻ
ഉത്തരേന്ത്യയിൽ ഇന്നലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് മധ്യപ്രദേശിലെ ത്സാൻസിയിൽ ആണ്. 45 ഡിഗ്രി. 5 ലൊക്കേഷനുകളിൽ 45 ഡിഗ്രി കടന്നു. 15 ലേറെ സ്റ്റേഷനുകളിൽ 40 ന് മുകളിൽ ചൂട് രേഖപ്പെടുത്തി. ദക്ഷിണേന്ത്യയിൽ കേരളം ഒഴികെ പലയിടത്തും 40 ഡിഗ്രി റിപോർട്ട് ചെയ്തു. സാധാരണയേക്കാൾ 4-5 ഡിഗ്രിയുടെ വർധനവാണ് വിവിധ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യുന്നത്.

ഏഷ്യയിൽ ഏറ്റവും കൂടുതൽ ചൂട് റിപ്പോർട്ട് ചെയ്യുന്നത് പാകിസ്താനിലാണ്. 5 – 7 ഡിഗ്രി സെൽഷ്യസ് ആണ് പാകിസ്താനിൽ സാധാരണ ചൂടിനേക്കാൾ കൂടുതൽ രേഖപ്പെടുത്തിയതെന്ന് പാകിസ്താൻ കാലാവസ്ഥ വകുപ്പും, ലോക കാലാവസ്ഥ സംഘടനയും അറിയിച്ചു. ഈ സ്ഥിതി തുടരുമെന്നാണ് പാക് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ഈ കൊടും ചൂടിന്റെ സ്വാധീനം ഉണ്ടാകും.

ഗൾഫിലും ചൂട് കൂടുന്നു
ഗൾഫ് രാജ്യങ്ങളിലും 40 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. ദുബൈ, ഒമാൻ എന്നിവിടങ്ങളിൽ ഇന്നലെ രാത്രി മഴ ലഭിച്ചു. ഗൾഫിൽ താപ സംവഹന മഴ ഇനിയും പ്രതീക്ഷിക്കാം.

കേരളത്തിൽ
ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് കേരളത്തിൽ ഉച്ചയ്ക്ക് ശേഷം ചൂട് കുറവാകും. പാലക്കാട് ജില്ല, എറണാകുളം ജില്ലയുടെ കിഴക്ക് എന്നിവിടങ്ങളിൽ ചൂട് ഇന്നലത്തെ അവസ്ഥയിൽ തുടരും. നാളെ (വെള്ളി) ഇന്നത്തേക്കാൾ ചൂട് കൂടും. പ്രത്യേകിച്ച് മധ്യ കേരളം മുതൽ തെക്കൻ ജില്ലകളുടെ കിഴക്ക് മേഖലകളിൽ.