വേനൽ മഴ 27% അധികം ലഭിച്ചു: ഡാമുകളിലെ ജലനിരപ്പ് ഉയർന്നില്ല

വേനൽ മഴ 27% അധികം ലഭിച്ചു: ഡാമുകളിലെ ജലനിരപ്പ് ഉയർന്നില്ല

വേനൽചൂടിന് ആശ്വാസമായി പെയ്ത വേനൽ മഴയിൽ 27% അധികം ലഭിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാർച്ച് 1 മുതൽ മെയ് 24 വരെയുള്ള കണക്കുപ്രകാരം വേനൽ മഴയിൽ 27% കൂടുതൽ ലഭിച്ചു. ഇടുക്കി കൊല്ലം ജില്ലയിൽ ഒഴികെ ഈ കാലയളവിൽ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ ലഭിച്ചു. തിരുവനന്തപുരം, പാലക്കാട്‌, മലപ്പുറം, കോട്ടയം ജില്ലകളിൽ ഈ സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയെക്കാൾ കൂടുതൽ ലഭിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം വേനൽ മഴ കൂടുതൽ ലഭിച്ചെങ്കിലും മാർച്ച് ഒന്നു മുതൽ ഏപ്രിൽ 30 വരെയുള്ള കണക്കുകൾ നോക്കുകയാണെങ്കിൽ ആകെ നാല് ദിവസം മാത്രമാണ് സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചത്.

കൂടുതൽ മഴ ലഭിച്ച നാല് ദിവസങ്ങളിൽ എല്ലാ ജില്ലയിലും മഴ ലഭിച്ചിട്ടുമില്ല. മെയ് പകുതിയോടുകൂടിയാണ് വേനൽ മഴ ശക്തി പ്രാപിച്ചു തുടങ്ങിയത്. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്തു പെയ്തത് 188 mm ( സാധാരണ ലഭിക്കേണ്ടത് 44 mm) എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ ലഭിച്ചു. തീവ്രമഴ മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം വരെ ഉണ്ടായി. എങ്കിലും ഇത്രയൊക്കെ മഴ ലഭിച്ചിട്ടും ഡാമുകളിലെ നീരൊഴുക്ക് വർധിക്കാത്തത് കെഎസ്ഇബിക്ക് നിരാശയാണ്.

നീരൊഴുക്ക് വർധിക്കാത്തതിനാൽ ഡാമുകളിലെ ജലനിരപ്പ് ഉയർന്നില്ല. 33 ശതമാനം വെള്ളം മാത്രമാണ് ഇടുക്കിയിലുള്ളത്. 230.96 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളമാണ് ഈ മാസം ഇതുവരെ പ്രതീക്ഷിച്ചത്. എന്നാൽ വ്യാഴാഴ്ച രാവിലെ 7 മണി വരെയുള്ള കണക്ക് പ്രകാരം ലഭിച്ചിരിക്കുന്ന നീരൊഴുക്ക് 163.907 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ വെള്ളം മാത്രമാണ് ഉള്ളത്.

അതായത് കേരളത്തിലൊട്ടാകെ നല്ല മഴ ലഭിച്ചിട്ടും 67.053 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ വെള്ളത്തിന്റെ കുറവ് നിലവിൽ ഉണ്ട്. കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള എല്ലാ ജലസംഭരണികളിലുമായി 1231.91 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണ് ഉള്ളത്. ഇത് മൊത്തം സംഭരണശേഷിയുടെ 29.75 ശതമാനം. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കാര്യമായ മഴ ലഭിച്ചിട്ടില്ല. കേരളത്തിലെ എല്ലാ ഡാമുകളുടെ സ്ഥിതി പരിശോധിച്ചാലും ഇതേ സാഹചര്യമാണ് നിലവിൽ. മണ്‍സൂണ്‍ എത്തുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് കെ.എസ്.ഇ.ബി കരുതുന്നത്.

മഴക്കാലത്ത് തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ മാര്‍ച്ച് മുതല്‍ പഞ്ചാബ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടായിരുന്നു. മഴകുറഞ്ഞാല്‍ പ്രതിസന്ധി ഉണ്ടാകും . നല്ല മഴ ലഭിക്കുകയും ഡാമുകളിലെ നീരൊഴുക്ക് കൂടുകയും ചെയ്താല്‍ അധിക വൈദ്യുതി ഉയര്‍ന്ന വിലക്ക് കെഎസ്ഇബിക്ക് വിൽക്കാൻ സാധിക്കുകയും ചെയ്യും.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment