വേനല്‍ മഴയില്‍ ഇന്ന് രണ്ടു മരണം; കോഴിക്കോട്ട് മിന്നലേറ്റ് സ്ത്രീ മരിച്ചു, ഇടുക്കിയില്‍ പാറ വീണ് വയോധികന്‍ മരിച്ചു
കേരളത്തില്‍ വേനല്‍ മഴയില്‍ ഇന്ന് രണ്ടു മരണം. ഇടുക്കിയില്‍ മധ്യ വയസ്‌കന്‍ പാറഇടിഞ്ഞു വീണും കോഴിക്കോട് സ്ത്രീ മിന്നലേറ്റും മരിച്ചു. കോഴിക്കോട് മാവൂരിനടുത്ത് താത്തൂര്‍ എറക്കോട്ടുമ്മല്‍ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (50) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. വീടിന് പുറത്തു നില്‍ക്കുമ്പോള്‍ ഇടിമിന്നലില്‍ പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

ഇടുക്കിയില്‍ ശക്തമായ വേനല്‍മഴയെ തുടര്‍ന്ന് കല്ലും മണ്ണും ദേഹത്തേക്ക് പതിച്ച് തമിഴ്‌നാട് സ്വദേശി അയ്യാവാണ് മരിച്ചത്. അയ്യപ്പന്‍ കോവിലിലെ സുല്‍ത്താനിയായില്‍ ആണ് അയ്യാവ് താമസിക്കുന്നത്. ഏലത്തോട്ടത്തില്‍ ജോലി ചെയ്യുമ്പോള്‍ ഉയര്‍ന്ന പ്രദേശത്ത് നിന്ന് മണ്ണും കല്ലും ദേഹത്ത് പതിക്കുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് ഉടന്‍ തന്നെ ഇയാളെ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടുക്കിയിലെ പല പ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്കു മുതല്‍ ശക്തമായ മഴ പെയ്തിരുന്നു.

കോട്ടയം മുണ്ടക്കയത്ത് തൊഴിലുറപ്പ് ജോലിക്കിടെ ഏഴു പേര്‍ മിന്നലേറ്റു. ഉച്ചയ്ക്ക് മൂന്നോടെയാണ് അപകടം. അഞ്ചാം വാര്‍ഡ് വരിക്കാനി കീചംപാറ ഭാഗത്താണ് മിന്നലുണ്ടായത്. മഴയും മിന്നലിനെയും തുടര്‍ന്ന് സമീപത്തെ വീടിന്റെ വരാന്തയില്‍ കയറി നിന്ന സ്ത്രീകള്‍ക്കാണ് മിന്നലേറ്റത്. അഞ്ചു പേരെ മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയിലും രണ്ടു പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ന് ശക്തമായ മിന്നലിനും വേനല്‍ മഴക്കും സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതര്‍ ഉള്‍പ്പെടെയുള്ള കാലാവസ്ഥാ നിരീക്ഷകര്‍ ഉച്ചയോടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മിന്നല്‍ ജാഗ്രത പാലിക്കണമെന്നായിരുന്നു മുന്നറിയിപ്പ്. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ എപ്പോഴും ജാഗ്രതയോടെ പാലിക്കുന്നത് ദുരന്തങ്ങള്‍ ലഘൂകരിക്കാന്‍ ഉപകാരപ്രദമാകും.
ഈ website ലെ മിന്നൽ റഡാർ വഴി നേരത്തെ മിന്നൽ ലൊക്കേഷൻ അറിയാം. ലിങ്ക് 👇