ഇന്തോനേഷ്യയിലെ സുമാത്രക്ക് സമീപം കടലിൽ 6.9 തീവ്രതയുള്ള ഭൂചലനം. നിലനിൽ സുനാമി മുന്നറിയിപ്പ് ഇല്ലെന്ന് ഇന്തോനേഷ്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രാദേശിക സമയം ഇന്ന് രാത്രി 7.37 ന് ആണ് ഭൂചലനമുണ്ടായത്. ബെൻകുളുക്ക് തെക്കുപടിഞ്ഞാറ് 200 കി.മി ഉം തലസ്ഥാനമായ ജക്കാർത്തക്ക് വടക്കു പടിഞ്ഞാറ് 670 കി.മി അകലെയുമാണ് ഭൂചലന പ്രഭവ കേന്ദ്രം.
യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച് 6.9 തീവ്രതയാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. ഇന്തോനേഷ്യൻ സീസ്‌മോളജിക്കൽ ഏജൻസി (ബി.എം.കെ.ജി) യുടെ റിപ്പോർട്ട് പ്രകാരം 6.8 ആണ് തീവ്രത. പസഫിക് റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഏറ്റവും ശക്തമായ ഭൂചലനം പതിവാണ്. 2004 ഡിസംബർ 26 ന് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വൻ സുനാമി ഉണ്ടായിരുന്നു. 2,27,898 പേരാണ് അന്ന് മരിച്ചത്.