കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പാക് അതിർത്തിയോട് ചേർന്നുള്ള പക്തിക പ്രവിശ്യയിൽ ഇന്ന് പുലർച്ചെ രണ്ടരയോടെ ഉണ്ടായ ഭൂചലനത്തിൽ 280 പേർ മരിച്ചതായി റിപ്പോർട്ട് . പാകിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു. 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. 280 പേർ മരിച്ചതായി പ്രാദേശിക ഭരണകൂടം ഉദ്യോഗസ്ഥൻ അറിയിച്ചെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. 150 പേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.
മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്കു കിഴക്കൻ നഗരമായ ഖോസ്റ്റിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
പാകിസ്താനിലും ഇന്ത്യയിലും പ്രകമ്പനം
അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ന് 500 കിലോമീറ്റർ അകലെ വരെ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെൻറർ റിപ്പോർട്ട് അനുസരിച്ചാണിത്.
അഫ്ഗാൻ തലസ്ഥാനമായ കാബൂൾ, പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദ് എന്നിവ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. പക്തിക പ്രവിശ്യയിലെ നാല് ജില്ലകളിൽ ഉണ്ടായ ഭൂചലനത്തിൽ നൂറുകണക്കിനാളുകൾ മരിച്ചതായി പ്രവിശ്യ സർക്കാർ വക്താവ് ബിലാൽ കാരിമി ട്വീറ്റ് ചെയ്തു.