കാലവർഷക്കാറ്റ് സ്വാധീനം: കേരളത്തിൽ മഴ തുടരും
കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴ ലഭിക്കും. തെക്കൻ കേരളത്തിലാണ് മഴ ശക്തിപ്പെടുക. കാലവർഷം ഔദ്യോഗികമായി കേരളത്തിൽ എത്തിയിട്ടില്ലെങ്കിലും കാലവർഷക്കാറ്റ് (south west monsoon wind) തെക്കൻ കേരളത്തിലെ ചില ജില്ലകളിൽ മഴ നൽകുന്നതാണ് കാരണം.
ഔദ്യോഗികമായി കാലവർഷം എത്തിയതായി സ്ഥിരീകരിക്കാനുള്ള മാനദണ്ഡങ്ങൾ പൂർത്തിയായിട്ടില്ല. ഇത് ഈ മാസം 31 ഓടുകൂടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. അതിനുശേഷമായിരിക്കും കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Imd) സ്ഥിരീകരിക്കുക.
ഇന്നലെ രാത്രി മുതൽ കൊല്ലത്തിനും ആലപ്പുഴക്കും ഇടയിലുള്ള പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഈ മഴ ഇന്ന് പകലും തുടരും. വടക്കൻ കേരളത്തിൽ കണ്ണൂർ, മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ മേഘാവൃതമായ അന്തരീക്ഷം ഉണ്ടാകും. പക്ഷേ, ശക്തമായ മഴയ്ക്ക് സാധ്യതയില്ല.
കഴിഞ്ഞദിവസം കാലവർഷം ശ്രീലങ്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കന്യാകുമാരി കടലിലും ആൻഡമാൻ ദ്വീപ് സമൂഹങ്ങളിലും വ്യാപിച്ചിരുന്നു. കാലവർഷത്തിന്റെ ഭാഗമായി ലഭിക്കുന്ന മഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതിനെക്കാൾ വ്യത്യസ്തമായി മിന്നൽ കുറയും. മാത്രമല്ല അന്തരീക്ഷത്തിന് തണുപ്പും അനുഭവപ്പെടും. കാലവർഷത്തിന്റെ ഭാഗമായുള്ള മഴയുടെ വെള്ളത്തിനും തണുപ്പ് ഉണ്ടാകും.
മാലദ്വീപിലേക്കും ലക്ഷദ്വീപിൻ്റെ മിനിക്കോയ് ദ്വീപിൻ്റെ ഭാഗങ്ങളിലേക്കും കാലവർഷം എത്തിയതായാണ് സൂചന. വരുംദിവസങ്ങളിലും കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കും. കാലവർഷം എത്തിയതായി മെയ് 31നോ ജൂൺ ഒന്നിനോ സ്ഥിരീകരണം ഉണ്ടാകും. ജൂൺ ആദ്യവാരം കേരളതീരത്ത് ന്യൂനമർദ്ദ പാത്തി (offshore trough) രൂപപ്പെടാനും കേരളത്തിൽ എല്ലായിടത്തും മഴ ശക്തമായി തുടരാനും സാധ്യത.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.