കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ വേനൽ മഴ തുടരും; കാരണം ഇതാണ്

കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ വേനൽ മഴ സജീവമാകുന്നു. ഇന്ന് കേരളത്തിന്റെ വടക്കൻ ജില്ലകളിലും മധ്യ മേഖലയിലും വേനൽ മഴ ലഭിച്ചു. വടക്കൻ കേരളത്തിൽ ഉൾപ്പെടെ അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യതയെന്നും ഉച്ചയ്ക്ക് ശേഷവും വൈകിട്ടും രാത്രിയുമാകും മഴയെന്നും വെതർമാൻ കേരള പറയുന്നു. ഏപ്രിൽ അവസാനത്തോടെ വടക്കൻ കേരളത്തിലുൾപ്പെടെ ഇടിയോടെ മഴ സാധ്യത പ്രവചിച്ചിരുന്നു. ഇതിനു അനൂകൂലമായ അന്തരീക്ഷസ്ഥിതിയാണ് സംജാതമായത്. ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിലും വേനൽ മഴക്കു അനുകൂലമായ അന്തരീക്ഷമാണുള്ളതെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു.

എന്താണ് മഴക്ക് കാരണം?
തെക്കൻ തമിഴ്‌നാടിനു മുകളിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 900 മീറ്റർ ഉയരത്തിലായി രൂപപ്പെട്ട കാറ്റിന്റെ ചുഴിയും ഇതിൽ നിന്ന് വടക്കൻ മധ്യപ്രദേശ് വരെ നീളുന്ന ന്യൂനമർദപാത്തി (Trough) യുമാണ് ഇപ്പോഴത്തെ മഴക്ക് കാരണം. വിദർഭ, തെലങ്കാന, രായലസീമ വഴിയാണ് ഈ ന്യൂനമർദപാത്തി (ട്രഫ്) കടന്നു പോകുന്നത്. ട്രഫ് ഉള്ളതിനാൽ ഈ മേഖലയിൽ കാറ്റിന്റെ ഗതിമുറിവ് (Line of Wind Discountinuety) അനുഭവപ്പെടും. ഇതാണ് വേനൽ മഴക്ക് കാരണമാകുക. ചില ദിവസങ്ങളിൽ ഈ ട്രഫ് ജാർഖണ്ഡിലേക്കും വ്യാപിക്കുന്നുണ്ട്. ദക്ഷിണേന്ത്യയുടെ മധ്യത്തിലൂടെയാണ് ട്രഫ് കടന്നു പോകുന്നതെന്നതിനാൽ വടക്കൻ കേരളത്തിലും മഴ ലഭിക്കാൻ ട്രഫ് സഹായകമാകുമെന്ന് മെറ്റ്ബീറ്റ് വെതർ സ്ഥാപകൻ കൂടിയായ വെതർമാൻ കേരള പറയുന്നു. കനത്ത മഴ വ്യാപകമായി ഉണ്ടാകില്ലെങ്കിലും ഏറെ നേരം നീണ്ടുനിൽക്കാത്ത മഴ ഒറ്റപ്പെട്ടയിടങ്ങളിൽ ലഭിക്കും. ഇടത്തരം മഴയുടെ അളവിലാകും മഴ ലഭിക്കുക. ഇടിമിന്നലും ഉണ്ടാകും. ആന്ധ്രപ്രദേശ്, തെലങ്കാന, തെക്കൻ ഉൾനാടൻ കർണാടക, തമിഴ്‌നാട്, പുതുച്ചേരി, കേരള, കാരൈക്കൽ, മാഹി തുടങ്ങിയ മീറ്റിയോറളജിക്കൽ സബ് ഡിവിഷനുകളിൽ ഈ സിസ്റ്റം മഴ നൽകാനാണ് സാധ്യത. നാളെ (മാർച്ച് 30) നും ഇന്നലെയും ഇന്നും മഴ ലഭിച്ച ലൊക്കേഷനുകളിലാണ് മഴ സാധ്യത.

ഏപ്രിൽ 1ന് ശേഷം മഴ കൂറച്ചൂകൂടി പ്രദേശങ്ങളിലേക്ക് വ്യാപിച്ചേക്കും. ഏപ്രിൽ മൂന്നു വരെ ഈസ്ഥിതി തുടരും. തുടർന്ന് മഴയുടെ ശക്തിയും വ്യാപ്തിയും കുറഞ്ഞു തുടങ്ങുമെങ്കിലും അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും. മാർച്ച് 30 ന് കേരളത്തെ കൂടാതെ തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഒഡിഷ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറം, ത്രിപുര, സിക്കിം, പശ്ചിമബംഗാൾ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഉത്തരേന്ത്യയിൽ പശ്ചിമവാതത്തിന്റെ സ്വാധീമുള്ളതിനാൽ ആലിപ്പഴ വർഷത്തോടെ മഴ ലഭിക്കും. ഡൽഹിയിൽ ഉൾപ്പെടെ മഴക്ക് സാധ്യതയുണ്ട്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment