മധ്യ, തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ; ഇന്ന് വടക്കന്‍ ജില്ലകളിലേക്കും മഴ
ഈ മാസം 12 ന് ശേഷം കേരളത്തില്‍ വീണ്ടും വേനല്‍ മഴ കൂടുതല്‍ പ്രദേശങ്ങളില്‍ ലഭിച്ചുതുടങ്ങുമെന്ന് ഏപ്രില്‍ അഞ്ചിനുള്ള മെറ്റ്ബീറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ രാത്രി മുതല്‍ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ഇന്ന് പുലര്‍ച്ചെ എറണാകുളത്തും മഴ ലഭിച്ചു.
ഇന്ന് ഉച്ചയ്ക്ക് ശേഷം തെക്കന്‍ ജില്ലകളില്‍ ഇടിയോടെ മഴയുണ്ടാകും. മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് ഇന്നും നാളെും മറ്റന്നാളുമുള്ള മഴയുടെ ആനുകൂല്യം കൂടുതല്‍ ലഭിക്കുകയെങ്കിലും വടക്കന്‍ കേരളത്തിലെ ഏതാനും പ്രദേശത്ത് ചാറ്റല്‍ മഴയോ ഇടത്തരം മഴക്കോ സാധ്യതയുണ്ട്.
വടക്കന്‍ കേരളത്തില്‍ ഇന്ന് കോഴിക്കോട് വരെയുള്ള മേഖലകളില്‍ ഇന്ന് മഴ സാധ്യത. ഇതില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് രാത്രിയും പുലര്‍ച്ചെയുമായി മഴ പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയ്ക്ക് സമീപം ഒരു ചക്രവാതച്ചുഴി രൂപപ്പെടുന്നതായും ഇത് മഴക്ക് കാരണമാകുമെന്നും ഏപ്രില്‍ അഞ്ചിനുള്ള മുന്‍പുള്ള പോസ്റ്റുകളില്‍ ഈ വെബ്‌സൈറ്റില്‍ metbeatnews.com വ്യക്തമാക്കിയിരുന്നു. രാത്രി വൈകിയോ പുലര്‍ച്ചെയോ കണ്ണൂര്‍ ജില്ലയുടെ തീരദേശത്തും പയ്യന്നൂര്‍വരെയും മഴ ലഭിച്ചേക്കും.
കോട്ടയത്തെ കുമരകത്താണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 5.7 സെ.മി മഴയാണ് ഇവിടെ പെയ്തത്. തുടര്‍ന്ന് പത്തനംതിട്ടയിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ഇവിടെ 4.4 സെ.മി മഴ പെയ്തു. ആലപ്പുഴയിലെ കരുമാടിയില്‍ 3.8 സെ.മി ഉം ചേര്‍ത്തലയില്‍ 3.2 സെ.മി ഉം തുരുവനന്തപുരം തട്ടാട്ടുമലയില്‍ 1.8 സെ.മി ഉം വെള്ളായിനിയില്‍ 2.9 സെ.മി ഉം മഴ ലഭിച്ചു.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിലാണ് ഇന്നലെ മഴ ലഭിച്ചത്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ ചാറ്റല്‍ മഴ രേഖപ്പെടുത്തി. 2 എം.എം മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്.
അതേസമയം, ഇന്ന് 14 ജില്ലകളിലും ചൂടിനെ തുടര്‍ന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. 2 മുതല്‍ 3 ഡിഗ്രിവരെ താപനിലയില്‍ വര്‍ധനവുണ്ടാകുമെന്നാണ് നിരീക്ഷണം. അന്തരീക്ഷ ആര്‍ദ്രത 60 നും 70 ശതമാനത്തിനും ഇടയിലായതിനാല്‍ ഹീറ്റ് ഇന്റക്‌സ് അഥവാ താപസൂചിക കൂടുതലായി അനുഭവപ്പെടും. ഇത് നമുക്ക് അനുഭവപ്പെടുന്ന ചൂടിന്റെ കാഠിന്യം വര്‍ധിപ്പിക്കുമെന്നും ശാരീരിക അസ്വസ്ഥതതകള്‍ ഉണ്ടാകുമെന്നും മെറ്റ്്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു.
കാലാവസ്ഥ update ആയിരിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ
FOLLOW US ON GOOGLE NEWS