മഴക്കാലമാണ്, ഈ സമയത്തെ ഡ്രൈവിങ് അത്ര സുഖകരമായിരിക്കില്ല. വാഹനം ഓടിക്കുമ്പോൾ കാഴ്ച്ചാപരിധിയെ ( Visibility) മഴ പ്രതികൂലമായി ബാധിക്കും. വണ്ടിക്കും നിങ്ങളുടെ സുരക്ഷക്കും ഇത് ഭീഷണിയാണ്. നിരവധി അപകടങ്ങളാണ് മഴക്കാലത്ത് ഉണ്ടാവുന്നത്. കാറുകളിലെ വിന്‍ഡ്ഷീല്‍ഡില്‍ മൂടല്‍ നിറയുന്നത് ഇക്കാലയളവില്‍ സാധാരണമാണ്. എന്തായാലും വാഹനം ഓടിക്കുമ്പോള്‍ കാഴ്ച മറയുന്നത് അതീവ ഗുരുതരമായ അപകടങ്ങള്‍ക്ക് വഴി വയ്ക്കാനും സാധ്യത ഉയര്‍ത്തുന്നു. വെല്ലുവിളി നിറഞ്ഞ മഴക്കാലത്ത് ഡ്രൈവിങ് സുരക്ഷിതമാക്കാൻ നിങ്ങളെ സഹായിക്കുന്ന ചില നുറുങ്ങുവിദ്യകൾ ചുവടെ നൽകുന്നു.
ഫോഗിങ് അഥവാ ഗ്ലാസുകളിലെ മൂടല്‍ അന്തരീക്ഷത്തിലെ ജലം ആവിയായി ഘനീഭവിച്ച് ചില്ലുപ്രതലത്തില്‍ പരക്കുന്നതാണ്. ഇത് വിന്‍ഡ്ഷീല്‍ഡിനു പുറത്തും ഉള്ളിലും ഉണ്ടാകാം.
വാഹനത്തിനുള്ളിലും പുറത്തും വ്യത്യസ്ത താപനില രൂപപ്പെടുന്നതാണ് ഈ ഫോഗിങ്ങിനു പിന്നിലുള്ള അടിസ്ഥാന കാരണം.
വൈപ്പര്‍
വാഹനത്തിനു പുറത്തെ താപനില വ്യത്യാസം മൂലം രൂപപ്പെടുന്ന ഫോഗ് വലിയ ജലത്തുള്ളികളായി ഗ്ലാസില്‍ നിറയും. പുറത്തുണ്ടാകുന്ന ഈ വ്യതിയാനം വൈപ്പര്‍ ഉപയോഗിക്കുന്നതിലൂടെ പൂര്‍ണമായി പരിഹരിക്കാം. ദീര്‍ഘ ഇടവേളകളില്‍ തനിയെ പ്രവര്‍ത്തിക്കുന്ന വൈപ്പര്‍ സംവിധാനം ഉപയോഗിക്കാം.
ടയർ സുരക്ഷ
മഴക്കാലത്ത് സുരക്ഷ ഉറപ്പാക്കുന്നതിന് വാഹനത്തിന്‍റെ ടയറുകൾ ശരിയായി പരിപാലിക്കേണ്ടത് പ്രധാനമാണ്. ടയറിന്‍റെ തേയ്മാനം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യമായ മർദ്ദം ടയറിലുണ്ടെന്ന് ഉറപ്പാക്കുക. ടയറുകൾ തേയ്മാനം സംഭവിച്ചവയാണെങ്കിൽ നനഞ്ഞ പ്രതലങ്ങളിൽ ട്രാക്ഷൻ കുറവായിരിക്കും. ഇത് റോഡിന് മീതെ ടയറിന്‍റെ നിയന്ത്രണം കുറക്കും. കൃത്യമായ ട്രാക്ഷൻ നിലനിർത്താൻ ഇത്തരം ടയറുകൾ മാറ്റിസ്ഥാപിക്കണം.
പകൽ സമയം ആണെങ്കിലും മഴക്കാലത്തെ ഡ്രൈവിങിൽ ലൈറ്റുകൾ നിർണായക പങ്ക് വഹിക്കുന്നു. ഹെഡ്‌ലൈറ്റുകൾ, ടെയിൽലൈറ്റുകൾ, ടേൺ സിഗ്നലുകൾ എന്നിവയുൾപ്പെടെ എല്ലാ ലൈറ്റുകളും പതിവായി പരിശോധിക്കണം. മങ്ങിയതോ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതോ ആയ ലൈറ്റുകൾ മറ്റ് ഡ്രൈവർമാർക്ക് നിങ്ങളുടെ കാറിലേക്കുള്ള ദൃശ്യപരത കുറക്കുന്നു. ഇത് അപകട സാധ്യത വർധിപ്പിക്കും. കൂടാതെ, നിങ്ങളുടെ ഫോഗ് ലൈറ്റുകൾ പ്രവർത്തക്ഷമമാണെന്നും ഉറപ്പാക്കുക.
ഇലക്ട്രിക്കൽ ഘടകങ്ങൾ സുരക്ഷിതമാക്കുക
വാഹനത്തിന്റെ വൈദ്യുത സംവിധാനത്തിൽ വെള്ളത്തിന്‍റെ സാന്നിധ്യമുണ്ടായാൽ അവ തകരാറിലാവാൻ സാധ്യതയുണ്ട്. മഴയിൽ വൈദ്യുത തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത കുറക്കുന്നതിന് പതിവായി അവ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ബാറ്ററി, ഇഗ്നിഷൻ സിസ്റ്റം, വയറിങ് എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകുക. ഇലക്‌ട്രിക്കൽ കണക്ഷനുകളിൽ ഡൈഇലക്‌ട്രിക് ഗ്രീസ് പുരട്ടുന്നത് ഈർപ്പം അകറ്റാൻ സഹായിക്കും.
കാറിന്റെ പുറംഭാഗം(എക്സ്റ്റീരിയർ) സംരക്ഷിക്കുക
പതിവായി കാർ കഴുകുന്നതും ഉയർന്ന നിലവാരമുള്ള വാക്ല് പൊളീഷുകൾ പുരട്ടുന്നതും വാഹനത്തിന്റെ പുറംഭാഗത്തിന് മഴക്കാലത്ത് സംരക്ഷണമേകും. ജലത്തെ അകറ്റി, തുരുമ്പോ അല്ലെങ്കിൽ പെയിന്റിന് കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുന്നത് തടയുന്നതിലൂടെ വാക്സ് ഒരു സംരക്ഷിത പാളിയായി പ്രവർത്തിക്കുന്നു. കൂടാതെ, വാഹനത്തിൽ വെള്ളം കയറുന്നത് തടയാൻ എല്ലാ ഡോറുകളും ഗ്ലാസുകളും സൺറൂഫും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
സുരക്ഷിതമായ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക
മഴക്കാലത്ത് സുരക്ഷിതമായ പാർക്കിങ് സ്ഥലങ്ങൾ തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ഗാരേജുകളിലോ മുകൾ ഭാഗം മൂടിയ സുരക്ഷിത സ്ഥലങ്ങളിലോ നിങ്ങളുടെ കാർ പാർക്ക് ചെയ്യുക. മരങ്ങൾക്ക് താഴെയുള്ള പാർക്കിങ് ഒഴിവാക്കുന്നതാണ് ഉചിതം. വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെങ്കിൽ ഉയർന്ന പ്രദേശങ്ങളിൽ വാഹനം പാർക്ക് ചെയ്യുക.