മഴയിൽ കുതിർന്ന് സെപ്റ്റംബർ. ആദ്യ 10 ദിവസത്തിനുള്ളിൽ മാസത്തിൽ ലഭിക്കേണ്ട പകുതി മഴയും ലഭിച്ചു. 154 എം എം മഴ ഇതുവരെ ലഭിച്ചു. സെപ്റ്റംബർ മാസത്തിൽ ശരാശരി ലഭിക്കേണ്ട മഴ 272 എം എം ആണ്. അതായത് ഇതുവരെ 57 ശതമാനം മഴ ലഭിച്ചു കഴിഞ്ഞു. ഇനിയും മഴ ലഭിക്കാനിരിക്കെ സെപ്റ്റംബറിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കും. എന്നാൽ കാലവർഷത്തിലെ മഴക്കുറവിനെ പരിഹരിക്കാൻ ഇതിന് കഴിയില്ല. ചരിത്രത്തിലെ തന്നെ ഏറ്റവും മഴ കുറഞ്ഞ ഓഗസ്റ്റ് ആയിരുന്നു ഈ കഴിഞ്ഞത്.
ശരാശരി 42.6 സെന്റിമീറ്റർ മഴ ലഭിക്കേണ്ട ഓഗസ്റ്റ് മാസത്തിൽ ഏകദേശം 6 സെന്റീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഇത്തവണ പേരിനുപോലും മഴ ലഭിക്കാതിരുന്നത് വരാനിരിക്കുന്ന വേനൽക്കാലത്തിന്റെ സൂചനയെന്ന് കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എൽനിനോ പ്രതിഭാസമാണ് ഇത്രയും മഴ കുറയാൻ കാരണം.
ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകൾ
സെപ്റ്റംബർ മാസത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ്. ഇതിൽ പത്തനംതിട്ടയിലും കോഴിക്കോട് ജില്ലയിലും തീവ്ര മഴ ലഭിച്ചു. എന്നാൽ ജൂൺ മുതൽ ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട്, കണ്ണൂർ, എറണാകുളം, കോഴിക്കോട്, ജില്ലകളിലാണ്. സെപ്റ്റംബർ മാസത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ മെറ്റ് ബീറ്റ് വെതർ നിരീക്ഷകർ പറഞ്ഞിരുന്നു. ജൂൺ മാസത്തിലും ഓഗസ്റ്റ് മാസത്തിലും ആണ് മഴക്കുറവ് കൂടുതൽ രേഖപ്പെടുത്തിയത്.
വടക്ക് പടിഞ്ഞാറൻ മദ്ധ്യപ്രദേശിനും വടക്ക് കിഴക്കൻ രാജസ്ഥാനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. സെപ്തംബർ 12 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
കേരളത്തിൽ 41 ശതമാനം മഴ കുറവ്
ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 11 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം കേരളത്തിൽ 41 ശതമാനം മഴ കുറവ് രേഖപ്പെടുത്തി. സെപ്റ്റംബറിൽ ലഭിച്ച മഴയാണ് മഴക്കുറവിനെ കുറച്ചെങ്കിലും പരിഹരിക്കാൻ സഹായിച്ചത്.
കാലവർഷം 20 മുതൽ വിടവാങ്ങും
തെക്കു പടിഞ്ഞാറൻ മൺസൂൺ അഥവാ കാലവർഷം വിട വാങ്ങേണ്ടത് ഈ മാസം രണ്ടാം വാരം മുതലാണ്. വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് സെപ്റ്റംബർ 20 ഓടെ കാലവർഷം വിടവാങ്ങി തുടങ്ങും എന്നാണ് ഞങ്ങളുടെ നിരീക്ഷകരുടെ അഭിപ്രായം. കാലവർഷം ആദ്യം വിടവാങ്ങുന്നത് രാജസ്ഥാനിൽ നിന്നും അവസാനം വിടവാങ്ങുന്നത് കേരളത്തിൽ നിന്നുമാണ്. കേരളത്തിൽനിന്ന് വിടവാങ്ങുന്നതോടെ കാലവർഷം അവസാനിച്ചതായി പ്രഖ്യാപിക്കും. എങ്കിലും സെപ്റ്റംബർ 30 വരെയുള്ള മഴയാണ് കാലവർഷത്തിന്റെ കണക്കിൽ പെടുത്താറുള്ളത്.
ഇത്തവണ ഒക്ടോബർ ആദ്യവാരത്തോടെ കാലവർഷം (South West Monsoon ) വിടവാങ്ങാൻ ആണ് സാധ്യതയെന്നും ഒക്ടോബർ രണ്ടാം വാരത്തോടെ തുലാവർഷം (North East Monsoon) എത്തുമെന്നും ഞങ്ങളുടെ വെതർമാൻ (Weatherman Kerala) പറഞ്ഞു. എൽ നിനോ നിലനിൽക്കുന്നതിനാൽ ഇത്തവണ തുലാവർഷം കുറയുമെന്ന് ചില കാലാവസ്ഥ പ്രവചന മാതൃകകളിൽ (NWP) പറയുന്നുണ്ട്. എന്നാൽ തുലാവർഷം സാധാരണ പോലെ ലഭിക്കാനാണ് സാധ്യതയെന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ നിഗമനം. ഇപ്പോൾ പെയ്യുന്ന മഴ ഭൂമിയിലേക്ക് ഇറക്കുകയോ കിണറുകളിൽ റീചാർജ് ചെയ്യുകയോ ചെയ്താലേ വരുന്ന വേനൽക്കാലത്തെ വരൾച്ചയിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയുകയുള്ളൂ.