കേരളത്തിൽ കടലാക്രമണം രൂക്ഷം; വിവിധ ഇടങ്ങളിൽ വെള്ളം കയറി
കേരളത്തിൽ കടലാക്രമണം രൂക്ഷം. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, തൃശൂർ എന്നിവിടങ്ങളില്‍ അതിശക്തമായ കടല്‍ക്ഷോഭം ഉണ്ടായി.
തൃശ്ശൂര്‍ പെരിഞ്ഞനം ബീച്ചിലാണ്കടലേറ്റം. വലിയ തിരകള്‍ ശക്തമായി കരയിലേക്ക് അടിച്ചു കയറുകയാണ്. വെള്ളവും മണ്ണും അടിച്ചു കയറി മത്സ്യബന്ധന വലകള്‍ നശിച്ചു.
രാവിലെ കമ്പനിക്കടവ് ഭാഗത്ത് കടല്‍ ചുഴലി ഉണ്ടായിരുന്നതായും നാട്ടുകാര് പറഞ്ഞു. പെരിഞ്ഞനം സമിതി ബീച്ച്, കയ്പമംഗലം വഞ്ചിപ്പുര എന്നിവിടങ്ങളിലാണ് കടലേറ്റമുള്ളത്.
തിരുവനന്തപുരം പൂവ്വാര്‍ മുതല്‍ പൂന്തുറ വരെയുള്ള ഭാഗത്താണ് ശക്തമായ കടലാക്രമണം ഉണ്ടായത്. പൊഴിയൂരില്‍ കടലാക്രമണത്തില്‍ മത്സ്യബന്ധന ഉപകരണങ്ങളും യാനങ്ങളും നശിച്ചു. റോഡുകള്‍ തകര്‍ന്നു.കോവളത്തും ശക്തമായ തിരയടിയുണ്ടായി. റോഡിലേക്കും കടകളിലേക്കും വെള്ളം കയറി. കോവളം ബീച്ചിലേക്ക് പ്രവേശനം നിരോധിച്ചു.
തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയില്‍ ശക്തമായ വേലിയേറ്റം ഉണ്ടാകുന്നതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുമ്പയില്‍ 100 മീറ്ററോളം തിരമാല അടിച്ചു കയറുകയും ചെയ്തു. ചേര്‍ത്തല പള്ളിപ്പുറം മേഖലകളില്‍ കടലാക്രമണം ശക്തമാണ്. വേലിയേറ്റമാണ് കടലാക്രമണത്തിന് കാരണമെന്നാണ് പറയുന്നത്.
ഇന്ന് ഉച്ചയോടെയാണ് കടലാക്രമണം തുടങ്ങിയത്. പൂന്തുറയില്‍ വള്ളങ്ങള്‍ കൂട്ടിയിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ശക്തമായി തിരയടിച്ച് വള്ളങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം.
അഞ്ചുതെങ്ങ്, വര്‍ക്കല മേഖലകളില്‍ ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെടുന്നത്.കൊല്ലത്ത് അതിശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെട്ടത്. വര്‍ക്കല മുതല്‍ കൊല്ലത്തിന്റെ അങ്ങേ തീരം വരെയാണ് അപ്രതീക്ഷിതമായ കടല്‍ ക്ഷോഭം ഉണ്ടായത്. കാലാവസ്ഥയിലെ മാറ്റമാണ് കടല്‍ ക്ഷോഭത്തിന് കാരണം എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
നിലവില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. വലിയ തോതിലുള്ള ഭീതിയിലും ആശങ്കയിലുമാണ് നാട്ടുകാര്‍. സാധനങ്ങളെല്ലാം കരയ്ക്ക് കയറ്റിവെച്ചിരിക്കുകയാണ്. നാളെ മുതല്‍ കടലില്‍ പോകാന്‍ പറ്റില്ലെന്നും പ്രദേശത്തെ മത്സ്യത്തൊഴിലാളി പ്രതികരിച്ചു. ഇന്നലെ രാത്രി മുതലാണ് കടല്‍ക്ഷോഭം ഉണ്ടാകാന്‍ തുടങ്ങിയത്.ആലപ്പുഴയിലെ ആറാട്ടുപുഴ, തൃക്കുന്നപുരം തീരങ്ങള്‍, അമ്പവപ്പുഴ, പുറക്കാട്, വളഞ്ഞവഴി തുടങ്ങിയ മേഖലകളിലും കടലാക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.