Saudi weather 27/11/24: ശൈത്യ കാലം ആരംഭിക്കുന്നു, ഉത്തരദേശത്ത് അതിശൈത്യത്തിന് സാധ്യത
അതിശൈത്യത്തിന് തയ്യാറെടുത്ത് സൗദി അറേബ്യ. സൗദി അറേബ്യയുടെ ഉത്തരദേശത്ത് ഈ വാരാന്ത്യത്തോടെ അതിശൈത്യം എത്തുമെന്ന് കാലാവസ്ഥ വകുപ്പ്. ഇക്കാര്യം പറഞ്ഞത് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗ്ധന്‍ ഉഖൈല്‍ അല്‍ഉഖൈലാണ്. കുറഞ്ഞ താപനില പൂജ്യം ഡിഗ്രിയിലെത്തുമെന്നും, വാരാന്ത്യത്തോടെ റിയാദില്‍ കുറഞ്ഞ താപനില ഒൻപത് ഡിഗ്രിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും മഴ തുടരുമെന്നും ncm. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിനു കീഴിലെ ഉപഗ്രഹങ്ങള്‍ നൽകുന്ന വിവരം അനുസരിച്ച് മക്ക പ്രവിശ്യയുടെ ദക്ഷിണ തീരപ്രദേശങ്ങളിലും അല്‍ബാഹയിലെ ഹൈറേഞ്ചുകളിലും ഇടതൂര്‍ന്ന മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. അതിനാൽ അല്‍ബാഹയിലും മക്ക പ്രവിശ്യയുടെ ചില ഭാഗങ്ങളിലും ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് ncm അറിയിച്ചു. മദീന പ്രവിശ്യയുടെ കിഴക്കു ഭാഗങ്ങളിലും അല്‍ഖസീം, ഹായില്‍ പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും ഇതേ കാലവസ്ഥ ആയിരിക്കും അനുഭവപ്പെടുക.
ശൈത്യകാലത്തിന്റെ ആരംഭത്തോടെ സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ കനത്ത മഴ ലഭിക്കും. ഇതോടൊപ്പമുള്ള തണുത്ത വായു തരംഗം താപനില ഗണ്യമായി കുറക്കുകയും ചെയ്യും. ഗോളശാസ്ത്രപരമായി സൗദിയില്‍ ശൈത്യ കാലം ആരംഭിക്കുക ഡിസംബര്‍ ഒന്നു മുതല്‍ ആണ്. ഇത് താപനില വ്യതിയാനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന കാലമാണിത്.
തിങ്കള്‍ രാത്രി മുതല്‍ ചൊവ്വ പുലര്‍ച്ചെ വരെയുള്ള സമയത്ത് തബൂക്ക്, ഉത്തര അതിര്‍ത്തി പ്രവിശ്യ, അല്‍ജൗഫ്, ഹായില്‍, കിഴക്കന്‍ പ്രവിശ്യയുടെ വടക്കു ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ താപനില കുറയുമെന്ന് ncm മുന്നറിയിപ്പ് നൽകിയിരുന്നു. കുറഞ്ഞ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ അഞ്ചു ഡിഗ്രി വരെ ആയിരിക്കും. തണുത്ത വായു തരംഗം കിഴക്കന്‍ പ്രവിശ്യ, റിയാദ്, അല്‍ഖസീം എന്നീ പ്രവിശ്യകളെയും ബാധിക്കാൻ സാധ്യതയുണ്ട്. ഇവിടെ താപനില ഒൻപത് ഡിഗ്രി മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തും . താപനില സാധാരണ നിലയിലാകുക ഡിസംബര്‍ ഏഴിന് ഈ തരംഗം അവസാനിക്കുന്നതോടെ ആണ്.
നാളെ മഴയ്ക്കുവേണ്ടി പ്രത്യേക പ്രാർത്ഥന
സൗദി അറേബ്യയിൽ വ്യാഴാഴ്ച മഴ പ്രാർഥന നടക്കും. സമൃദ്ധമായ മഴയ്ക്ക് വേണ്ടി രാജ്യത്തുടനീളം മഴ പ്രാർഥന നടത്താൻ ഭരണാധികാരി സൽമാൻ രാജാവ് നിർദേശിച്ചതായി റോയൽ കോർട്ട് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. വിവിധ പള്ളികളിൽ നമസ്കാരം നടക്കും.