ksa weather 07/02/24: സൗദിയിൽ മഴ സാധ്യത : പലയിടത്തും മഞ്ഞുവീഴ്ച
മധ്യ ധരണ്യാഴി (Mediterranian Sea) ൽ നിന്നുള്ള പശ്ചിമവാതം (Western Disturbance) ശക്തമായതോടെ സൗദി അറേബ്യയിൽ വീണ്ടും ശൈത്യം പിടിമുറുക്കുന്നു. വടക്കുപടിഞ്ഞാറൻ സൗദിയിലെ പർവത പ്രദേശങ്ങളിൽ ഇന്നലെ മഞ്ഞുവീഴ്ചയുണ്ടായി.
തബൂക്കിലെ ജബൽ അല്ലൗസിലും മറ്റ് മലനിരകളിലും താഴ് വാരങ്ങളിലും തുറൈഫ്, അൽ ഖുറയാത്ത് എന്നിവിടങ്ങളിലും താപനില ഗണ്യമായി കുറഞ്ഞു. ഇവിടങ്ങളിൽ മഞ്ഞുവീഴ്ചയുമുണ്ടായി. താപനില പൂജ്യത്തോട് അടുത്താണ് പലയിടത്തും അനുഭവപ്പെടുന്നത്.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഓരോ ദിവസം കഴിയുംതോറും താപനില ക്രമാതീതമായി കുറയുകയാണ്. ശക്തമായ ഉപരിതല കാറ്റും (surface wind) ചിലയിടങ്ങളിൽ പൊടിക്കാറ്റും (dust storm ) ഉണ്ടായതായി റിപ്പോർട്ടുണ്ട്.
നജ്‌റാൻ, റിയാദ് എന്നിവിടങ്ങളിലും കിഴക്കൻ മേഖലകളുടെ ചില ഭാഗങ്ങളിലും പൊടിക്കാറ്റ് റിപ്പോർട്ട് ചെയ്തു. ഇവിടെ കാഴ്ചാ പരിധി കുറഞ്ഞു. ജീസാൻ, അസീർ, അൽബാഹ പർവതനിരകളുടെ ചില ഭാഗങ്ങളിൽ ചാറ്റൽ മഴക്കും മൂടൽമഞ്ഞ് രൂപപ്പെടാനും അടുത്ത ദിവസങ്ങളിൽ സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
രാജ്യത്തിെൻ്റെ വടക്കൻ അതിർത്തി പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. അൽജൗഫ്, തബൂക്ക് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച തുടരുമെന്നും കാലാവസ്ഥ അവലോകനത്തിൽ പറയുന്നു.
സൗദിയിൽ വരും ദിവസങ്ങളിൽ മഴ സാധ്യതയുണ്ടെന്നും പടിഞ്ഞാറ്, മധ്യ മേഖലകളിൽ ആണ് മഴക്കും മഞ്ഞു വീഴ്ചക്കും സാധ്യതയെന്നും Metbeat Weather പറഞ്ഞു.