മംഗോളിയയിൽ ചുവന്ന ആകാശം;
എന്താണ് മാറ്റത്തിനു പിന്നിൽ?
ഏഷ്യൻ രാജ്യമായ മംഗോളിയയിൽ ആകാശം കഴിഞ്ഞ ദിവസം ചുവന്നനിറത്തിലായിരുന്നു. ചുവന്ന നിറത്തിലുള്ള ആകാശത്തിന്റെ നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലെത്തിയ ഒരു സൗരവാതം കാരണമാണ് പ്രതിഭാസമുടലെടുത്തതെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.
ധ്രുവപ്രദേശങ്ങളിൽ ധ്രുവദീപ്തി ഉണ്ടാകുന്നതു പോലുള്ള ഒരു പ്രതിഭാസമാണ് ഇത്. ധ്രുവദീപ്തി പൊതുവെ പച്ചനിറത്തിലാണു കാണപ്പെടുന്നത്. എന്നാൽ ഇവിടെ സൗരവാതകണങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 241 കിലോമീറ്റർ ഉയരെ ഓക്സിജനുമായി പ്രവർത്തിച്ചതിനാലാണ് ചുവന്ന ആകാശം ഉണ്ടായതെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.
കഴിഞ്ഞവർഷം ചൈനയിലെ തുറമുഖനഗരമായ സൂഷാനിലെ ആകാശം രക്തനിറത്തിൽ ചുവന്നു തുടുത്തത് ആളുകളെ പരിഭ്രാന്തിയിൽ ആഴ്ത്തിയിരുന്നു.
ലോകാവസാനത്തിന്റെ ചിഹ്നമാണ് ഇതെന്നായിരുന്നു ചിലർ പറഞ്ഞു പരത്തിയത്. ജനങ്ങളിൽ പലരും കടുംചുവപ്പു നിറത്തിലുള്ള ആകാശത്തിന്റെ ചിത്രങ്ങളും വിഡിയോകളും എടുക്കുകയും അതു സോഷ്യമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
എന്നാൽ കാലാവസ്ഥ സുഗമമായിരിക്കുന്ന സമയത്ത് അന്തരീക്ഷത്തിലെ ജലാംശം എയ്‌റോസോളുകളായി മാറുമെന്നും ഇവ മത്സ്യബന്ധന നൗകകളിൽ നിന്നും കപ്പലുകളിൽ നിന്നുമുള്ള പ്രകാശം വലിയ രീതിയിൽ അപവർത്തനവും ചിതറിക്കലും നടത്തുന്നതാണു ചുവന്ന ആകാശത്തിനു കാരണമാകുന്നതെന്ന് അധികൃതർ കണ്ടെത്തി.
കാലിഫോർണിയയിലും മുൻപ് ഇതേ പ്രതിഭാസം സംഭവിച്ചിരുന്നു.
അന്റാർട്ടിക്കയിൽ കഴിഞ്ഞ ജൂലൈയിൽ ആകാശം കടുംപിങ്ക്, വയലറ്റ് നിറത്തിലായത് ശാസ്ത്രജ്ഞരെ ഞെട്ടിച്ചിരുന്നു. എന്നാൽ താമസിയാതെ ഈ വിചിത്ര പ്രതിഭാസത്തിന്റെ കാരണം ശാസ്ത്ര സമൂഹം കണ്ടെത്തി. 2022 ജനുവരി 13നു സംഭവിച്ച ടോംഗ ഭൂചലനമാണ് ഇതിനു പിന്നിലെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.