ഉത്തരാർധ ഗോളത്തിൽ 18 മണിക്കൂർ റമദാൻ വ്രതം, കാരണം അറിയാം
ലോക വിവിധ രാജ്യങ്ങളിൽ റമദാൻ വ്രതാനുഷ്ഠാനം തുടങ്ങി. കേരളത്തിലും ഇന്ന് മുതൽ മുസ്‌ലിംകൾ വ്രതാചരണം തുടങ്ങി. ഭൂമിയിലെ സ്ഥാനം, സൂര്യൻ്റെ രശ്മികൾ ഭൂമിയിൽ പതിക്കുന്നതിന്റെ സ്ഥാനം തുടങ്ങി നിരവധി ഘടകങ്ങൾ വിവിധ രാജ്യങ്ങളിൽ പകൽ ദൈർഘ്യം വ്യത്യാസം വരുത്തുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ദൈർഘ്യമുള്ളതും കുറഞ്ഞതുമായ നോമ്പ് ഏതു രാജ്യങ്ങളിൽ ആണ് എന്ന് നോക്കാം.
എന്താണ് റമദാൻ വ്രതം
ചന്ദ്രനെ ആസ്പദമാക്കിയുള്ള ഹിജ്‌റ കലണ്ടറിലെ ഒന്‍പതാമത്തെ മാസമാണ് റമദാന്‍. ഈ മാസം മുഴുവന്‍ പകല്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതം അനുഷ്ഠിക്കുക മുസ് ലിംകള്‍ക്ക് നിര്‍ബന്ധ ആരാധനയാണ്. റമദാന്‍ അല്ലാത്ത സമയത്തും ചില ദിവസങ്ങളിലൊഴികെ ഉപവാസം (വ്രതം) ഐച്ഛികമാണെന്നാണ് ഇസ് ലാമിക വിശ്വാസം.
ലോകത്ത് ഏറ്റവും ദൈര്‍ഘ്യമുള്ള റമദാന്‍ ഈ വര്‍ഷം ഗ്രീന്‍ലാന്റിലാണ്. 18 മണിക്കൂറോളം നേരമാണ് ഇവിടെയുള്ളവര്‍ വ്രതമനുഷ്ഠിക്കേണ്ടി വരിക. ഭൂമിയുടെ ഉത്തരാർധ ഗോള (Northern Hemisphere) ത്തിൽ ആണ് ഗ്രീൻലാന്റും ഐസ്‌ലാന്റും ഉൾപ്പെടുക. അതിനാൽ തന്നെ അവിടെ ദൈർഘ്യവും കൂടുതലാണ്. ഇപ്പോൾ സുര്യ പ്രകാശം പതിക്കുന്നത് ഭൂമധ്യരേഖ (Equator) ന് തെക്കാണ്. അതിനാലാണ് പകൽ ദൈർഘ്യം ഉത്തരാർധ ഗോളത്തിൽ കൂടുന്നത്. ധ്രുവത്തിലേക്ക് പോകുന്നതോറും പകൽ ദൈർഘ്യം കൂടും.
എന്തുകൊണ്ട് സമയ വ്യത്യാസം
ഹിജ്‌റ കലണ്ടര്‍ ചന്ദ്രന്റെ രാപകലുകള്‍ അടിസ്ഥാനമാക്കിയാണെങ്കിലും വ്രതം ഭൂമിയിലെ രാപകലുകള്‍ അടിസ്ഥാനമാക്കിയാണ് നിര്‍വഹിക്കുന്നത്. അതിനാല്‍ പകല്‍ദൈര്‍ഘ്യത്തിന് അനുസരിച്ച് വ്രതത്തിന്റെ ദൈര്‍ഘ്യം ഒരോ രാജ്യങ്ങളിലും വ്യത്യാസപ്പെട്ടിരിക്കും. പുലർച്ചെയുള്ള സുബഹി ബാങ്ക് (പ്രഭാത പ്രാർത്ഥനക്കുള്ള അറിയിപ്പ് ) മുതൽ അസ്തമയ സമയത്തെ മഗ്രിബ് വരെ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചാണ് വ്രതം അനുഷ്ഠിക്കുന്നത്. രോഗികൾ, യാത്രക്കാർ, ഗർഭിണികൾ, ചെറിയ കുട്ടിൾ തുടങ്ങിയവർക്ക് വ്രതം നിർബന്ധമില്ല.
മാസപ്പിറവിയും ചന്ദ്ര കലണ്ടറും
ചന്ദ്രൻ സാവധാനം കറങ്ങുന്ന ഒരു ഉപഗ്രഹം ആണ്. ഒരു ദിവസം ഭ്രമണം ചെയ്യാൻ ചന്ദ്രൻ എടുക്കുന്ന സമയം ഭൂമിയിലെ 27.3 ദിവസമാണ്. കൃത്യമായി പറഞ്ഞാല്‍ 27 ദിവസവും 7 മണിക്കൂറും 43 മിനുട്ടും 11.5 സെക്കന്റും. ഇതാണ് ചന്ദ്ര മാസം ( lunar calendar) ഹിജ്റ കലണ്ടറിലെ അത്തരമൊരു ചന്ദ്രമാസമാണ് റമദാനും. ജ്യോതിശാസ്ത്ര കണക്ക് പ്രകാരം 28 ദിവസത്തോളമാണ് ഒരു ചന്ദ്രമാസമെങ്കിലും ചന്ദ്രപിറവി കണ്ണുകൊണ്ട് ദര്‍ശിക്കണം എന്ന മതാചാര പ്രകാരമാണ് ചന്ദ്രമാസം 29 ഉം 30 മായി മാറുന്നത്.
ന്യൂമൂണ്‍ കണ്ണുകൊണ്ട് കാണാനുള്ള തീവ്രതയുണ്ടാകാറില്ല. പക്ഷേ അന്ന് ചന്ദ്രനുദിച്ചിട്ടുണ്ടാകും. ഇതു പക്ഷേ മതാചാര പ്രകാരം മാസപ്പിറവി ആയി കണക്കാക്കാറില്ല. ചന്ദ്രപ്പിറവി കണ്ണുകൊണ്ട് കണ്ട് ബോധ്യപ്പെടുക എന്ന് അദ്ദേഹം പറയുന്നതിനാലാണ് ജ്യോതിശാസ്ത്രത്തിലെ കണക്കുകൾ ഇതിനു മാനദണ്ഡമാക്കാത്തത്.
ധ്രുവങ്ങളില്‍ പകല്‍ ദൈര്‍ഘ്യം കൂടുന്നത്
ഇത്തവണ 12 മുതല്‍ 18 മണിക്കൂര്‍ വരെയാണ് വിവിധ രാജ്യങ്ങളില്‍ വ്രതത്തിന്റെ ദൈര്‍ഘ്യം. ഉത്തരാര്‍ധ ഗോളത്തിലെ ധ്രുവമേഖലയിലെ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ പകല്‍ദൈര്‍ഘ്യമുള്ളത്. ഇതിനു കാരണം ഇപ്പോള്‍ സൂര്യന്‍ ദക്ഷിണാര്‍ധ ഗോളത്തിനും ഭൂമധ്യരേഖയ്ക്കും സമീപത്താണ്. മാര്‍ച്ച് 21 ന് വിഷുവം (Equinox) നടക്കുമ്പോഴാണ് ഭൂമധ്യരേഖയില്‍ (Equator) പകലും രാത്രിയും തുല്യമാകുക. അഥവാ സൂര്യപ്രകാശം ഭൂമധ്യരേഖയിൽ നേരിട്ട് പതിക്കാൻ തുടങ്ങുക. ഭൂമധ്യ രേഖയില്‍ നിന്ന് അധികം അകലെയല്ലാത്ത കേരളത്തിലും ഈ സമയം പകലും രാത്രിയും ഏതാണ്ട് തുല്യമാകും.
ഏറ്റവും ദൈര്‍ഘ്യം ഇവിടെ
ഏറ്റവും ദൈര്‍ഘ്യമുള്ള നോമ്പ് ഇത്തവണ ഗ്രീന്‍ലാന്റിലാണ്. 17 മണിക്കൂറും 52 മിനുട്ടുമാണ് ഇവിടെ വ്രതം അനുഷ്ഠിക്കേണ്ടത്. ഗ്രീന്‍ലാന്റിന്റെ സ്ഥാനം ഭൂമിയില്‍ ഉത്തരാര്‍ധ ഗോളത്തില്‍ 71.70 ഡിഗ്രി വടക്കാണ്. ഐസ് ലാന്റിന് 64.90 ഡിഗ്രി വടക്കാണ് സ്ഥാനം.
ഐസ് ലാന്റില്‍ 17 മണിക്കൂറും 25 മിനുട്ടുമാണ് വ്രതം ഉണ്ടാകുക. ഫിന്‍ലന്റില്‍ 17 മണിക്കൂറും 09 മിനുട്ടും ആണ് നോമ്പിന്റെ ദൈര്‍ഘ്യം. സ്വീഡനില്‍ 16 മണിക്കൂറും 47 മിനുട്ടും സ്‌കോട്‌ലന്റില്‍ 16 മണിക്കൂറും 07 മിനുട്ടും നോമ്പ് അനുഷ്ഠിക്കേണ്ടിവരും.
ദൈര്‍ഘ്യം കുറവ് ഈ രാജ്യങ്ങളില്‍
സൂര്യന്‍ ദക്ഷിണാര്‍ധ ഗോളത്തിനു മുകളിലായതിനാല്‍ ഇവിടെ പകല്‍ദൈര്‍ഘ്യം കുറവും രാത്രി കൂടുതലുമാണ്. ഭൂമധ്യരേഖാ പ്രദേശത്ത് ഈ മാസം 21 ന് സൂര്യന്‍ ഇവിടെയെത്തുകയും രാത്രിയും പകലും തുല്യമാകുകയും ചെയ്യും. ന്യൂസിലാന്റ് ദക്ഷിണാര്‍ധ ഗോളത്തിലെ 40.90 ഡിഗ്രി തെക്കാണ് സ്ഥിതി ചെയ്യുന്നത്. ന്യൂസിലാന്റിലാണ് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ നോമ്പുള്ളത്. 12 മണിക്കൂറും 42 മിനുട്ടുമാണ് ഇവിടെ നോമ്പനുഷ്ഠിക്കേണ്ടിവരിക.
ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയില്‍ 12 മണിക്കൂറും 43 മിനുട്ടും ഓസ്‌ട്രേലിയയില്‍ 12 മണിക്കൂറും 46 മിനുട്ടും ഉറുഗ്വേയില്‍ 12 മണിക്കൂറും 47 മിനുട്ടും ഭൂമധ്യരേഖാ പ്രദേശത്തെ ദക്ഷിണാഫ്രിക്കയില്‍ 12 മണിക്കൂറും 48 മിനുട്ടും റമദാന്‍ വ്രതത്തിന് ദൈര്‍ഘ്യമുണ്ടാകും. ദക്ഷിണാര്‍ധ ഗോളത്തില്‍ നിന്ന് ഭൂമധ്യരേഖയിലേക്ക് വരുംതോറും പകല്‍സമയ ദൈര്‍ഘ്യം കൂടുന്നതായി കാണാം.
ഓരോ വർഷവും സൂര്യ, ചന്ദ്ര കലണ്ടറുകളിൽ 10-12 ദിവസം വ്യത്യാസമുള്ളതിനാൽ ഒരോ വർഷവും റമദാൻ ഓരോ സീസണിലാകും വരിക. ഇത്തവണ കേരളത്തിൽ വേനലിൽ ആണെങ്കിൽ കുറച്ച് വർഷങ്ങൾ കഴിക്കാൽ ശൈത്യകാലത്തോ മൺസൂൺ കാലത്തോ വരും.
വായനക്കാർക്ക് metbeatnews.com ൻ്റെ റമദാൻ ആശംസകൾ.