മഴക്കെടുതിയിൽ ഉത്തരേന്ത്യ: മണ്ണിടിച്ചിൽ, ഗതാഗത തടസം; യമുനാതീരത്ത് അതീവ ജാഗ്രതാ നിർദേശം

കാലവർഷം കനത്തതോടെ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ടും ജാഗ്രത നിർദ്ദേശവും. യമുനാ നദിയുടെ തീരത്തുള്ള 163 ഗ്രാമങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. സരസ്വതി, മാർക്കണ്ഡ നദികളുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കുരുക്ഷേത്രയിലെ ഗ്രാമവാസികളോടും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴയാണ് ഹരിയാനയിൽ പെയ്യുന്നത്. കാലാവസ്ഥ വകുപ്പിന്‌റെ കണക്കകള്‍ പ്രകാരം ഹരിയാനയിൽ 9 മണിക്കൂറിനിടെ ലഭിച്ചത് 38.9 മില്ലി മീറ്റര്‍ മഴയാണ്. സാധാരണത്തേതിനേക്കാള്‍ 764 ശതമാനം അധികമാണിത്.

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് നിർദേശിച്ചു. പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുമയോൺ മേഖലയിൽ തുടർച്ചയായ മഴയുണ്ടായതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ തനക്പൂർ-പിത്തോരാഗഡ് റൂട്ടിന് ചുറ്റുമുള്ള ചില സ്ഥലങ്ങളിൽ ദേശീയപാത- 9 അടച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് ഗംഗോത്രി ഹൈവേ രണ്ടിടത്ത് തടസപ്പെട്ടതിനാൽ കൻവാഡ് മേഖലയിൽ തീർഥാടകർ കുടുങ്ങിക്കിടക്കുകയാണ്.

നദി കരകവിഞ്ഞൊഴുകുകയും റോഡുകളിലേക്ക് കല്ലുകൾ വീഴുകയും ചെയ്യുന്ന സാഹചര്യത്തിൽ കുളു- മണാലി എന്നിവിടങ്ങളിൽ നിന്ന് അടൽ ടണലിലേക്കും റോഹ്താങ്ങിലേക്കുമുള്ള ഗതാഗതം പൂർണ്ണമായും നിർത്തിവച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ 36 മണിക്കൂറിനിടെ സംസ്ഥാനത്ത് പതിമൂന്ന് ഉരുൾപൊട്ടലും ഒൻപത് വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തിരുന്നു.

അതേ സമയം 41 വർഷത്തിനിടെയുള്ള ഏറ്റവും കനത്ത മഴയ്ക്കാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. പല റോഡുകളും വെള്ളക്കെട്ട് കാരണം അടച്ചിട്ടിരിക്കുകയാണ്.ഡൽഹിയിൽ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ 17 ഉത്തര റെയിൽവേ ട്രെയിനുകൾ നിർത്തലാക്കുകയും 12 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്‌തു.മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഡൽഹി, രാജസ്ഥാൻ, യുപി, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും അവസ്ഥ വളരെ മോശമാണ്. ഹിമാചലിൽ തിങ്കളാഴ്ചയും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ജനങ്ങളോട് അടുത്ത 24 മണിക്കൂർ വീടിനുള്ളിൽ തന്നെ തുടരണമെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു അഭ്യർത്ഥിച്ചു. ഹിമാചലിൽ മാത്രം ഇതുവരെ 14 ജീവനുകളാണ് മഴക്കെടുതിയിൽ പൊലിഞ്ഞത്.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment