കേരളത്തിൽ മഴ തുടരുന്നു: രണ്ടുപേരെ ഒഴുക്കിൽപ്പെട്ട് കാണാതായി; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ നിന്നും കനത്ത മഴ തുടരുകയാണ്. മലയോരമേഖലകളിൽ മഴ കനക്കും എന്നും ശക്തമായ കാറ്റിനു സാധ്യത എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരത്ത് മഴ മുന്നറിയില്ല. കൊല്ലത്ത് യെല്ലോ അലർട്ട് ആണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാസർകോട് കണ്ണൂർ തൃശ്ശൂർ എറണാകുളം ഇടുക്കി കോട്ടയം എന്നീ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ആലപ്പുഴയിലെ കുട്ടനാട്ട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂരില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. എംജി, കണ്ണൂർ, സാങ്കേതിക സർവ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.

അതേസമയം മലപ്പുറം അമരമ്പലം പുഴയില്‍ മുത്തശ്ശിയെയും പേരക്കുട്ടിയെയും ഒഴുക്കില്‍പെട്ട് കാണാതായി.പുലര്‍ച്ചെ ബലിയിടാനെത്തിയ കുടുംബത്തിലെ അഞ്ചുപേരാണ് ഒഴുക്കില്‍ പെട്ടത്, മൂന്നുപേരെ രക്ഷപെടുത്തുകയായിരുന്നു. സുശീല (60),അനുശ്രീ(12) എന്നിവർക്കായുള്ള തിരച്ചിൽ തുടരുന്നു.

നദികളിൽ ജലനിരപ്പു ഉയരുന്നു

ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി ഡാം തുറന്നു, പാംബ്ല ഡാമും തുറക്കും. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഇടുക്കിയിലെ മലയോര പ്രദേശത്ത് രാത്രിയാത്രകള്‍ നിരോധിച്ചിട്ടുണ്ട്. വൈകീട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ ആറ് വരെയാണ് നിരോധനം. കോട്ടയത്ത് മഴ ശമനമില്ലാതെ തുടരുകയാണ്. കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും കടലാക്രമണം രൂക്ഷമാണ്. എറണാകുളത്ത് 48 മണിക്കൂറായി മഴ നിര്‍ത്താതെ പെയ്യുകയാണ്. കൊച്ചിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് തുടങ്ങി.

പത്തനംതിട്ടയിലെ മണിയാര്‍ ഡാം തുറന്നു. പമ്പ, കക്കാട്ടാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. പമ്പ, അച്ചന്‍കോവില്‍, മണിമല നദികള്‍ കരതൊട്ട് ഒഴുകുന്നു. പെരിയാറിൽ ജലനിരപ്പ് ഉയരുന്നുണ്ട്. ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി.

സഞ്ചാരികൾക്ക് നിയന്ത്രണം

കനത്തമഴയില്‍ മണ്ണിടിച്ചല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗവിയില്‍ യാത്രക്കാര്‍ക്ക് നിയന്ത്രണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികളെ കയറ്റിവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു. തിരുവന്തപുരത്ത് പൊന്മുടിയിലും സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ഉറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment