ഇരു ന്യൂനമർദ്ദങ്ങളും കരകയറി ശക്തികുറഞ്ഞെങ്കിലും കേരളത്തിൽ ഇന്നും (02/10/23) മഴ തുടരും. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു മഴക്ക് ശക്തി കുറവായിരിക്കും. അറബിക്കടലിൽ രൂപപ്പെട്ട മേഘങ്ങൾ ഇടവേളകളുടെ കരകയറുകയാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത് പോലുള്ള ശക്തമായ തുടർച്ചയായ മഴക്ക് സാധ്യതയില്ല.
ഇന്ന് തൃശൂർ മുതൽ തെക്കോട്ടുള്ള ജില്ലകളിലാണ് മഴ സാധ്യത. മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖലകളിലും കോഴിക്കോട്, കണ്ണൂർ ജില്ലകളുടെ തീരദേശം ഇടനാട് പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയുണ്ടാകും.
തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ മഴയെ തുടർന്ന് ചില വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തും വെള്ളക്കെട്ട് രൂക്ഷമായി. തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ മേഖലയിലും കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ജാഗ്രത പാലിക്കുക.
കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലകൾക്കുള്ള സാധ്യതയും ഉണ്ട്. വടക്കൻ കേരളത്തിൽ ഇന്നലത്തെ അപേക്ഷിച്ച് മഴ വളരെ കുറവാകും. ന്യൂനമർദ്ദം കരകയറി എങ്കിലും കേരളത്തിൽ നിന്നുള്ള കാറ്റിനെ നേരിയതോതിൽ സ്വാധീനിക്കുന്നുണ്ട്. അറബിക്കടലിൽ മേഘരൂപീകരണവും നടക്കുന്നുണ്ട്. അതിനാലാണ് മഴ തുടരുന്നത്. എങ്കിലും മഴയുടെ ശക്തി കുറയുന്നത് ആശ്വാസകരമാണ്.