സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ നാളെ മുതൽ ഞായറാഴ്ച വരെ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ ഇടിയും മിന്നലും അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. മക്ക ഉൾപ്പെടെ പടിഞ്ഞാറൻ പ്രവിശ്യയിൽ നാളെ ഉച്ചകഴിഞ്ഞ് ചാറ്റൽ മഴയും പൊടിക്കാറ്റും അനുഭവപ്പെടും.
തലസ്ഥാനമായ റിയാദിലെ അൽമജുമ, അൽസുൾഫി എന്നിവ ഉൾപ്പെടുന്ന ചില പ്രദേശങ്ങൾക്കും താദിഖ്, റിമ, ശഖ്‌റ, അസീർ, ജസാൻ, അൽ ബാഹ, നജ്‌റാൻ എന്നിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെളളി മുതൽ മഴ ശക്തി പ്രാപിച്ച് ഞായർ വരെ തുടരും. റിയാദ്, ഹായിൽ, മദീന, അൽ ഖസീം എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴ അനുഭവപ്പെടും
ദമാം, ജുബൈൽ ഉൾപ്പെടെയുളള കിഴക്കൻ പ്രവിശ്യയിൽ ചാറ്റൽ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥയിൽ മാറ്റം അടുത്ത ആഴ്ച വരെ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മലമുകളിൽ നിന്നു മഴവെളളം കുത്തിയൊലിക്കാൻ സാധ്യതയുളളതിനാൽ താഴ്ന്ന പ്രദേശങ്ങളിലും താഴ്‌വാരങ്ങളിലും സഞ്ചാരം ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.