യുഎഇയിൽ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില കിഴക്കൻ പടിഞ്ഞാറൻ പ്രദേശങ്ങളിലും ആന്തരിക
തീര പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യത.
ഷാർജ ഇന്റർനാഷണൽ എയർപോർട്ട്, അൽ ബത്തായി (ഷാർജ), മെഷൈറഫ് (അജ്മാൻ), അൽ ദൈത് സൗത്ത് (റാസ് അൽ ഖൈമ), മുഖേർസ് (അൽ ദഫ്ര മേഖല), അൽ ഫഖ/ അൽ ഷിവൈബ് (അൽ ഐൻ) എന്നിവിടങ്ങളിൽ നേരിയ തോതിൽ മഴ ലഭിച്ചതായി എൻസിഎം റിപ്പോർട്ട് ചെയ്തു. കാലാവസ്ഥാ വകുപ്പ് യെല്ലോ, ഓറഞ്ച് അലേർട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്, താമസക്കാർ ജാഗ്രത പാലിക്കണമെന്നും അവർ പുറത്തിറങ്ങുമ്പോൾ അപകടകരമായ സാഹചര്യങ്ങൾ പ്രതീക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകി. അതോറിറ്റി പറയുന്നതനുസരിച്ച്, മണിക്കൂറിൽ 45 കി.മീ വേഗതയിൽ കാറ്റിനു സാധ്യത.
കടൽ പ്രക്ഷുബ്ധമാകുമെന്നും പ്രതീക്ഷിക്കണം, പ്രത്യേകിച്ച് ഒമാൻ കടലിൽ. ഇത് പൊടിയും മണലും വീശുന്നതിനും തിരശ്ചീന ദൃശ്യപരത കുറയ്ക്കുന്നതിനും കാരണമായേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും മേഘങ്ങളോടു കൂടി കടൽ നേരിയതോ മിതമായതോ ആയ രീതിയിൽ പ്രക്ഷുബ്ധമാകാം.
അബുദാബിയിലെ താപനില 44 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, ദുബായിൽ താപനില 41 ഡിഗ്രി സെൽഷ്യസായി കുറയും. രണ്ട് നഗരങ്ങളിലെയും ഈർപ്പത്തിന്റെ അളവ് 15% മുതൽ 50% വരെയാണ്. ശനിയാഴ്ചയും യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു ആലിപ്പഴ വർഷവും ഉണ്ടായിരുന്നു.