10 ദിവസമായി തുടരുന്ന മഴയിൽ മഹാരാഷ്ട്രയിൽ 16 പേർ മരിച്ചു. വൻ നാശനഷ്ടം ഉണ്ടായതായും റിപ്പോർട്ട്. വിദർഭ മേഖലയിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 54000 ഹെക്ടർ കൃഷി ഭൂമി നശിച്ചു. 45,000 വീടുകളും നശിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മഴക്കെടുതി സാഹചര്യം നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. 2,796 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സംസ്ഥാന ദുരിതാശ്വാസ പുനരധിവാസ മന്ത്രി അനിൽ പാട്ടീൽ ഞായറാഴ്ച യവത്മാൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ജില്ലയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1,600 ലധികം വരുന്ന പ്രളയബാധിത കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യാനും 5,000 രൂപ സഹായം നൽകാനും പാട്ടീൽ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി. വിദർഭയിലെ 11 ജില്ലകളെ അമരാവതി, നാഗ്പൂർ എന്നിങ്ങനെ രണ്ട് ഡിവിഷനുകളായി തിരിച്ചിട്ടുണ്ട്. നാഗ്പൂർ ഡിവിഷനിൽ നാഗ്പൂർ, ഗോണ്ടിയ, ഭണ്ഡാര, ചന്ദ്രപൂർ, ഗഡ്ചിരോലി, വാർധ ജില്ലകളും അമരാവതി ഡിവിഷനിൽ അമരാവതി, അകോല, യവത്മൽ, വാഷിം, ബുൽധാന എന്നീ ജില്ലകളും ഉൾപ്പെടുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദർഭയിൽ കനത്ത മഴ നിർത്താതെ പെയ്യുകയാണ്.
അകോല ബാ, സവർ ഗ്രാമങ്ങളിൽ ശനിയാഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് പേർ ഒഴുകിപ്പോയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജൂലൈ 13 മുതൽ നാഗ്പൂർ ഡിവിഷനിൽ ഗഡ്ചിരോലി, ഭണ്ഡാര എന്നിവിടങ്ങളിൽ മൂന്ന് പേർ വീതവും വാർധ, ഗോണ്ടിയ എന്നിവിടങ്ങളിൽ രണ്ട് പേർ വീതവും ചന്ദ്രപൂരിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. അമരാവതി ഡിവിഷനിൽ ജൂലൈ 21 ന് ഒരേ ദിവസം നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
വീടുകളും റോഡുകളും പൂർണമായും വെള്ളത്തിനടിയിലായ യവത്മൽ ജില്ലയിൽ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അമരാവതിയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിപ്പ് നൽകി. മഴ കനക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ഭരണകൂടം കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നും ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.