ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; വടക്കൻ കേരളത്തിൽ മഴ തുടരും

ബംഗാൾ ഉൾകടലിൽ ആന്ധ്രാ ഒഡിഷ തീരത്തിനു സമീപം പുതിയ ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. അതേസമയം കേരളത്തിൽ ഇന്നും വ്യാപകമായ മഴക്കും ശക്തമായ കാറ്റിനും സാധ്യത. മധ്യ കേരളത്തിൽ ഒറ്റപ്പെട്ട മഴയാണ് ലഭിക്കുക. വടക്കൻ കേരളത്തിൽ ശക്തമായ മഴ സാധ്യത. പ്രത്യേകിച്ച് കോഴിക്കോട് മുതൽ വടക്കോട്ടുള്ള ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. മഴയുടെ ശക്തി കൂടിയും കുറഞ്ഞും തുടരും. അടുത്ത അഞ്ചു ദിവസം വരെ മഴ തുടരാനാണ് സാധ്യതയെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ. തെക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ മഴ കുറയും.

കഴിഞ്ഞ ദിവസങ്ങളിൽ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും സർക്കാർ വ്യക്തമാക്കി.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment