10 ദിവസത്തിനുശേഷം കാലവർഷക്കാറ്റിൽ പുരോഗതി; കേരളത്തിൽ എത്താൻ വൈകിയേക്കും

ആൻഡമാൻ കടലിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) എത്തി 10 ദിവസത്തിനു ശേഷം ഇന്ന് പുരോഗതി. ഇന്ത്യൻ മഹാസമുദ്രത്തിലെ ഫേബിയൻ ചുഴലിക്കാറ്റിന്റെ സ്വാധീനം നീങ്ങിയതോടെയാണ് കാലവർഷം ബംഗാൾ ഉൾക്കടലിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചത്. എന്നാൽ മെയ് 30 ആയിട്ടും ശ്രീലങ്കയിൽ കാലവർഷം എത്തിയിട്ടില്ല. മെയ് 26 നാണ് സാധാരണ ഗതിയിൽ ശ്രീലങ്കയിൽ കാലവർഷം എത്തേണ്ടത്.

ആൻഡമാൻ ദ്വീപിൽ പൂർണമായി എത്തി

ബംഗാൾ ഉൾക്കടലിന്റെ മറ്റു ഭാഗങ്ങളിലേക്ക് അടുത്ത ദിവസങ്ങളിൽ കാലവർഷം വ്യാപിക്കും. മൺസൂൺ വിൻഡ് എന്ന കാലവർഷക്കാറ്റ് നിലവിൽ ആൻഡമാൻ ദ്വീപുകളിൽ പൂർണമായി വ്യാപിച്ചു. ഈർപ്പമുള്ള തെക്കുപടിഞ്ഞാറൻ കാറ്റിന്റെ പ്രവാഹമാണ് കാലവർഷക്കാറ്റ് എന്നറിയപ്പെടുന്നത്. അടുത്ത 3 ദിവസത്തിനകം ശ്രീലങ്കയിലും കാലവർഷം എത്തും. ഈ മാസം 19 നാണ് ആൻഡമാൻ ദ്വീപിലെ നാൻകോറിയിൽ കാലവർഷം എത്തിയത്. പിന്നീട് ആൻഡമാൻ ദ്വീപിന്റെ മറ്റു ഭാഗങ്ങളിലേക്ക് കാലവർഷം പുരോഗമിച്ചിരുന്നില്ല. ഇത്തവണ വേനൽമഴയിൽ ആൻഡമാനിൽ 67 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. 424.2 എം.എം മഴ ലഭിക്കേണ്ടതിനു പകരം 138.3 എം.എം മഴയാണ് ആൻഡമാനിൽ ഇന്ന് വരെ ലഭിച്ചത്.

തായ്‌ലന്റിലും മ്യാൻമറിലും മഴ കൂടി

തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ സ്വാധീനം വരുന്ന ആൻഡമാൻ കടലിനോട് ചേർന്നുള്ള തായ്‌ലന്റിലും മ്യാൻമറിലെയും തീരങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിൽ മഴ ശക്തമാണ്. ഇത് കാലവർഷക്കാറ്റ് ശക്തിപ്പെടുന്നതിന്റെ സൂചനയാണ്.

കേരളത്തിലെത്താൻ വൈകും

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് കാലവർഷം കേരളത്തിലെത്തേണ്ടത് ജൂൺ നാലിനാണ്. എന്നാൽ മൺസൂൺ പുരോഗതി ഇനിയും മന്ദഗതിയിൽ തുടരാനാണ് സാധ്യത. അറബിക്കടലിൽ ജൂൺ ആദ്യവാരം ഒരു ന്യൂനമർദ സാധ്യതയുണ്ട്. ഇത് കാലവർഷത്തെ കേരളത്തിൽ എത്തിക്കാൻ സഹായിക്കുമെന്നാണ് പ്രാഥമിക നിഗമനം. ജൂൺ ഏഴോടെയോ അതിനു ശേഷമോ ആകും കാലവർഷം കേരളത്തിൽ എത്തുകയെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.

അതിനിടെ, കേരള കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
02/06/2023 മുതൽ 03/06/2023 വരെ: ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും
മേൽപ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടില്ലെന്നുമാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന നിർദേശം

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment