കാലാവസ്ഥാ പ്രവചനം കേട്ട് മുന്നൊരുക്കം നടത്തി: മരിച്ചത് ഒരാൾ മാത്രം; പെയ്തത് ചരിത്രത്തിലെ ഏറ്റവും വലിയ മഴ

കാലാവസ്ഥ പ്രവചനത്തെയും മുന്നൊരുക്കങ്ങളെയും എല്ലാം പുച്ഛത്തോടെയും പരിഹാസത്തോടെയും കാണുന്ന ആളുകളാണ് നമ്മളിൽ പലരും. ഉരുൾപൊട്ടൽ ഭീഷണിയോ, മണ്ണിടിച്ചിൽ സാധ്യതയോ, വെള്ളപ്പൊക്ക ഭീഷണിയോ ഉണ്ടെന്ന് മുൻകൂട്ടി പ്രവചിച്ചു കഴിഞ്ഞാൽ അതിനെയെല്ലാം പുച്ഛത്തോടെ കാണുന്ന ആളുകൾക്കെല്ലാം ഒരു മാതൃകയായാണ് ജപ്പാനിലെ കാലാവസ്ഥ മുന്നൊരുക്കങ്ങൾ.

കാലാവസ്ഥ പ്രവചനത്തിന്റെ ഭാഗമായി നടത്തിയ മുന്നൊരുക്കത്തിന്റെ ഫലമായി കനത്ത മഴയിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലിലും ജപ്പാനിൽ മരണസംഖ്യ ഉൾപ്പെടെ കുറഞ്ഞത് മാതൃകാപരമാണ്. തെക്കുപടിഞ്ഞാറൻ ജപ്പാനിൽ കനത്ത മഴ തുടരുകയാണ്. ഈ മേഖലയിൽ എക്കാലത്തെയും ശക്തമായ മഴയാണ് ഇപ്പോൾ ലഭിക്കുന്നത് എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ആയിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. അതുകൊണ്ടുതന്നെ ഉരുൾപൊട്ടലിൽ മരണസംഖ്യ ഒന്നായി കുറഞ്ഞു. മരിച്ചത് 77 വയസ്സുള്ള ഒരു സ്ത്രീയാണ്. ഇവരുടെ ഭർത്താവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രാമീണ മേഖലയായ ഫുക് വോകയിലെ ഇവരുടെ വീട് ഉരുൾപൊട്ടലിൽ ഒലിച്ചുപോയി.

20 ലക്ഷം ആളുകൾ താമസിക്കുന്ന ഫുക് വോകയ്ക്ക് സമീപത്തെ കരാസ്തു നഗരത്തിൽ മൂന്നു പേരെ കാണാതായി. ജപ്പാൻ കാലാവസ്ഥ ഏജൻസി തീവ്രമഴക്കുള്ള മുന്നറിയിപ്പ് നൽകിയ ഉടൻതന്നെ ജനങ്ങൾ മുന്നൊരുക്കങ്ങൾ നടത്തിയതാണ് വൻ ദുരന്തം ഒഴിവാക്കിയത്. അതേസമയം വെള്ളപ്പൊക്കത്തെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയാണ്. മഴക്കെടുതി നേരിടാൻ ഒരു ടാക്സ് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കനത്ത മഴയെ തുടർന്ന് ഫുക് വോയ്ക്കും പടിഞ്ഞാറൻ ഹിരോഷിമയ്ക്കും ഇടയിലുള്ള ബുള്ളറ്റ് ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിവച്ചു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി വീടുകളിൽ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. കൂടാതെ ജപ്പാനിലും മറ്റ് ഇടങ്ങളിലും കനത്ത മഴയുടെ അപകടസാധ്യത വർദ്ധിച്ചിരിക്കുകയാണന്ന് ശാസ്ത്രജ്ഞർ പറയുന്നു. ജപ്പാനിൽ ഒരാഴ്ചയിലേറെയായി മഴ പെയ്യുന്നുണ്ട്. കാലാവസ്ഥ ഏജൻസികൾ പറയുന്നതനുസരിച്ച് ചെറിയ മഴ പെയ്താൽ പോലും നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരും ഇത് വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു.

2011ൽ സെൻട്രൽ റിസോർട്ട് പട്ടണമായ അറ്റാമിയിൽ മണ്ണിടിഞ്ഞുവീണ് 27 പേർ മരിച്ചിരുന്നു. 2018ൽ ഉണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 200ലധികം ആളുകൾ ജപ്പാനിൽ മരിച്ചിരുന്നു. കാലാവസ്ഥ പ്രവചനം കേട്ട് മുന്നൊരുക്കങ്ങൾ നടത്തിയതിനാലാണ്ഇത്ര തീവ്രമായ മഴയിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ ഉൾപ്പെടെ കുറയ്ക്കാൻ ആയത്.

Leave a Comment