ദക്ഷിണ ചൈനാ കടലിൽ രൂപംകൊണ്ട് ഫിലിപ്പൈൻസിൽ കരകയറിയ നാൽഗെ ചുഴലിക്കാറ്റിൽ ഫിലിപ്പൈൻസിൽ 45 മരണം. തെക്കൻ ഫിലിപ്പൈൻസിലാണ് കനത്ത മഴയിലും പ്രളയത്തിലും ഉരുൾപൊട്ടലിലും നാശനഷ്ടമുണ്ടായത്. മാഗ്വിൻഡാനാവോ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്.
കോട്ടാബാതോ നഗരം പൂർണമായി വെള്ളത്തിൽ മുങ്ങി. തലസ്ഥാനമായ മനിലയിലും കനത്ത മഴ പെയ്തു. 95 കി.മി വേഗതയിലാണ് ചുഴലിക്കാറ്റ് ഫിലിപ്പൈൻസിൽ പ്രവേശിച്ചത്. നേരത്തെ സിവിൽ ഡിഫൻസ് നൽകിയ റിപ്പോർട്ടിൽ 72 പേർ മരിച്ചെന്നായിരുന്നു അറിയിച്ചത്. എന്നാൽ ഇന്ന് സിവിൽ ഡിഫൻസ് ഇതു തെറ്റാണെന്നും 45 പേരാണ് മരിച്ചതെന്നും അറിയിച്ചു. 31 പേർക്ക് പരുക്കേറ്റിട്ടുണ്ട്. 15 പേരെ കാണാതായതായി തെക്കൻ മേഖലാ സിവിൽ ഡിഫൻസ് മേധാവി നാഗ്വിബ് സിനാരിംബോ പറഞ്ഞു. 40 മൃതദേഹങ്ങൾ കണ്ടെടുത്തു.