പെരിങ്ങൽ കുത്ത് ഡാമിന്റെ ഷട്ടർ തുറന്നു; ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം

കേരളത്തിൽ കനത്ത മഴ തുടരുന്നതിനിടെ പെരിങ്ങൽ കുത്ത് ഡാമിന്റെ ഷട്ടർ തുറന്നു. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡാം തുറന്നത്. നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഡാമിലെ ജലത്തിന്റെ അളവ് പരമാവധി ജലനിരപ്പായ 424 മീറ്ററില്‍ ക്രമീകരിക്കാന്‍ വേണ്ടിയാണ് നടപടി. ഷട്ടർ നാലടി താഴ്ത്തിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചാലക്കുടി പുഴയിലേക്ക് ജലം ഒഴുക്കിവിടുന്നതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ പാലക്കാട് മംഗലം ഡാം തുറക്കാൻ സാധ്യത. നിലവില്‍ 75.55 മീറ്റര്‍ ആണ് ഡാമിലെ ജലനിരപ്പ്. 77.88 മീറ്റര്‍ ആണ് ഡാമിന്റെ പരമാവധി സംഭരണശേഷി. അതിനാൽ മംഗലം ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ എപ്പോള്‍ വേണമെങ്കിലും തുറക്കാന്‍ സാധ്യതയുണ്ടെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അണക്കെട്ടിനോട് ചേര്‍ന്ന് ജലസേചന വകുപ്പിന്റെ പ്രദേശങ്ങളിലും അണക്കെട്ടിന്റെ താഴ്ഭാഗത്ത് മംഗലം പുഴയുടെ ഇരുകരകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment