കനത്ത മഴയെത്തുടർന്ന് പാമ്പ്ല ഡാം തുറന്നു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാലും, നിലവിൽ ജലനിരപ്പ് റെഡ് അലർട്ട് ലെവൽ എത്തിയ സാഹചര്യത്തിലുമാണ് ഡാം തുറന്നത്.
ഡാമിന്റെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 500 ക്യൂമെക്സ് വരെ ജലം ഒഴുക്കുന്നു. പെരിയാർ നദി തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.
പാമ്പ്ല ഡാം കൂടാതെ ഇടുക്കി കല്ലാർ ഡാമും തുറന്നു
ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടുക്കി കല്ലാർ ഡാമും തുറന്നിട്ടുണ്ട്. ഡാമിന്റെ 2 ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി10 ക്യൂമെക്സ് ജലം പുറത്തേക്ക് വിടുന്നു. ചിന്നാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്നവരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
അതേസമയം ഇടുക്കി ജില്ലയിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴ തുടരും.ഉരുൾപൊട്ടൽ സാധ്യത ഗതാഗതക്കുരുക്ക് വെള്ളക്കെട്ട് തുടങ്ങിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ.