പമ്പ ത്രിവേണി : ആശങ്കവേണ്ട ; ദുരന്ത നിവാരണ അതോറിറ്റി നല്‍കിയത് നേരത്തെയുള്ള മുന്നറിയിപ്പ്

പമ്പ ത്രിവേണിയില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രളയ മുന്നറിയിപ്പ് നല്‍കിയെന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണെന്നും നടപടിക്രമങ്ങളുടെ ഭാഗമായ നേരത്തെയുള്ള മുന്നറിയിപ്പ് (Early Warning) മാത്രമാണ് നല്‍കിയതെന്നും ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്.

നവംബര്‍ നാലിനാണ് ദുരന്ത നിവാരണ അതോറിറ്റി ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത്. പമ്പാ ത്രിവേണിയില്‍ മണല്‍, ചെളി, ചെടികള്‍, മരങ്ങള്‍, മൃഗങ്ങളുടെ അവശിഷ്ടം, പ്ലാസ്റ്റിക്, ലോഹ അവശിഷ്ടങ്ങള്‍, കല്ലുകള്‍ തുടങ്ങിയവ നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം നല്‍കിയത്. ശബരിമലയുമായി ബന്ധപ്പെട്ട ആചാരത്തിന്റെ ഭാഗമായി ഭക്തര്‍ മുങ്ങിക്കുളിക്കുന്ന പമ്പ ത്രിവേണിയില്‍ മലവെള്ളപ്പാച്ചിലില്‍ ഭക്തര്‍ക്ക് ജീവഹാനി സംഭവിച്ച കാര്യവും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

നവംബറില്‍ സാധാണയേക്കാള്‍ കൂടുതല്‍ മഴ കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. പമ്പ ത്രിവേണിയുടെ സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്തുന്നത് ദുരന്ത സാധ്യതയും ആഘാതവും കുറയ്ക്കുമെന്നും തീര്‍ഥാടന കാലത്ത് ഭക്തരുടെ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്നും ദുരന്ത നിവാരണ അതോറിറ്റി അഭിപ്രായപ്പെടുന്നു.

2005 ലെ ദുരന്ത കൈകാര്യ നിയമം സെക്ഷന്‍ 34 പ്രകാരം നടപടിയെടുക്കാനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഒപ്പുവച്ച ഉത്തരവില്‍ പറയുന്നത്.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍, പത്തനംതിട്ട ജില്ലാ കണ്‍വീനറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സി.ഇ.ഒ, കേരള സര്‍വകലാശാലയിലെ ജിയോളജി അസി. പ്രൊഫസര്‍ ഡോ. സജിന്‍ കുമാര്‍ കെ.എസ്, ജില്ലാ ജിയോളജിസ്റ്റ്, പത്തനംതിട്ട ജില്ലാ ജലസേചന വകുപ്പിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, റാന്നി ഡി.എഫ്.ഒ, സംസ്ഥാന ദുരന്ത നിവാരണ വകുപ്പിലെ ഹൈഡ്രോളജിസ്റ്റ് എന്നിവരടങ്ങുന്ന ഏഴംഗ സംഘം സ്ഥലം സന്ദര്‍ശിച്ച് പുഴയിലെ പാഴ് വസ്തുക്കളും അവശിഷ്ടങ്ങളും നീക്കാന്‍ നടപടിയെടുക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment