ഗുജറാത്ത് തീരത്തെ ചക്രവാതചുഴിയെ തുടർന്ന് ഒമാനിലെ വിവിധ ഭാഗങ്ങളിൽ കനത്തമഴയും മഴവെള്ളപ്പാച്ചിലും രണ്ടുദിവസം കൂടി തുടർന്നേക്കും. ഹജർ മലനിരകളിലാണ് കനത്ത മഴക്ക് സാധ്യത ഉള്ളത്.ചക്രവാതചുഴി യുടെ സ്വാധീനം ഗുജറാത്തിലും മുംബൈയിലും മഴ നൽകും. ഒമാനിൽ വാദികൾ മുറിച്ചുകടക്കുമ്പോൾ ജാഗ്രത പുലർത്തണം. പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ ആണിത്.
വൈറലായി യുവാവിന്റെ രക്ഷാദൗത്യം
വെള്ളിയാഴ്ച മുതൽ ഹജർ മലനിരകളിൽ ശക്തമാണ്. കേരളത്തിൽ ചെയ്യേണ്ട മഴമേഘങ്ങൾ ചക്രവാത ചുഴിയുടെ സ്വാധീനത്താൽ വടക്കൻ മേഖലകളിലേക്ക് നീങ്ങിയതോടെയാണ് ഗുജറാത്തിലും ഒമാനിലും മഴ ശക്തിപ്പെട്ടത്. വെള്ളിയാഴ്ചയുണ്ടായ കുത്തൊഴുക്കിൽ വാദി ബഹ് ല മേഖലയിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒമാനിൽ വെള്ളിയാഴ്ച പെയ്ത ശക്തമായ മഴക്കിടയിൽ പുറത്തെ കാഴ്ചകൾ കാണുന്നതിനായി അലി ബിൻ നസീറും പിതാവും ചേർന്ന് നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടയിലാണ് ഒഴുക്കിൽപെട്ട രണ്ട് കുട്ടികൾ കരയുന്നത് ഇരുവരുടെയും ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ അലി വെള്ളത്തിലേക്കിറങ്ങി. അലിയുടെ രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പേടിയൊന്നും തോന്നിയില്ലെന്നും കുട്ടികളെ എങ്ങനെയെങ്കിലും ആ ഭയാനകമായ ഒഴുക്കിൽ നിന്ന് രക്ഷിക്കണമെന്നു മാത്രമേ അപ്പോൾ മനസ്സിലുണ്ടായിരുന്നുള്ളുവെന്നും അലി പറഞ്ഞു. കുട്ടികളെ രക്ഷിക്കാൻ തന്നെ സഹായിക്കണമെന്ന് ഓരോ ചുവടിലും ദൈവത്തോട് ആത്മാർഥമായി പ്രാർഥിച്ചു കൊണ്ടേയിരുന്നു. ഒരു ഈന്തപ്പന തടിയുടെ സഹായത്തോടയാണ് കുട്ടികൾ അത്രസമയവും ഒഴുക്കിനെ അതിജീവിച്ചത്. മരത്തടിയിൽ തന്നെ പിടിച്ചിരിക്കാൻ ഞാൻ അവരോട് ഉറക്കെ ആവശ്യപ്പെട്ടു. ‘പേടിക്കാതെയിരിക്കൂ ഞാനവിടെയെത്തി നിങ്ങളെ രക്ഷിക്കുമെന്ന്’ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ഒടുവിൽ ഒഴുക്കിന്‍റെ ശക്തിയെ പ്രതിരോധിച്ച് എങ്ങനെയൊക്കെയോ അവരുടെ അടുത്തെത്തി. എന്‍റെ ഇരു കൈകൾക്കുള്ളിലും കുട്ടികളെ ചേർത്ത് പിടിച്ച് തിരികെ കരയിലേക്ക് നീങ്ങി.
13ഉം, ഏഴും വയസ്സുള്ള കുട്ടികളെയാണ് അലി രക്ഷിച്ചത്. അവരുടെ ജീവൻ തന്‍റെ കൈവെള്ളയിൽ ഇരിക്കുമ്പോഴും മരിക്കുമോയെന്ന ഭയത്താൽ കുട്ടികൾ കരയുന്നുണ്ടായിരുന്നെന്ന് അലി പറഞ്ഞു. ‘എന്നെ ഒഴുക്കിൽ വിടരുത് എനിക്ക് മരിക്കണ്ട’ എന്ന് പറഞ്ഞ് ചെറിയ കുട്ടി ഉറക്കെ കരയുകയായിരുന്നു. കുട്ടികളെ രക്ഷിക്കാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നുവെന്ന് അലി പറഞ്ഞു. ഇതിനു പിന്നാലെ അലി ബിൻ നസീർ അൽ വാർദിക്ക് അഭിനന്ദനവുമായി അധികൃതരും രംഗത്തെത്തി. അദ്ദേഹത്തെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം ആദരിച്ചു. സിവില്‍ ഡിഫന്‍സ് മേധാവി അഭിനന്ദന സര്‍ട്ടിഫിക്കറ്റും ജാക്കറ്റും കൈമാറുകയും ചെയ്തു.