ന്യൂനമർദത്തിന് പിന്നാലെ ഒമാനിൽ ഇന്ന് പുലർച്ചെ 3 മുതൽ പ്രത്യേക ജാഗ്രത നിർദേശം
ന്യൂനമർദത്തിന് പിന്നാലെ ഒമാനിൽ ഇന്ന് ശക്തമായ പൊടിക്കാറ്റ് സാധ്യത. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്നാണ് പ്രവചനം. മസ്കത്ത്, തെക്കൻ ശർഖിയ, അൽ വുസ്ത, അൽ ദാഖിലിയ, അൽ ദാഹിറ, അൽ ബുറേമി എന്നീ ഗവർണറേറ്റുകളിൽ 15 മുതൽ 35 നോട്സ് വരെ വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് വീശുമെന്നാണ് രാജ്യത്തെ സിവിൽ എവിയേഷൻ അതോറിറ്റി (CAA) പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്.
പ്രതികൂല കാലാവസ്ഥ കാരണം അന്തരീക്ഷത്തിൽ പൊടിക്കാറ്റ് ഉയരാനുള്ള സാധ്യതയുള്ളിനാൽ വാഹനങ്ങള്‍ ഓടിക്കാനും മറ്റുമുള്ള കാഴ്ച പരിധി (തിരശ്ചീന ദൃശ്യപരത) വളരെയധികം കുറയും. 2024 ഫെബ്രുവരി 26 തിങ്കളാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നു മണിക്ക് ആരംഭിച്ച് വൈകുന്നേരം മൂന്നു മണി വരെ പൊടിക്കാറ്റ് തുടരുമെന്നാണ് അറിയിപ്പിൽ പറയുന്നത്. ഈ സമയത്തേക്ക് പ്രത്യേക ജാഗ്രതാ നിർദേശം അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിവതും പുറത്തേക്ക് പോകുന്നത് ഒഴിവാക്കുക, അത്യാവശ്യമെങ്കിൽ മാത്രം പുറത്ത് പോകുക, വാഹനങ്ങൾ ഓടിക്കുന്നവർ വേഗത കുറച്ച് കാഴ്ച പരിധി ഉറപ്പാക്കി ഡ്രൈവ് ചെയ്യുക, പൊടിക്കാറ്റ് ഉയരുന്നതിനാൽ മാസ്കും, കണ്ണടയും ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളാണ് സി.എ.എ പുറത്തിറക്കിയിട്ടുള്ള ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നത്. ഒമാനിലെ ഹജർ മല നിരകളിൽ ഇന്ന് മഴ സാധ്യതയുണ്ട്.
ഈ ആഴ്ച ഒമാനിലും യു.എ.ഇയിലും ന്യൂനമർദത്തെ തുടർന്ന് വിവിധ സമയങ്ങളിൽ മഴ, കാറ്റ്, തുടരും.