ഒമാനിലേക്കും കനത്ത മഴ എത്തുന്നു

ഒമാനിൽ ശക്തമായ മഴക്കും പ്രാദേശിക പ്രളയത്തിനും സാധ്യത. ഇന്ത്യയിലെ ന്യൂനമർദത്തെ തുടർന്നും ശക്തമായ മൺസൂൺ കാറ്റിന്റെ സാന്നിധ്യവും മൂലം ഒമാൻ, ഗൾഫ് മേഖലകളിലേക്ക് ഈർപ്പ പ്രവാഹം എത്തുന്നതാണ് മഴക്ക് കാരണം. ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ അറബിക്കടലിൽ നിന്ന് ഒമാനിലേക്ക് മേഘ പ്രവാഹം നടക്കുന്നുണ്ട്.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒമാനിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. അറബിക്കടലിൽ നാലു മീറ്റർ വരെ ഉയരത്തിൽ തിരമാലകളും ഉണ്ടാകും. അൽ ഹജർ പർവത നിരകളുടെ താഴ് വാരങ്ങളിൽ മിന്നൽ പ്രളയത്തിനും സാധ്യത. തലസ്ഥാനമായ മസ്‌കത്തിലും മധ്യ ഒമാനിലും മഴ പ്രതീക്ഷിക്കാമെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നു. മഴ അടുത്ത ദിവസങ്ങളിൽ യു.എ.ഇ, സൗദി അറേബ്യയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിലേക്കും വ്യാപിക്കും. ഒമാനിലെ മഴയുടെ ശക്തി UAE യിലും സൗദിയിലും ഉണ്ടാകില്ല. പ്രവാസികൾ അവിടത്തെ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കണമെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷകർ പറയുന്നു.

ഒമാനിൽ ജാഗ്രതാ നിർദേശം
കഴിഞ്ഞ 24 മണിക്കൂറിലും ഒമാനിൽ 8 സെ.മി വരെ മഴ ലഭിച്ചതിനെ തുടർന്ന് വിവിധ ഏജൻസികൾ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒമാൻ കാലാവസ്ഥാ വകുപ്പ്, സിവിൽ ഏവിയേഷൻ അതോറിറ്റി, റോയൽ ഒമാൻ പൊലിസ് എന്നിവരും ജാഗ്രത പുറപ്പെടുവിച്ചു. ഹജർ മലനിരകൾക്കൊപ്പം ബുറൈമി, ബാത്വിന, അൽ ദാഹിറ, അൽ ദാഖിലിയ എന്നിവിടങ്ങളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകി. ഇവിടങ്ങളിൽ പൊടിക്കാറ്റും ഉണ്ടായേക്കും. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും വാദികൾ മുറിച്ചു കടക്കരുതെന്നും റോയൽ ഒമാൻ പൊലിസ് നിർദേശിച്ചു. ജൂൺ 29 ന് ജബൽ അക്തർ മേഖലയിൽ വെള്ളത്തിലൂടെ വാദി മുറിച്ചുകടക്കാൻ ശ്രമിച്ചയാളെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ എസ്.യു.വി പ്രളയജലത്തിൽ കുടുങ്ങിയതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായതിനെ തുടർന്നായിരുന്നു ഇത്. ഇന്ത്യയിൽ മൺസൂൺ ശക്തിപ്പെട്ടതും ന്യൂനമർദം രൂപപ്പെട്ടതിനാലും ഒമാനിലും കനത്ത മഴ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പും അറിയിച്ചു. തെക്കൻ ഒമാനിലെ സലാലയിലും ഇപ്പോൾ മഴക്കാലമാണ്. ജൂൺ 15 മുതൽ ഓഗസ്റ്റ് അവസാനം വരെയാണ് സലാലയിലെ മഴക്കാലം.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment