നോർവെയിൽ കുപ്പിവെള്ളം പോലെ പുഴകൾ ശുദ്ധം: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശയാത്രയിൽ ഫിഷറീസ് രംഗത്തെ വൻ ശക്തികളിലൊന്നായ നോർവേയുമായി സഹകരണം ശക്തമാക്കാൻ നടത്തിയ ചർച്ചകൾ കേരളത്തിന്റെ മത്സ്യമേഖലയ്ക്ക് കുതിപ്പ് നൽകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും ഫിഷറീസ്, അക്വാ കൾച്ചർ രംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കാനും നോർവേയുടെ സഹായവാഗ്ദാനം ലഭിച്ചുവെന്നും നോർവേ ഫിഷറീസ് മന്ത്രി ജോർണർ സെൽനെസ്സ് സ്കെജറൻ ഇതുസംബന്ധിച്ച് ഉറപ്പുകൾ നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

1953-ൽ നീണ്ടകരയിൽ ആരംഭിച്ച നോർവീജിയൻ പദ്ധതി കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. 1961ൽ പദ്ധതി എറണാകുളത്തേക്ക് മാറ്റി. എറണാകുളത്ത് ഒരു ഐസ്പ്ലാന്റും മത്സ്യബന്ധന യാനങ്ങൾക്കുള്ള സ്ലിപ്പ് വേയോടു കൂടിയ വർക്ക്ഷോപ്പും സ്ഥാപിച്ചത് പദ്ധതിയുടെ ഭാഗമായാണ്. പദ്ധതി നടപ്പാക്കിയതോടെ യന്ത്രവത്കൃത മത്സ്യബന്ധന മേഖലയിൽ കേരളം അതിവേഗം വളരുകയും കടൽ മത്സ്യ ഉൽപ്പാദനം വർഷംതോറും വർധിക്കുകയും ചെയ്തു. ഈ നേട്ടം പുതിയ സാങ്കേതികവിദ്യകളുടെയും സമീപനങ്ങളുടെയും സഹായത്തോടെ കൂടുതൽ വിപുലമാക്കാൻ നോർവേയുമായുള്ള സഹകരണം കൊണ്ട് സാധ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോർവേയിൽ നിന്ന് നമുക്ക് പഠിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ടെന്നും അവിടത്തെ വയോജന പരിചരണവും സഹായങ്ങളും എടുത്തുപറയേണ്ടതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. മറ്റൊരു കാര്യം ശ്രദ്ധയിൽപെട്ടത് ആ രാജ്യത്ത് കുപ്പിവെള്ളക്കച്ചവടം കണ്ടില്ല എന്നതാണ്. ഏത് ജലാശയത്തിൽ നിന്നും നേരിട്ട് എടുത്ത് കുടിക്കാനാവുന്നത്ര ശുദ്ധമാണ് വെള്ളം. ശുദ്ധജലത്താൽ സമൃദ്ധമാണ് നമ്മുടെ കേരളം. നമുക്കും നോർവേ മാതൃക അനുകരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, വയനാട് തുരങ്കപാത നിർമ്മാണം, തീരശോഷണം തടയൽ എന്നീ മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കാൻ നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് താൽപര്യം പ്രകടിപ്പിച്ചതും വിദേശ യാത്രയുടെ നേട്ടമാണ്. നോർവേയിൽ തുരങ്കപാതകൾ ഒട്ടേറെയാണ്. പരിസ്ഥിതിയെയും ആവാസ വ്യവസ്ഥകളെയും പരിക്കേൽപ്പിക്കാതെ തുരങ്കപാതകൾ നിർമ്മിച്ച് സുഗമമായ ഗതാഗതം സാധ്യമാക്കുന്ന നോർവേ മാതൃകയിൽ കേരളത്തിന് അനുകരിക്കാവുന്നതുണ്ടെന്നാണ് യാത്രാനുഭവത്തിൽനിന്ന് ബോധ്യമായത്. ഇന്ത്യൻ റെയിൽവേക്ക് തുരങ്കപാത നിർമ്മാണത്തിൽ നോർവേയുടെ സാങ്കേതിക സഹകരണം ലഭിക്കുന്നുണ്ട്.
കേരളത്തിൽ സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പദ്ധതികൾ കേരളത്തിനു സഹായകരമാകും. കേരള സംഘത്തിന്റെ അഭ്യർത്ഥന പരിഗണിച്ച് വിവിധ മേഖലകളിലെ വിദഗ്ദരുടെ സംഘത്തെ അയക്കാമെന്ന് നോർവെയിലെ ദേശീയ ദുരന്ത നിവാരണ മേഖലയിലെ വിദഗ്ധൻ ഡൊമനിക് ലെയ്ൻ ഉറപ്പു നൽകി. പ്രളയ മാപ്പിങ്ങിൽ ആവശ്യമായ സാങ്കേതിക ഉപദേശം നൽകാമെന്നും അവർ വ്യക്തമാക്കി. വിദഗ്ധരുടെ കേരള സന്ദർശനത്തിനു ശേഷം സർവ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി യോജിച്ചു പ്രവർത്തിക്കുന്ന കാര്യം കൂടി പരിഗണിക്കാമെന്നും അവർ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.


There is no ads to display, Please add some
Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment