ഇന്ന് ഉത്തരായനം; ദൈർഘ്യമേറിയ പകൽ, ഉത്തര ഗോളത്തിലെ വേനൽക്കാല തുടക്കം

ഇന്ന് ഉത്തരായനം; ദൈർഘ്യമേറിയ പകൽ, ഉത്തര ഗോളത്തിലെ വേനൽക്കാല തുടക്കം

ഇന്ന് ഉത്തരായനം. വിഷുവിന് മുമ്പ് പൂക്കുന്ന കണിക്കൊന്നകളെയും നേരത്തെ പൂത്ത മെയ് ഫ്ലവറിനെയും കണ്ടിട്ടില്ലേ. കലണ്ടർ നോക്കിയല്ല ഇവയൊന്നും പൂക്കുന്നത് ഋതു മാറ്റം അടിസ്ഥാനമാക്കിയാണ് ചെടികളിൽ ഇത്തരം മാറ്റങ്ങൾ നടക്കുന്നത്. വിഷുവത്തെ (Equinox) കുറിച്ച് നേരത്തെ വായിച്ചിരിക്കുമല്ലോ? അതുപോലെ ഇന്നാണ് ഉത്തരായനം.

ഇന്ന് ജൂൺ 21 ആണ് ഉത്തരായനം (Northern Hemisphere Summer Solstice). ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് സൂര്യനെ ചുറ്റുന്നത് എന്ന് അറിയാമല്ലോ. ഉത്തരാർധഗോളത്തിൽ സൂര്യൻ വടക്കേ അറ്റത്ത് എത്തുന്നതാണ് ഇത്. ഉത്തരായനത്തെ ജൂൺ അറുതി എന്നും പഴമക്കാർ വിളിക്കാറുണ്ട്.

സൂര്യൻ ഉത്തരാർധ ഗോളത്തിന്റെ വടക്കേ അറ്റത്ത് ആയതിനാൽ ഉത്തരേന്ത്യയിലും ഗൾഫിലും ഭൂമധ്യരേഖയിൽ നിന്ന് വടക്കേ അറ്റത്തുള്ള പ്രദേശങ്ങളിലും കടുത്ത ചൂടും വേനലും അനുഭവപ്പെടും. കാരണം അവിടെ നേരെ മുകളിലാണ് ഇപ്പോൾ സൂര്യൻ.

എന്നാൽ ദക്ഷിണാർദ്ധഗോളത്തിൽ നിന്ന് ഏറെ അകലെയും ആയിരിക്കും സൂര്യൻ. കഴിഞ്ഞ മാർച്ച് 21 ന് സൂര്യൻ കേരളത്തിന് മുകളിലൂടെ കടന്നുപോയിരുന്നു. തുടർന്ന് കേരളത്തിലും കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നത് ഓർക്കുന്നുണ്ടാകുമല്ലോ.

ദീർഘവൃത്താകൃതിയുള്ള ഭ്രമണപാതയുടെ ഏറ്റവും  അറ്റത്ത് സൂര്യൻ എത്തുന്നതിനെയാണ് അയനങ്ങൾ എന്നു പറയുക. വടക്കേ അറ്റത്ത് ആണെങ്കിൽ ഉത്തരായനവും തെക്കേ അറ്റത്ത് ആണെങ്കിൽ ദക്ഷിണായനവും .

ഇപ്പോൾ സൂര്യൻ വടക്കേ അറ്റത്ത് ആയതിനാൽ ഇനിയുള്ള ദിവസങ്ങളിൽ തെക്കോട്ട് തിരികെ സഞ്ചരിച്ചു തുടങ്ങും. സൂര്യൻ തെക്കേ അറ്റത്ത് എത്തുന്നതിനെയാണ് ദക്ഷിണ അയനം എന്ന് പറയുക. ഡിസംബർ 21നാണ് ദക്ഷിണ അയനം സംഭവിക്കുക.

സൂര്യന്റെ അയന സഞ്ചാരം

എല്ലാ ദിവസവും ചക്രവാളത്തിൽ സൂര്യോദയത്തിൻ്റെ സ്ഥാനം അടയാളപ്പെടുത്തുകയാണെങ്കിൽ, 6 മാസത്തിൽ അത് സാവധാനം ഒരു ദിശയിലേക്ക് മാറുന്നതും അടുത്ത 6 മാസങ്ങളിൽ അത് അതേ പാതയിലൂടെ മടങ്ങുന്നതും നമുക്ക് ശ്രദ്ധിക്കാനാകും.

സൂര്യനെ ചുറ്റുന്ന ഭൂമിയുടെ (പരിക്രമണം) അക്ഷവും, ഭൂമിയുടെ സ്വയം ഭ്രമണത്തിന്റെ (ഭ്രമണത്തിന്റെ) അക്ഷവും തമ്മിൽ 23½ ഡിഗ്രി ചരിവുണ്ട്. അതിനാൽ വര്‍ഷത്തിൽ ഓരോ സമയത്തും സൂര്യരശ്മികള്‍ ഭൂമിയിൽ പതിക്കുന്നതിന്റെ ചരിവ് (കോണളവ്) വ്യത്യാസപ്പെട്ടിരിക്കും.

ജൂൺ 21നും ഡിസംബര്‍ 21നും സൂര്യരശ്മികൾ പരമാവധി ചരിഞ്ഞാണ് ഭൂമിയിൽ പതിക്കുന്നത്. ജൂണ്‍ 21ന് ഉദയസമയത്ത് സൂര്യരശ്മികൾ വടക്കുനിന്നും 23½° ചരിഞ്ഞു പതിക്കുന്നതുമൂലം സൂര്യൻ 23½° വടക്കുമാറി ഉദിച്ചതായാണ് കാണാൻ കഴിയുക. പിന്നീട് ഓരോദിവസവും ഈ ചരിവു കുറഞ്ഞുകുറഞ്ഞു വരികയും സെപ്തംബര്‍ 23നു സൂര്യരശ്മികൾ ഭൂമദ്ധ്യരേഖയ്ക്ക് ലംബമായി പതിക്കുകയും ചെയ്യുന്നു. അതിനാൽ അന്നത്തെ സൂര്യോദയം നാം നേർ കിഴക്കായി കാണുന്നു.

പിന്നീട് സൂര്യരശ്മികളുടെ ചരിവ് തെക്കോട്ടു കൂടിക്കൂടി വരികയും ഡിസംബര്‍ 21ന് പരമാവധിയായ 23½° തെക്ക് എത്തുകയും ചെയ്യുന്നു. അതിനാൽ അന്നത്തെ സൂര്യോദയം നാം കാണുന്നത് 23½° തെക്കായാണ്. വീണ്ടും സൂര്യന്റെ ഉദയം വടക്കോട്ടു നീങ്ങുകയും മാര്‍ച്ച് 20ന് വീണ്ടും നേര്‍കിഴക്ക് ഉദിക്കുകയും ചെയ്യുന്നു. ഈ ചക്രം വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്നു. സൂര്യൻ വടക്കോട്ടും തെക്കോട്ടും മാറിമാറി സഞ്ചരിക്കുന്നു എന്ന തോന്നലാണ് ഇത് ഉണ്ടാക്കുന്നത്. ഇങ്ങനെ ഉദയസമയത്ത് സൂര്യനുണ്ടാകുന്ന സ്ഥാനമാറ്റത്തെയാണ് അയന ചലനം എന്നു വിളിക്കുന്നത്.

അയനാന്തം

സൂര്യൻ പരമാവധി വടക്ക് എത്തുന്നതിനെ ഉത്തരഅയനാന്തം ( Northern Hemisphere Summer Solstice) എന്നും പരമാവധി തെക്ക് എത്തുന്നതിനെ ദക്ഷിണ അയനാന്തം ( Southern Hemisphere Solstice) എന്നും വിളിക്കുന്നു. ഉത്തര അയനാന്തത്തിൽ (ജൂണ്‍ 21) ഉത്തരാര്‍ദ്ധഗോളത്തിൽ പകൽ കൂടുതലും രാത്രി കുറവുമായിരിക്കും. ഉത്തരായന കാലത്ത് സൂര്യപ്രകാശം ഉത്തരാര്‍ദ്ധഗോളത്തിൽ ലംബമായി പതിക്കുന്നതുമൂലം അവിടെ ചൂടു കൂടുതലായിരിക്കുകയും വേനൽ അനുഭവപ്പെടുകയും ചെയ്യുന്നു. ദക്ഷിണാര്‍ദ്ധഗോളത്തിൽ മറിച്ചും. ദക്ഷിണ അയനാന്തത്തിൽ (ഡിസംബര്‍ 21) ദക്ഷിണാര്‍ദ്ധഗോളത്തിൽ പകൽ കൂടുതലും രാത്രി കുറവും ആയിരിക്കും. ഉത്തരാർദ്ധഗോളത്തിൽ തിരിച്ചും.

ജൂൺ അറുതി , വേനൽക്കാല അറുതി

കേരളത്തിൽ മൺസൂൺ ഉള്ളതിനാൽ കടുത്ത വെയിലും ചൂടും നമുക്ക് ഇപ്പോൾ അനുഭവപ്പെടുന്നില്ല. യഥാർത്ഥത്തിൽ മൺസൂൺ മേഘങ്ങൾക്ക് മുകളിൽ കത്തുന്ന സൂര്യൻ ആണുള്ളത്. കേരളം ഉൾപ്പെടുന്ന ഉത്തരാർധ ഗോളത്തിൽ ഇപ്പോൾ രൂക്ഷമായ വേനൽക്കാലമാണ്. പക്ഷേ കാലവർഷം നമുക്ക് മേഘങ്ങളുടെ പന്തൽ ഇടുന്നതിനാൽ ആണ് മഴ ലഭിക്കുന്നതും ചൂട് അനുഭവപ്പെടാത്തതും.

Image credit: Nasa Earth

കാലവർഷം ബ്രേക്ക് ആകുമ്പോൾ (Monsoon Brake) കടുത്ത ചൂട് അനുഭവപ്പെടുന്നത് മേഘങ്ങൾ തൽക്കാലത്തേക്ക് മാറുന്നതുകൊണ്ടാണ്. ഉത്തരായന കാലമാണ് ഉത്തരാർധ ഗോളത്തിൽ വേനൽക്കാലം ആരംഭിക്കുന്ന ദിവസം. അതായത് ഇന്നാണ് ഉത്തരാർധ ഗോളത്തിൽ വേനൽക്കാല ആരംഭം. ഈ ദിവസം – വേനൽക്കാല അറുതി, വടക്കൻ അർദ്ധഗോളത്തിൽ വേനൽക്കാലത്തിൻ്റെ ആരംഭം എന്ന് വിളിക്കുന്നു.

ഈ സമയം കർക്കടകത്തിൻ്റെ ട്രോപ്പിക്ക് സൂര്യനോടും മറ്റേ അറ്റത്ത് മകരത്തിൻ്റെ ഉഷ്ണമേഖലയോടും യോജിക്കുന്നുണ്ട്. ഇത് ജൂൺ 20 അല്ലെങ്കിൽ 21 തീയതികളിൽ വരുന്നു . ഈ ദിവസമാണ് വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകൽ സമയം. കേരളത്തിൽ ഇന്ന് സൂര്യാസ്തമയം ഏകദേശം വൈകിട്ട് 6.50 കഴിയും.

ദക്ഷിണ അയനം

ദക്ഷിണധ്രുവം ഏറ്റവും കൂടുതൽ സൂര്യനിലേക്ക് ചരിഞ്ഞിരിക്കുന്നതും സൂര്യൻ മകരത്തിൻ്റെ ട്രോപ്പിക്കിൽ നേരിട്ട് തലയ്ക്കു മുകളിലൂടെ ദൃശ്യമാകുന്നതുമായ ദിവസമാണ് ഡിസംബറിലെ അറുതി. ഈ ദിവസം- ശീതകാല അറുതി, വടക്കൻ അർദ്ധഗോളത്തിൽ ശൈത്യകാലത്തിൻ്റെ ആരംഭം അടയാളപ്പെടുത്തുന്നു. ഡിസംബർ 20 – നോ 21- നോ ആണ് ഇത് വരുന്നത്. ഈ ദിവസമാണ് വർഷത്തിലെ ഏറ്റവും കുറഞ്ഞ പകൽ സമയം.

വിഷുവം അഥവാ വvernal equinox

സൂര്യൻ നേര്‍കിഴക്ക് ഉദിക്കുന്ന ദിവസമാണ് വിഷുവും. അന്ന് പകലിന്റെയും രാത്രിയുടെയും ദൈർഘ്യം ഭൂമിയിൽ എല്ലായിടത്തും തുല്യമായിരിക്കും. തെക്കുനിന്നും വടക്കോട്ടുള്ള സഞ്ചാരത്തിനിടയിൽ (ഉത്തരായന കാലത്ത്) വരുന്ന വിഷുവം (equinox ) ആണ് മഹാവിഷുവം. കഴിഞ്ഞ വർഷത്തെ വിഷുവത്തെ കുറിച്ചുള്ള ലേഖനം വായിക്കാം.

ഉത്തരാർധ ഗോളത്തിൽ ഇക്കാലത്ത് വസന്തമായതിനാൽ ഇതിനെ വസന്തവിഷുവം എന്നും ഇത് സംഭവിക്കുന്നത് മാര്‍ച്ച് 20ന് ആയതിനാൽ ഇതിനെ മാര്‍ച്ച് വിഷുവം എന്നും വിളിക്കുന്നു. ദക്ഷിണായനത്തിൽ സംഭവിക്കുന്ന വിഷുവമാണ് അപരവിഷുവം. ഇത് സെപ്തംബർ 23ന് ആണ് സംഭവിക്കുന്നത്.

വിഷുവും വര്‍ഷാരംഭവും
ഏകദേശം 2500 വര്‍ഷങ്ങള്‍ക്കു മുമ്പ്, സൂര്യൻ മേടം നക്ഷത്രഗണത്തിന്റെ തുടക്കത്തിൽ (മേഷാദിയിൽ) എത്തുന്ന സമയം ആയിരുന്നു വിഷുവം സംഭവിച്ചിരുന്നത്. അതിനാൽ വര്‍ഷാരംഭമായി വസന്തവിഷുവത്തെ പരിഗണിച്ചിരുന്നു. എ.ഡി. 825-ൽ മലയാളം കലണ്ടര്‍ തയ്യാറാക്കിയപ്പോഴും മേടം 1 തന്നെ വിഷുവദിനമായി പരിഗണിച്ചു. ഇന്നും നാം ഈ ദിവസത്തെ വിഷു ആയി കരുതി ആഘോഷിച്ചുവരുന്നു.

വിഷുവിന്റെ മാറ്റം

പമ്പരം കറങ്ങുമ്പോൾ അതിന്റെ തണ്ടിന് ഒരു ആട്ടമുണ്ടാകാറുണ്ടല്ലോ, അതുപോലെ ഭൂമിയുടെ അച്ചുതണ്ടിനുണ്ടാകുന്ന ഒരു ആട്ടം മൂലം (പുരസ്സരണം) വിഷുവസ്ഥാനം ഓരോ 72 വര്‍ഷം കൂടൂമ്പോഴും ഏകദേശം 1‍ ഡിഗ്രി വീതം പടിഞ്ഞാറേക്ക് മാറും. അതായത് വിഷു ഏകദേശം ഒരു ദിവസം പിന്നിലേക്ക് മാറും. അതിനുസരിച്ച് വിഷുവസ്ഥാനവും സമയവും മാറും. അങ്ങനെ മാറിയതിനാൽ നിലവിലെ വിഷുവസ്ഥാനം മേടത്തിന്റെ തുടക്കത്തിൽ നിന്നും മീനത്തിലെത്തി നില്ക്കുകയാണ്.

മീനം 7നാണ് ഈ വര്‍ഷത്തെ വസന്തവിഷുവം. എ.ഡി. 2600 ആകുമ്പോഴേക്കും വിഷുവം കുംഭത്തിൽ എത്തും. നക്ഷത്രരാശികളുടെ ആധുനിക സ്ഥാന നിര്‍ണ്ണയപ്രകാരം ബി.സി. 68ൽ ആണ് വിഷുവസ്ഥാനം മീനത്തിൽ എത്തിയത്. ബി.സി. 1866ൽ അത് ഇടവത്തിൽ നിന്നും മേടത്തിലേക്ക് മാറി.

കണിക്കൊന്നയ്ക്ക് കലണ്ടര്‍ നോക്കേണ്ട
ഏകദേശം 1500 വർഷങ്ങള്‍ക്കു മുമ്പ് മേഷാദിയിൽ ആയിരുന്നു വിഷുവം എന്ന് പറ‍ഞ്ഞല്ലോ. അതിനാൽ മേടം 1ന് വിഷു വരുന്ന രീതിയിൽ ആണ് കൊല്ലവര്‍ഷ കലണ്ടര്‍ തയ്യാറാക്കിയത്.

കലണ്ടര്‍ തയ്യാറാക്കുന്നസമയത്ത് വിഷുവമാറ്റം പരിഗണിക്കാതിരുന്നതോ, അഥവാ പുരസ്സരണം എന്ന പ്രതിഭാസം നമുക്ക് മനസ്സിലാകാതിരുന്നതോ ആകണം മേടം 1 തന്നെ വിഷുവമായി കൊല്ലവര്‍ഷ കലണ്ടറിൽ നിശ്ചയിക്കാൻ കാരണം. പിന്നീടു വന്നവരാരും തന്നെ കലണ്ടര്‍ പരിഷ്കരിക്കാൻ താല്പര്യം കാട്ടിയതുമില്ല. എന്തായാലും മീനം 7ന്റെ വിഷു നാമിപ്പോഴും മേടം 1ന് ആഘോഷിക്കുന്നു. എന്നാൽ വിഷു കൃത്യമായി ആഘോഷിക്കുന്ന ഒരു കൂട്ടരുണ്ട്, നമ്മുടെ കണിക്കൊന്ന. അത് കൃത്യം മീനമാസം തന്നെ പൂത്തുലയുന്നത് നാം കാണാറുള്ളതാണല്ലോ.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page






Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment