മഴ മാറി മാനംതെളിഞ്ഞതോടെ കേരളത്തിൽ വീണ്ടും സൂര്യനു ചുറ്റും 22 ഡിഗ്രി ഹാലോ പ്രതിഭാസം. വടക്കൻ കേരളത്തിലാണ് ഇന്ന് സൂര്യന് ചുറ്റും വലയം ദൃശ്യമാകുന്ന ഹാലോ പ്രതിഭാസം ഇന്ന് കാണാനായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഹാലോ പ്രതിഭാസം ഉച്ചയോടെ ദൃശ്യമായി. ഇന്ന് വടക്കൻ കേരളത്തിൽ അന്തരീക്ഷത്തിൽ ഐസ് പരലുകളുള്ള ഉയർന്ന മേഘങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതാണ് പ്രതിഭാസത്തിലേക്ക് നയിച്ചതെന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്.
എന്താണ് ഹാലോ?
അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഐസ് പരലുകളോ, ഈർപ്പ കണങ്ങളിലൂടെയോ പ്രകാശ സ്രോതസ്സിൽ നിന്നുള്ള വെളിച്ചം കടന്നുപോകുമ്പോഴുള്ള ദൃശ്യ പ്രതിഭാസമാണ് ഹാലോ. പ്രഭാവലയം എന്നർഥം വരുന്ന ഗ്രീക്ക് പദമാണിത്. സൂര്യനും ചന്ദ്രനും ചുറ്റുമാണ് സാധാരണ ഇത് പ്രത്യക്ഷപ്പെടുക. വൃത്താകൃതിയിൽ രൂപപ്പെടുന്ന ഇവയെ 22 ഡിഗ്രി ഹാലോ എന്നാണ് വിളിക്കുന്നത്. ഹാലോയും കാലാവസ്ഥയുമായി ബന്ധമുണ്ട്. ഹാലോയുണ്ടെങ്കിൽ മഴസാധ്യതയും ഉണ്ടെന്നായിരുന്നു ആദ്യകാലത്തെ കാലാവസ്ഥാ നിരീക്ഷകർ പറയാറുള്ളത്. സിറോസ്ട്രാറ്റസ് മേഘങ്ങളുടെ സാന്നിധ്യമാണ് സാധാരണ ഹാലോകൾ സൂചിപ്പിക്കുന്നത്. ഈ മേഘങ്ങൾ മഴപെയ്യിക്കില്ലെങ്കിലും മഴക്ക് കാരണമാകുന്ന മേഘരൂപീകരണത്തിന് അന്തരീക്ഷത്തിന്റെ ഈർപ്പക്കൂടുതൽ കാരണമാകാറുണ്ട്. ട്രോപോസ്ഫിയറിലെ സിറസ്, സിറോസ്ട്രാറ്റസ് മേഘങ്ങളിലാണ് സാധാരണ ഐസ് പരലുകൾ രൂപം കൊള്ളുന്നത്.