തുലാവർഷം ഞായറാഴ്ചയോടെ കേരളത്തിൽ

വടക്കു കിഴക്കൻ മൺസൂൺ (തുലാവർഷം) ശനിയാഴ്ച മുതൽ തെക്കേ ഇന്ത്യയിൽ ലഭിച്ചു തുടങ്ങും. ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ തമിഴ്നാട് മേഖലകളിൽ ശനിയാഴ്ച രാവിലെ മുതൽ തന്നെ മഴക്ക് സാധ്യത. സിത്രാങ് ചുഴലിക്കാറ്റ് ബംഗ്ലാദേശിൽ കരകയറിയതിനു ശേഷം ബംഗാൾ ഉൾക്കടലിലെ കാറ്റിന്റെ പാറ്റേണിൽ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസം ബംഗാൾ ഉൾകടലിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ രൂപപ്പെടുന്ന ചക്രവാത ചുഴി തമിഴ്നാട്ടിലേക്ക് തുലാവർഷക്കാറ്റിനെ എത്തിക്കും എന്നാണ് നിരീക്ഷണം. തെക്കൻ ചൈന കടൽ മുതൽ ബംഗാൾ ഉൾക്കടൽ വരെ ഈർപ്പ പ്രവാഹം അന്തരീക്ഷത്തിന്റെ താഴ്ന്ന , മിഡ് ലെവലുകളിൽ ദൃശ്യമാകുന്നുണ്ട്. ഇത് തുലാവർഷത്തിന് അനുകൂലമാണ്. ട്രിപ്പിൾ ലാ നിന തുടരുന്നത് തമിഴ്നാട് ഉൾപ്പെടെ തുലാവർഷം ശക്തിപ്പെടാൻ ഇടയാക്കും. കേരളത്തിൽ ശനിയാഴ്ച രാത്രിയോ ഞായറാഴ്ചയോ തുലാവർഷത്തിന്റെ ഭാഗമായുള്ള മഴ ലഭിച്ചു തുടങ്ങും. കേരളത്തിന്റെ കിഴക്കൻ മേഖലയിൽ ഈ മാസം 30ന് ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇടിയോട് കൂടെയുള്ള മഴ കിഴക്കൻ മലയോര മേഖലകളിലും ഇടനാട് പ്രദേശങ്ങളിലും ലഭിക്കുമെന്നാണ് ഞങ്ങളുടെ നിരീക്ഷണം. നവംബർ ആദ്യവാരത്തിലും മഴ തുടരും . നവംബർ രണ്ടാം വാരത്തിനു ശേഷം ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത. ഇക്കാര്യം സ്ഥിരീകരിക്കാൻ ആയിട്ടില്ല. കേരളത്തിന്റെ മലയോരമേഖലകളിൽ തുലാവർഷക്കാലത്ത് ജാഗ്രത പുലർത്തേണ്ടിവരും. ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ഇടിമിന്നൽ ജാഗ്രതയും തുടരണം. കൂടുതൽ വിവരങ്ങൾ അടുത്തദിവസത്തെ റിപ്പോർട്ടുകളിലും ഞങ്ങളുടെ ഫേസ്ബുക്ക് പേജിലും (Metbeat Weather, WeathermanKerala) പിന്തുടർന്നാൽ ലഭിക്കും.

Leave a Comment