ഭൂചലനം കേരളത്തിൽ നിന്ന് 425 കി.മി അകലെ: സുനാമി മുന്നറിയിപ്പ് ഇല്ല
ലക്ഷദ്വീപിനും മാലദ്വീപിനും ഇടയിൽ അറബിക്കടലിൽ രാത്രിയുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് ഇല്ല. ഇന്ത്യയുടെ ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രമോ അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളോ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
മിനിക്കോയിലെ ബോയെ ( കടൽ കാലാവസ്ഥാ നിരീക്ഷണ ഉപകരണം) യിൽ ഉയർന്ന തിരമാല രേഖപ്പെടുത്തിയെങ്കിലും അത് സാധാരണ ഗതിയിൽ ആയെന്ന് Metbeat Weather ലെ ഓഷ്യനോ ഗ്രാഫർ പറഞ്ഞു.
കേരളത്തിലെ ബേപ്പൂർ, അദാനി തുറമുഖം ഉൾപ്പെടെ കടൽ തിരമാലകളിൽ വ്യതിയാനമില്ലന്ന് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിലെ തൽസമയ ഡാറ്റ സാക്ഷ്യപ്പെടുന്നു. തിരുവനന്തപുരത്തുനിന്ന് ഏകദേശം 425 കി.മി അകലെ മാലദ്വീപിലെ കുൽഹുദുഫുഷിക്ക് അടുത്താണ് ഭൂചലനം ഉണ്ടായത്. ഇവിടെ നിന്ന് 203 കിലോമീറ്റർ അകലെയാണ് മിനിക്കോയി ദ്വീപുള്ളത്.
കുൽഹുദുഫുഷി ഉൾപ്പെടെ മാല ദ്വീപിലെ വിവിധ ഇടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാത്രി 8:56 നാണുണ്ടായത്. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഭൂചലന നിരീക്ഷണ ഏജൻസികളും ഇത് സ്ഥിരീകരിച്ചു.
കടലിലെ ഭൂചലനം സംബന്ധിച്ച് വിവരം ലഭിച്ചതായും മാലദ്വീപിൽ എന്തെങ്കിലും നാശനഷ്ടം ഉണ്ടാകാൻ ഇടയില്ലെന്നും മാലദ്വീപ് കാലാവസ്ഥാ ഏജൻസി അറിയിച്ചു.
മാല ദ്വീപിൽ നിന്നും 216 കി.മി അകലെ ഇന്നു രാത്രി 8:26നാണ് ഭൂചലനം ഉണ്ടായതെന്ന് ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകർ അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയാണ് പ്രഭവ കേന്ദ്രം.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.